കൂറ്റനാട്: വി.ടി. ബൽറാം എംഎ‍ൽഎയോട് പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാൻ പൊലീസ് നിർദ്ദേശം. എ.കെ.ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിനെതിരെ പ്രതിഷേധം അക്രമമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പൊലീസ് എംഎൽഎയോട് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റേയും ഡി വൈ എഫ് ഐയുടേയും തീരുമാനം. എംഎൽഎ പരമാർശം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് പൊലീസ് എംഎൽഎയെ കൈയൊഴിയുന്നത്.

എകെജിയെ അപമാനിച്ച വി ടി ബൽറാം എംഎൽഎക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നുണ്ട്. ബൽറാമിനെ ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയും എംഎൽഎയുടെ കാറിന് നേരെ ഡിവൈഎഫ്‌ഐക്കാർ ചീമുട്ട എറഞ്ഞിരുന്നു. ബൽറാമിന്റെ ഓഫീസും അടിച്ചു നശിപ്പിച്ചു. ഇത്തരം അക്രമങ്ങൾ എംഎൽഎയ്‌ക്കെതിരേയും തിരിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചു. ബൽറാമിന് സോഷ്യൽ മീഡിയയിൽ പിന്തുണ ഏറുന്നതും പ്രതിഷേധക്കാരെ ചൊടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ബൽറാമിനോട് പൊതു പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോൺഗ്രസ് പരിപാടിയിൽ സംബന്ധിക്കേണ്ടതായിരുന്നു. മഹിള അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിക്കുമെന്നത് മനസ്സിലാക്കിയ പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. എന്നാൽ, പരിപാടിക്ക് പോകുന്നില്ലെന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹം അറിയിച്ചതോടെ പൊലീസിനെ മടക്കിയയച്ചു. എന്നാൽ, ഉച്ചക്ക് പോകുന്നതായി വീണ്ടും അറിയിച്ചു.സുരക്ഷയൊരുക്കാൻ പ്രയാസപ്പെട്ട പൊലീസ് പോകെണ്ടന്ന് നിർദ്ദേശിക്കുകയായിരുന്നു. വളാഞ്ചേരിയിലും തിങ്കളാഴ്ച പരിപാടിയുണ്ടായിരുെന്നങ്കിലും മലപ്പുറം പൊലീസ് അതിനും അനുമതി നൽകിയില്ല. ബൽറാമിനെ ശാരീരികമായി ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

.ബൽറാം നടത്തിയ വിവാദപരാമർശത്തെച്ചൊല്ലിയുള്ള വിവാദം പടരുന്ന സാഹചര്യത്തിലാണ് പൊലീസ് എംഎൽഎയോട് മുൻകരുതലെടുക്കാൻ ആവശ്യപ്പെടുന്നത്. ബൽറാമിനെ അനുകൂലിച്ചു പ്രതികരിച്ച സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ ഫേസ്‌ബുക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതെന്നു സിവിക് ചന്ദ്രൻ പറഞ്ഞു. ഈ മാസം 14 വരെയാണു വിലക്ക്. പരാതികളെ തുടർന്നാണു നടപടിയെന്നും തുടർന്ന് വിലക്ക് വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നും സന്ദേശത്തിലുണ്ടെന്നു സിവിക് ചന്ദ്രൻ പറഞ്ഞു. സിപിഎം സൈബർ ചാവേറുകളാണു തനിക്കെതിരെ പരാതി നൽകിയതെന്നു വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ആത്മാഭിമാനമുള്ള ഏതു കോൺഗ്രസുകാരനെയും പോലെ സഹികെട്ടാകണം ബൽറാം, എകെജിയെക്കുറിച്ചു പരാമർശിച്ചു പോയതെന്നു സിവിക് ചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

ഉമ്മൻ ചാണ്ടി മുതൽ എം.കെ.ഗാന്ധി വരെയുള്ളവരെക്കുറിച്ച് എന്തും പറയാം; എന്തു ലൈംഗികാപവാദവും പ്രചരിപ്പിപ്പിക്കാം. തിരിച്ചു കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. പ്രണയത്തിലെയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല. എന്നാൽ, സഖാക്കളുടെ ഒളിവുജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണമെന്നാണു സിവിക് ചന്ദ്രൻ എഴുതിയത്. എന്നാൽ ബൽറാമിനെ വേട്ടയാടി, സിപിഎം നേതാക്കളുടെ പ്രീതിക്കായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ പറഞ്ഞു. അങ്ങനെ ബൽറാമിന് അനുകൂലമായും അഭിപ്രായ പ്രകടനം ശക്തമാണ്.

ബൽറാം എംഎ‍ൽഎയെ തള്ളിപ്പറഞ്ഞ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ യുവനിര രംഗത്ത് വന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും തള്ളിപ്പറഞ്ഞിട്ടും ബൽറാമിനെ പിന്തുണച്ച് ടി. സിദ്ദിഖ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. ബൽറാമിനെ കോൺഗ്രസ് നേതൃത്വം പിന്തുണയ്ക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ബൽറാമിനെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്നും സിദ്ദിഖ് പറഞ്ഞു. വിവാദത്തിന്റെ തുടക്കം മുതൽക്കേ ബൽറാമിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. മാപ്പ് പറയണമെങ്കിൽ ആദ്യം കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയട്ടെ. വി.ടി ബൽറാം മാപ്പ് പറയുന്ന കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. നെഹ്റു കുടുംബത്തിനെതിരെ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്നും ഡീൻ കുര്യാക്കേസ് ആവശ്യപ്പെട്ടു.

ബൽറാമിന് പിന്തുണ നൽകാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ബൽറാമിനെ തള്ളിപ്പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഫേസ്‌ബുക്ക് പേജിൽ കോൺഗ്രസ് അനുയായികൾ അസഭ്യവർഷവും നടത്തുന്നുണ്ട്. ഇതിനിടെയിലും സിപിഎം പ്രതിഷേധം ശക്തമാക്കുകയാണ്. എകെജിയുടെ ഓർമകളെ അപഹസിച്ച് വി ടി ബൽറാം എംഎൽഎ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം പറയുന്നു.

പരാമർശങ്ങൾ പിൻവലിച്ച് വി ടി ബൽറാം മാപ്പുപറയണം. സ്വാതന്ത്യ്‌രസമരപോരാട്ടങ്ങളിലും സാമൂഹ്യ പരിഷ്‌കരണപ്രവർത്തനങ്ങളിലും കേരളീയ സമൂഹത്തിന്റെ വഴിവിളക്കായി നിലകൊണ്ട് പ്രശോഭിച്ച എകെജിയുടെ ജീവിതം വരുംതലമുറകൾക്ക് ആവേശകരമായ അനുഭവപാഠമാണ്. അനീതിക്കെതിരെ ഗർജിക്കുന്ന പാവങ്ങളുടെ പടത്തലവനായ എ കെ ജി സമരമുഖങ്ങളിൽ പകർന്നുനൽകിയ ആത്മവിശ്വാസം ജന്മിനാടുവാഴിത്ത വ്യവസ്ഥിതിയിൽ അശരണരായ ജനലക്ഷങ്ങൾക്ക് പോരാട്ടവീര്യത്തിന്റെ കരുത്താണ് പകർന്നത്.

കേരളീയസമൂഹം ഒരു വ്യത്യാസവുമില്ലാതെ നെഞ്ചേറ്റി ലാളിക്കുന്ന എ കെ ജിയുടെ നേതൃപ്രതീകത്തെ തകർക്കാൻവി ടി ബൽറാം നടത്തിയ നിന്ദ്യമായ പരാമർശങ്ങൾക്കെതിരെ പ്രബുദ്ധകേരളം ഒന്നിച്ചണിനിരക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.