- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിലെ പൊലീസ് അതിക്രമം; മൂപ്പന്റെ മകൻ മുരുകന് ജാമ്യം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്ത വി എസ് മുരുകന് ജാമ്യം. ഊരുമൂപ്പൻ ചൊറിയാന്റെ മകനായ മുരുകൻ അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ കൂടിയാണ് .
ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ഊരിലെത്തിയ പൊലീസ് സംഘമാണ് അടിപിടിക്കേസിൽ പ്രതികളെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച ഊരു മൂപ്പൻ ചൊറിയനെയും (65) മകൻ വി എസ്. മുരുകനെയും (44) അറസ്റ്റ് ചെയ്തത്. രാവിലെ ആറരയോടെയാണ് ഷോളയൂർ ഇൻസ്പെക്ടർ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി പൊലീസ് സംഘം ഊരിലെത്തിയത്.
കഴിഞ്ഞ മൂന്നിന് ഊരിലെ കുറുന്താചലം എന്ന യുവാവിനെ മർദിച്ചു പരുക്കേൽപിച്ചെന്ന കേസിൽ പ്രതികളാണ് ചൊറിയനും മുരുകനും. ഇവരെ കസ്റ്റഡിയിലെടുക്കുന്നതു കുടുംബാംഗങ്ങളും ഊരിലെ സ്ത്രീകളും കുട്ടികളുമടക്കം എതിർത്തു. ബഹളത്തിനിടയിൽ മുരുകന്റെ ഭിന്നശേഷിക്കാരനും വിദ്യാർത്ഥിയുമായ മകനെ പൊലീസ് മർദിച്ചതായും പരാതിയുണ്ട്.
ആദിവാസി മൂപ്പൻസ് അസംബ്ലി സെക്രട്ടറിയും മൂപ്പൻസ് കൗൺസിൽ അംഗവുമാണ് ചൊറിയൻ മൂപ്പൻ. നേരത്തെ സിപിഐയുടെ നേതൃത്വത്തിലുള്ള ആദിവാസി സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു.
പൊലീസ് നടപടിക്കെതിരെ ആദിവാസി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഷോളയൂർ പൊലീസ് സ്റ്റേഷന്റെയും അഗളി എഎസ്പി ഓഫിസിന്റെയും മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് നടപടി സംബന്ധിച്ചുള്ള ആദിവാസികളുടെ പരാതിയിൽ അന്വേഷണം നടത്താമെന്ന അഗളി എഎസ്പി പദംസിങ്ങിന്റെ ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ ആദിവാസി മൂപ്പൻസ് കൗൺസിൽ പ്രസിഡന്റ് കുട്ടിയണ്ണൻ മൂപ്പൻ പ്രതിഷേധിച്ചു.
പൊലീസ് നടപടി സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ബലം പ്രയോഗിച്ചു നടത്തിയ അറസ്റ്റിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ