തിരുവനന്തപുരം: റിപ്പോർട്ടർ ടിവി വൈസ് ചെയർമാൻ ലാലി ജോസഫിന്റെ ഓഹരികൾ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസിൽ എംവി നികേഷ് കുമാറിനെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഡിജിപി ടിപി സെൻകുമാറിന് നൽകിയ കത്തുപുറത്ത്. നികേഷും ഭാര്യ റാണിയും നടത്തിയ ഓഹരി തട്ടിപ്പിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ശക്തമായ അന്വേഷണവും നടപടിയുമാണ് വി എസ് ആവശ്യപ്പെടുന്നത്.

വിഎസിന്റെ കത്തിന്റെ വരികൾ ഇങ്ങനെ- ' റിപ്പോർട്ടർ ടിവി വൈസ് ചെയർമാൻ ലാലി ജോസഫിനെ റിപ്പോർട്ടർ ടിവിയിൽ ഡയറക്ടർ ആക്കാമെന്നും സിംഹഭാഗം ഇക്വറ്റി ഓഹരികൾ നൽകാമെന്നും ഉറപ്പു നൽകി റിപ്പോർട്ടർ ടിവി തുടങ്ങുന്നതിന് വേണ്ടി ശ്രീമതി ലാലി ജോസഫിന്റെ കൈയിൽ നിന്നും ഒന്നരക്കോടി രൂപ വാങ്ങിയ ശേഷം കമ്പനിയുടെ ഘടന രഹസ്യമായി മാറ്റി നികേഷും ഭാര്യ റാണിയും മാത്രം ഡയറക്ടറായി തട്ടിപ്പ് നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം.

ശ്രീമതി ലാലി ജോസഫിന് നൽകിയ ഇക്വിറ്റി ഷെയറുകൾ വ്യാജ രേഖ ചമച്ച് ക്രിമിനൽ ഗൂഢാലോചന നടത്തി നികേഷ് കുമാർ തട്ടിയെടുത്തു എന്ന് തൊടുപുഴ ഡിവൈഎസ്‌പിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെ തുടർന്ന് തൊടുപുഴ പൊലീസ് നികേഷിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും നികേഷ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. നികേഷ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാൻ ഇതോടൊപ്പം നൽകുന്നു. സ്വാധീനങ്ങൾക്ക് വഴങ്ങാതെ ഈ ഓഹരിത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഡിജിപിയോട് വി എസ് ആവശ്യപ്പെടുന്നു' .

റിപ്പോർട്ടർ ടിവി വൈസ് ചെയർമാൻ ലാലി ജോസഫ് കന്റോൺമെന്റ് ഹൗസിലെത്തി വിഎസിനെ കണ്ട് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വി എസ് ഡിജിപിക്ക് കത്ത് നൽകിയത്. മാർച്ച് എട്ടിനാണ് കത്ത് നൽകിയത്. അതായത് അഴിക്കോട് ഇടതു മുന്നണി സ്ഥാനാർത്ഥിയായി നികേഷിനെ പരിഗണിക്കാൻ തുടങ്ങിയ ശേഷമായിരുന്നു ഇത്. കണ്ണൂർ ജില്ലയിൽ പര്യടനത്തിന് എത്തിയ വി എസ് നികേഷിന് വേണ്ടി വോട്ട് ചോദിച്ചതുമില്ല. ഇതോടെ വിഎസിന്റെ കത്തിന് പുതിയമാനങ്ങൾ കൈവരുകയാണ്. നികേഷിന് വിഎസിന്റെ പിന്തുണയില്ലെന്ന തരത്തിലാണ് പ്രചരണങ്ങൾ.

നികേഷ്‌കുമാറിനെതിരായ വഞ്ചനാക്കേസിൽ സ്റ്റേ നീക്കണമെന്ന് സർക്കാർ ഇന്നലെ നിലപാട് എടുത്തിരുന്നു. ഹൈക്കോടതിയിലാണ് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടത്. തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വ്യക്തിക്കെതിരായ അന്വേഷണം തടസ്സപ്പെടുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടവരുത്തുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നികേഷിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇന്തോ ഏഷ്യൻ ന്യൂസ് ചാനലിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം 28 വരെ ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. എന്നാൽ അഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥിയ്‌ക്കെതിരെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത് പുറത്തുവരുന്നത്. റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തത്. റിപ്പോർട്ടർ ചാനലിന്റെ മാതൃസ്ഥാപനമായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ തുടങ്ങാനെന്ന പേരിൽ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. എസ്‌പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്‌പി ജോൺസൺ ജോസഫിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരുമെന്നും നിലപാട് എടുത്തു. ഇതിനിടെ അഴിക്കോട് മണ്ഡലത്തിൽ നികേഷിനെ ഇടത് സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) തീരുമാനിച്ചു. നികേഷിനെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമവും സജീവമായി. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാൻ നികേഷ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സ്‌റ്റേ അനുവദിച്ചു. ഈ കേസിൽ ഹൈക്കോടതി നടപടി തീരും വരെ ഇനി നികേഷിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് കഴിയില്ല.