തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കാൻ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തെന്ന് വിഎസിന്റെ ഓഫിസ് അറിയിച്ചു.

10.10 ലക്ഷം രൂപ വി എസ് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജ് ഷിബു ഡാനിയലാണ് വിധി പ്രസ്താവിച്ചത്.

2013 ലാണ് കേസിനാസ്പദമായ വിവാദ പരാമർശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.

ഈ പരാമർശത്തിൽ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മൻ ചാണ്ടി കേസ് നൽകിയത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10.10 ലക്ഷം രൂപയായി.

ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നും വി എസ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മൻ ചാണ്ടി 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്.