തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎ ലെനിനെ സ്വേച്ഛാധിപതി എന്ന് വിളിച്ചതിനെ വിമർശിച്ച സിപിഎം എംഎൽഎയ്ക്ക് ചുട്ട മറുപടി നൽകി വിടി ബൽറാം എംഎൽഎ നിയമസഭയിൽ. സിപിഎംകാരുടെ മുനയൊടിക്കുന്ന തീപ്പൊരി പ്രസംഗമാണ് ഇന്നലെ തൃത്താല എംഎൽഎ നിയമസഭയിൽ നടത്തിയത്.

നേരത്തെ ലെനിനെ സ്വേച്ഛാധിപതി എന്ന് വിളിച്ച ബൽറാം ലെനിൻ മാത്രമല്ല ലോകത്തിലെ സകല കമ്മ്യൂണിസ്റ്റുകാരും സ്വേച്ഛാധിപതികളാണെന്ന് നിയമസഭയിൽ തിരിച്ചടിച്ചു. ലെനിൻ ഉൾപ്പെടെ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും സ്വേച്ഛാധിപതികളാണ്. 'ഫേസ്‌ബുക്കിൽ ഞാൻ കുറിച്ചതു ലെനിനെക്കുറിച്ചു മാത്രമാണെങ്കിലും എല്ലാ നേതാക്കളും അങ്ങനെയാണ്. വലിയ ജനാധിപത്യം പ്രസംഗിക്കുമെങ്കിലും എല്ലാ കമ്യൂണിറ്റുകാരും സ്വേച്ഛാധിപതികളാണ്.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തിനോട് ഒരു യോജിപ്പുമില്ല. ലെനിന്റെ അല്ല ആരുടെയും പ്രതിമ തകർക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. എന്നാൽ ആലപ്പുഴയിൽ പി.കൃഷ്ണപിള്ളയുടെയും ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെയും ഒക്കെ പ്രതിമ തകർക്കുന്ന കാര്യത്തിലും സിപിഎമ്മിന് ഇതേ നിലപാട് വേണം' എന്നും നിയമസഭയിൽ ബൽറാം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.

ലെനിൻ ഒരു സ്വേച്ഛാധിപതിയാണ്. അക്കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ലെനിൻ മാത്രമല്ല സ്റ്റാലിനും മാവോയും ഫിഡൽ കാസ്‌ട്രോയും കിം ജോങ് ഉന്നും അടക്കം കമ്മ്യൂണിസ്റ്റുകൾ ലോകം മുഴുവൻ സ്വേച്ഛാധിപതികളാണ്. സ്വേച്ഛാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകളാണ് എല്ലാ കമ്മ്യൂണിസ്റ്റുകാരും.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാക്‌സിസ്സ്റ്റ് സിപിഎമ്മും മറിച്ചല്ല. അവരും സ്വേച്ഛാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. സ്വേച്ഛാധിപത്യം തങ്ങളുടെ അജണ്ടയായി പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഎമ്മെന്നും ബൽറാം നിയമസഭയിൽ ആഞ്ഞടിച്ചു. പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി തന്നെ യുവനേതാക്കളോട് പറയുന്നു നിങ്ങൾ ഗൂഗിൾ നോക്കിയിട്ടല്ല പാർട്ടിയെ കുറിച്ച് പഠിക്കേണ്ടത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നോക്കിയാണ് പാർട്ടിയെ കുറിച്ച് പഠിക്കേണ്ടത്. എന്നാൽ ആ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിൽ തന്നെ എഴുതി വെച്ചിരിക്കുന്നതും സ്വേച്ഛാധിപത്യത്തെ കുറിച്ചാണെന്നും ബൽറാം.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആർട്ടിക്കിൾ രണ്ടിൽത്തന്നെ സ്വേച്ഛാധിപത്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. കമ്മ്യൂണിസത്തിൽ തൊഴിലാളി വർഗ സ്വേച്ഛാധിപത്യമാണ് വേണ്ടതെന്നാണ് എഴുതിയിട്ടുള്ളത്. ഇവിടെ എല്ലാ സ്വേച്ഛാധിപതികളും ജനങ്ങളെ പിടിച്ചാണ് ആണയിടാറുള്ളത്. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിൽ എഴുതി വച്ചിരിക്കുന്ന ഈ വരികളും സൂചിപ്പിക്കുന്നത്. ഹിറ്റ്‌ലറും ചെയ്തത് അങ്ങനെ തന്നെയാണ്. ചൈനയും ഇസ്ലാമിക് സ്റ്റേറ്റും കിംങ് ജോങ് ഉന്നും ചെയ്യുന്നതും ഇതൊക്കെ തന്നെയാണ്.

ഏകാധിപതികളാ ചൈന എല്ലാത്തിനും ആണയിടുന്നത് ജനങ്ങളുടെ പേരിലാണഅ. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, പീപ്പിൾ ആർമി. എല്ലാം ജനത്തിന്റെ പേരിലുള്ളതാണെങ്കിലും അവിടെ നടക്കുന്നത് സ്വേച്ഛാധിപത്യമാണ്. അത് തന്നെയാണ് കമ്മ്യൂണിസ്റ്റുകളും തൊഴിലാളി വർഗ സ്വേച്ഛാധിപത്യം എന്ന് പറഞ്ഞ് നടത്തുന്നതെന്നും ബൽറാം.

ഇസ്ലാമിനെ കൂട്ടു പിടിച്ച് ഐസിഎസും, ഹിന്ദുക്കളെ കൂട്ടുപിടിച്ച് ആർഎസ്എസും നടത്തുന്നതും സ്വേച്ഛാധിപത്യം തന്നെ. ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ നെഹ്‌റു ലെനിനന പറ്റി പറഞ്ഞിട്ടുള്ളത് മരിച്ചു കിടക്കുമ്പോഴും ലെനിൻ ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്നാണ്. ആദ്യമായാണ് ലെനിനെ നെഹ്‌റു കാണുന്നതെങ്കിലും അദ്ദേഹത്തിന് ആദ്യ കൂടിക്കാഴ്‌ച്ചയിൽ തന്നെ അങ്ങിനെയാണ് തോന്നിയത്. സിപിഎമ്മിനെ എതിർക്കുന്നവരെ എല്ലാം ആർഎസ്എസ് ആയി മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഒരു കോൺഗ്രസുകാരനും ഒരിക്കലും ആർഎസ്എസ് ആയിട്ടില്ലെന്നൂം ബൽറാം നിയമ സഭയിൽ തുറന്നടിച്ചു.