തിരുവനന്തപുരം: വി. എസ് അച്യുതാനന്ദൻ തിരുവനന്തപുരത്ത് ഒറ്റപ്പെട്ട അവസ്ഥയിൽ. ആലപ്പുഴയിലെ സിപിഐ(എം) സംസ്ഥാനസമ്മേളന വേദിയിൽനിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോന്ന്, തിരുവനന്തപുരത്തു കന്റോൺമെന്റ് ഹൗസിൽ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ വസതിയിലും പരിസരത്തും ആളും അനക്കവുമില്ല.

ആലപ്പുഴയിൽ പുന്നപ്രയിലെ വസതിയിലായിരുന്നപ്പോൾ പാർട്ടി പ്രവർത്തകരുടെ ബഹളവും പ്രകടനവും ആൾക്കൂട്ടവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് കന്റോൺമെന്റ് ഹൗസിൽ താമസമാക്കിയതിനു ശേഷം ആദ്യമായി അവിടം ശോകമൂകമായി. വി എസിനെ സന്ദർശിക്കാൻ ആരും തയാറാവുന്നില്ല. ആരുവന്നാലും മാദ്ധ്യമപ്രവർത്തകരുടെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുമെന്നുള്ളതു കൊണ്ട് ആരുമതിനു ധൈര്യം കാണിക്കുന്നുമില്ല.

പ്രതിപക്ഷനേതാവിന്റെ മുപ്പതോളം സ്റ്റാഫുകളും വി എസിനെ കൈവിട്ട അവസ്ഥയാണ്. പാർട്ടി സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതു കടന്നകൈയായിപ്പോയെന്ന അഭിപ്രായമാണ് അവരിൽ ബഹുഭൂരിപക്ഷത്തിനും. തന്റെ നിലപാടു വിശദീകരിക്കാനും കത്തിടപാടുകൾ നടത്താനും പണ്ട് പുറത്തായ ഐ ടി ഉപദേശകൻ ജോസഫ് സി മാത്യുവിനെയും പഴയ സ്റ്റാഫ് ശശിധരനെയും വിളിപ്പിച്ചത് ഇപ്പോഴത്തെ സ്റ്റാഫിന്റെ സഹകരണക്കുറവും വിശ്വസ്തതയില്ലായ്മയും കണക്കിലെടുത്താണത്രേ. പാർട്ടി കേന്ദ്രനേതാക്കളിൽനിന്നുള്ള പ്രതികരണങ്ങൾക്കു കാതോർക്കുകയല്ലാതെ വി എസിന് ഇപ്പോൾ മറ്റൊന്നും ചെയ്യാനില്ല. സ്റ്റാഫുകളെ ഏല്്പിക്കാൻ പ്രത്യേകിച്ചു പണികളുമില്ല.

സി പി എം സംസ്ഥാനസെക്രട്ടറിയായി ഇന്നു രാവിലെ ചാർജെടുത്ത കോടിയേരി ബാലകൃഷ്ണൻ വി എസുമായി ബന്ധപ്പെടുമോയെന്നാണറിയാനുള്ളത്. വി എസിനെ പാർട്ടിക്കൊപ്പം കൂട്ടുകയെന്ന ലക്ഷ്യം കോടിയേരിക്കുള്ളതിനാൽ വി എസ് കാര്യത്തിൽ മഞ്ഞുരുകുമെന്ന പ്രത്യാശയാണ് പാർട്ടിപ്രവർത്തകർക്കിടയിലുള്ളത്. ചരിത്രത്തിലാദ്യമായി അച്യുതാനന്ദൻ സി പി എം സംസ്ഥാനസമിതിയംഗം പോലുമല്ലാതിയിരിക്കുകയാണ്. കോട്ടയത്തു നടക്കുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ പങ്കെടുക്കുന്നത് ശ്രദ്ധാപുർവമാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 28 നു നടക്കുന്ന, കേരളവികസനം പുതിയ പരിപ്രേക്ഷ്യം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുന്നതു വി എസ് ആണ്. സിപിഐയുടെ സമ്മേളനത്തിൽ മുതിർന്ന സി പി എം നേതാവ് പങ്കെടുക്കുന്നതു പതിവാണെങ്കിലും ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിൽ വി എസ് എങ്ങനെയാണ് പ്രതികരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല നിലപാടുകളും വിഎസിന്റെയും സിപിഐയുടെയും സമാനമാണ്. പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയിൽ സി പിഐ സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രനുൾപ്പെടെയുള്ളവർ വി എസിനെയാണ് പിന്തുണച്ചത്.

ഇതിനിടെ ആം ആദ്മി പാർട്ടി നേതാക്കളും സി എം പിയുമൊക്കെ വി എസിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആ ഭാഗത്തേക്കെങ്ങും വി എസ് തിരിഞ്ഞുനോക്കുമെന്ന് ആരും കരുതുന്നില്ല.