- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ സുനിൽ കുമാർ വേണമെന്ന നിലപാടിൽ സിപിഎം; കൃഷി മന്ത്രിക്ക് നാലാം തവണയും നിയമസഭാ മത്സരത്തിന് അനുമതി കിട്ടിയേക്കും; രാജുവിനും തിലോത്തമനും ചന്ദ്രശേഖരനും സാധ്യത കുറവ്; നെടുമങ്ങാടിനെ കീഴടക്കാൻ വീണ്ടും ദിവാകരനെത്തും; ടേം നിബന്ധനയിൽ നിന്ന് സിപിഐയിലെ 'വി എസ്' ഇളവ് നേടും
തിരുവനന്തപുരം: സിപിഐയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടുക രണ്ട് മന്ത്രിമാർക്ക് മാത്രം. പിണറായി മന്ത്രിസഭയിലെ നാലു പേരും ടേം നിബന്ധന പിന്നിട്ടതിനാൽ എല്ലാവർക്കും ഇളവ് നൽകില്ല. എന്നാൽ തൃശൂരിൽ വി എസ് സുനിൽ കുമാർ തന്നെ മത്സരിക്കണമെന്നതാണ് സിപിഎമ്മിന്റേയും ആഗ്രഹം. ഇക്കാര്യം അനൗദ്യോഗികമായി സിപിഐയെ അവർ അറിയിക്കും. ജയസാധ്യത കണക്കിലെടുത്താണ് ഇത്.
തുടർച്ചയായി 2 തവണ ജയിക്കുന്നവർ മാറി നിൽക്കണമെന്നാണ് സിപിഐ ചട്ടം. ജയസാധ്യത കണക്കിലെടുത്ത് മൂന്നാമതും അവസരം നൽകണമെങ്കിൽ അക്കാര്യം ജില്ലാ നേതൃത്വം ശുപാർശ ചെയ്യുകയും സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും വേണം. ചേർത്തല, പുനലൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങൾ ഇടതു മുന്നണിക്ക് മേൽക്കൈയുള്ള സീറ്റാണ് എന്നതിനാൽ വിജയത്തിന് മന്ത്രിമാരുടെ സാന്നിധ്യം അനിവാര്യമല്ല. അതേസമയം തൃശൂരിൽ സുനിലിന്റെ സ്ഥാനാർത്ഥിത്വം ഘടകമാണ്. സിപിഎമ്മിനും ഇതേ നിലപാടാണുള്ളത്. അതുകൊണ്ട് സുനിൽകുമാറിന് നറുക്ക് വീഴാനാണ് സാധ്യത. തൃശൂരിൽ വ്യക്തിപരമായ മികവ് കാരണമാണ് സുനിൽകുമാർ ജയിച്ചത്.
മന്ത്രിമാരായ കെ.രാജു (പുനലൂർ), പി.തിലോത്തമൻ (ചേർത്തല), വി എസ്. സുനിൽകുമാർ (തൃശൂർ) എന്നിവർ കഴിഞ്ഞ തവണ തന്നെ മത്സരിച്ചത് പ്രത്യേക ഇളവ് വാങ്ങിയാണ്. 3 തവണ കഴിഞ്ഞു നാലാം തവണയ്ക്കും ഇളവ് നൽകണമെങ്കിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഉദാരമായ നിലപാട് എടുക്കേണ്ടി വരും. മന്ത്രി ഇ.ചന്ദ്രശേഖരനും (കാഞ്ഞങ്ങാട്) 2 ടേം പൂർത്തിയാക്കി. പുനലൂരും ചേർത്തലയും കാഞ്ഞങ്ങാട്ടും ആരെ നിർത്തിയാലും ജയിക്കാമെന്ന നിലപാടിലാണ് സിപിഐ. യുവാക്കൾക്ക് ഇവിടെ അവസരം നൽകും.
ക്ലീൻ ഇമേജാണ് സുനിൽകുമാറിന് കരുത്ത്. കൃഷി മന്ത്രി എന്ന നിലയിലെ പ്രവർത്തനവും മികച്ചതാണ്. സിപിഎമ്മുമായും നല്ല ബന്ധമുണ്ട്. അതുകൊണ്ട് തൃശൂരിൽ സുനിൽ കുമാറിന് അനായാസ വിജയം ഉണ്ടാകുമെന്നാണ് ഇടത് കേന്ദ്രങ്ങൾ കണക്കു കൂട്ടുന്നത്. ബിജെപിയുടെ വോട്ട് പിടിക്കലും സുനൽകുമാറിന് മറികടക്കാാകുമെന്നാണ് വിലയിരുത്തൽ.
മന്ത്രിമാരായി വോട്ടു തേടുന്നത് 4 പേരും ഇതാദ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം നൽകണമെന്ന വാദവും സജീവമാണ്. നെടുമങ്ങാട്ടെ എംഎൽഎയായ സി ദിവാകരനും മൂന്ന് ടേമിൽ തുടർച്ചയായി എംഎൽഎയായി. ദിവാകരനെ മാറ്റാൻ സാധ്യതയില്ലെന്നാണ് സൂചന. നെടുമങ്ങാട്ടെ മത്സരം അതിശക്തമാണ്. ഈ സാഹചര്യമാണ് ദിവാകരന് തുണയാകുന്നത്. മന്ത്രിമാർക്ക് ഇളവ് നൽകിയാൽ, ടേം നിബന്ധന പൂർത്തിയാക്കിയ ദിവാകരനും അനുകൂല്യമുണ്ട്.
അതിനിടെ സിപിഐ മത്സരിക്കുന്ന ചേർത്തലയുമായി തങ്ങൾ മത്സരിക്കുന്ന അരൂർ വച്ചുമാറാൻ സിപിഎമ്മിനു താൽപര്യമെന്നു സൂചനയുണ്ട്. മന്ത്രി പി. തിലോത്തമനാണു ചേർത്തല സിറ്റിങ് എംഎൽഎ. തിലോത്തമൻ ഇത്തവണ മത്സരത്തിനില്ലെങ്കിൽ അരൂർ പകരം നൽകി ചേർത്തല ഏറ്റെടുക്കാനാണു സിപിഎം ആലോചന. നേരത്തേ അരൂരും ഹരിപ്പാടും വച്ചുമാറുമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം.
അരൂരിലെ സംഘടനാ പ്രശ്നങ്ങളാണു സിപിഎമ്മിന്റെ ആശയക്കുഴപ്പത്തിനു പിന്നിൽ. എന്നാൽ, വച്ചുമാറ്റ ആലോചനകളില്ലെന്നാണു ഇരുപക്ഷത്തെയും നേതാക്കൾ പുറമേ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ