- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയറ്റിനു മുന്നിലെ നിൽപ്പുസമരത്തിനു പുല്ലുവില; മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിക്കരികിലെ കിടപ്പുസമരം 'തുടങ്ങുംമുമ്പേ' പരിഹരിച്ചു: രാഷ്ട്രീയ വിലപേശലുകൾ സമരങ്ങളുടെ മാനം നിശ്ചയിക്കുന്നതിങ്ങനെ
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രസഭ മാസങ്ങളായി നിൽപ്പ് സമരത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വരെ സമരപന്തലിൽ എത്തി സികെ ജാനുവിനേയും കൂട്ടരേയും ആശ്വസിപ്പിച്ച് മടങ്ങി. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല സമിതിയേയും നിയോഗിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇപ്പോഴും നിൽപ്പ് തുടരുന്നു. രാഷ്ട്
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ ആദിവാസി ഗോത്രസഭ മാസങ്ങളായി നിൽപ്പ് സമരത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വരെ സമരപന്തലിൽ എത്തി സികെ ജാനുവിനേയും കൂട്ടരേയും ആശ്വസിപ്പിച്ച് മടങ്ങി. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല സമിതിയേയും നിയോഗിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇപ്പോഴും നിൽപ്പ് തുടരുന്നു. രാഷ്ട്രീയ വിലപേശലുകൾക്ക് അറിയാത്തതുകൊണ്ടാണ് നിൽപ്പ് സമരത്തിന് ഈ ഗതി വന്നതെന്ന് തെളിവാകുകയാണ്. കാരണം നിൽപ്പ് സമരത്തിന്റെ മാതൃകയിൽ അവരിപ്പിച്ച കിടപ്പ് സമരത്തിന് മണിക്കൂറുകൾ മാത്രമേ ആയുസുണ്ടായുള്ളൂ. അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ടു. സമരം പിൻവലിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ വി എസ്.ഡി.പിയുടെ നേതൃത്വത്തിൽ ആരംഭിച്ച കിടപ്പ് സമരമാണ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത് രാവിലെ മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം ചേർന്ന് ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെ സമരം രാവിലെ സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ പി സി ജോർജ്ജ് ഉദ്ഘാടനത്തിന് എത്തിയില്ല.
അതിന് മുമ്പായി തന്നെ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായി പ്രശ്‌നം അവസാനിപ്പിച്ചു. പിസി ജോർജ്ജ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്ത് വരുന്നത് ഇതാദ്യമാണെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. അതൊഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുത്തതോടെ സമരം തീർന്നു. പിസി ജോർജ്ജിന്റെ വിവാദ പ്രസ്താവനയും ഒഴിവായി. വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാർച്ച് 12 പൊതു അവധിയായി പ്രഖ്യാപിക്കുക, വിദ്യാഭ്യാസമേഖലയിൽ നാടാർക്ക് അഞ്ചു ശതമാനം സംവരണം നടപ്പിലാക്കുക, ഭൂരഹിതതരായ നാടാർ സമുദായങ്ങൾക്ക് ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിടപ്പു സമരം. വി എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു പിസി ജോർജ്ജിന്റെ പിന്തുണയോടെയുള്ള സമരം.
എന്നാൽ പിസി ജോർജ്ജില്ലാത്തതുകൊണ്ടാകണം നിൽപ്പ് സമരത്തോട് സർക്കാരിന് താൽപ്പര്യമില്ല. വി എസ്ഡിപിക്കാകട്ടെ തിരുവനന്തപുരത്തെ ചില പോക്കേറ്റുകളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നേരിട്ട് സ്വാധീനിക്കാനും വി എസ്ഡിപിക്ക് കഴിയും. ഒന്ന് രണ്ട് നിയമസഭാ മണ്ഡലത്തിലും ശക്തിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാകുമെന്ന അഭിപ്രായവും വിഷ്ണുപുരത്തിനുണ്ട്. ഇതിനൊപ്പമാണ് പിസി ജോർജ്ജിന്റെ അഴിമതി വിരുദ്ധ കൂട്ടായ്മയുമായുള്ള ബന്ധം. ഇതുകൊണ്ട് തന്നെ വി എസ്ഡിപി സമരത്തിന് എത്തിയാൽ ഇടപെടും. ഇല്ലെങ്കിൽ പിസി ജോർജ്ജ് പറയുന്നത് നാട്ടുകാർ കേൾക്കും. അപ്പോൾ പിന്നെ അത്തരമൊരു സമരം അതു പുതുപ്പള്ളിയിലെ കുടുംബ വീട്ടിന് മുന്നിൽ വേണ്ട. അതുകൊണ്ട് ചർച്ചയും ഒത്തുതീർപ്പും മണിക്കൂറുകൾ കൊണ്ട് നടന്നു.
എന്നാൽ ഇതൊന്നും നിൽപ്പുസമരത്തിന് ഈ രാഷ്ട്രീയ അവകാശവാദമൊന്നുമില്ല. പാവപ്പെട്ട ആദിവാസികളാണ് നിൽക്കുന്നത്. തിരിഞ്ഞു നോക്കിയാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഇതേ ഭരണകൂടത്തിന്റെ നിലപാട്. ആദിവാസി ഭൂമി പാക്കേജ് നടപ്പാക്കണമെന്നും മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ആദിവാസി ഊരുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിൽപ്പ് സമരം നടത്തുന്നത്. ഇവർക്കും ഉറപ്പ് കൊടുക്കാം. കാരണം ന്യായമായ കാര്യങ്ങളേ അവർ ഉന്നയിക്കുന്നൂള്ളൂ. സംവരണമോ അവധിയോ പോലുള്ള പ്രശ്‌നമൊന്നുമില്ല താനും. പണ്ട് നൽകിയ ഉറപ്പ് പാലിക്കണം. അതു ചെയ്യുമെന്ന് പറയാൻ പോലും ആരുമില്ല. അതാണ് രാഷ്ട്രീയ കരുത്തില്ലാത്ത സമരങ്ങളുടെ ഗതി.
2003ൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ആദിവാസി സമരത്തെ തുടർന്ന് സർക്കാർ അംഗീകരിച്ച ഭൂമി പാക്കേജ് നടപ്പിലാക്കണമെന്നാണ് നിൽപ്പ് സമരം നടത്തുന്ന ഗോത്രമഹാസഭയുടെ പ്രധാന ആവശ്യം. ഒരേക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകാമെന്നായിരുന്നു അന്ന് സർക്കാർ വാഗ്?ദാനം. എന്നാൽ അത് നടപ്പിലായില്ലെന്ന് മാത്രമല്ല, ആദിവാസികൾക്കായി കണ്ടെത്തിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. കരാറിന്റെ ഭാഗമായി ഏറ്റെടുത്ത ആറളം ഫാമിലെ ഭൂമി സ്വകാര്യവ്യക്തികൾക്ക് പൈനാപ്പിൾ കൃഷിക്ക് പാട്ടത്തിനു കൊടുക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിൽപ്പ് സമരം നടത്താൻ ആദിവാസികൾ തീരുമാനിച്ചത്.
മുത്തങ്ങയിൽ നിന്ന് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുക, വേടൻഗ്രോത്രത്തിന് പട്ടികവർഗ പദവി നൽകുക, ആദിവാസി ഭൂമി സ്വകാര്യവ്യക്തികൾക്ക് കൈമാറാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആദിവാസി പുനരധിവാസത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയ ഭൂമി ആദിവാസികൾക്ക് നൽകേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം ശരിയെന്ന് തെളിയിക്കുന്നതാണ് നിൽപ്പ് സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.