തൃശൂർ: എ.കെ.ജിക്കെതിരായ ബാലപീഡക പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വി.ടി. ബൽറാം എംഎ‍ൽഎക്കെതിരെ മാർക്ക് തിരുത്തൽ ആരോപണം. ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് മൻസൂർ പാറമേൽ എന്നയാളാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തു വന്നത്. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വെറും അടിസ്ഥാന രഹിതമായ കാര്യം.

എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബൽറാമിന് കിട്ടിയത് 45 മാർക്കാണത്രെ. ജയിക്കാൻ വേണ്ടത് 50 മാർക്ക്. 'ബലറാമൻ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിൻസിപ്പലിനെക്കൊണ്ട് മാർക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു' എന്നാണ് മൻസൂർ ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂർ ജില്ല ജോയന്റ് സെക്രട്ടറി ആയിരുന്ന അരുൺ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്‌ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ മൻസൂർ കുറ്റപ്പെടുത്തുന്നത്.

മുട്ട് കോർട്ട് എന്നത് എൽഎൽബി പഠനത്തിന്റെ ഭാഗമായുള്ള ഒരു പ്രാക്ടിക്കൽ സെഷൻ ആണ്. ക്ളാസ് റൂമിൽ കോടതി പരീക്ഷിക്കുന്ന പരിപാടി. ഇന്ത്യയിലെ എല്ലാ കോളേജുകളും അതിൽ പങ്കെടുക്കുന്നവരെ വിജയിപ്പിക്കും. റാങ്ക് കിട്ടാൻ സാധ്യത ഉള്ളവർക്കും മികച്ച പ്രകടനം നടത്തുന്നവർക്കും മാനേജമെന്റ് ബന്ധം ഉള്ളവർക്കും നല്ല മാർക്ക് കിട്ടും. അപ്പീൽ നൽകിയാലും മാർക്ക് കൂട്ടിക്കിട്ടും. അതുകൊണ്ടു ബലറാം അതിൽ തോറ്റു എന്ന് പറഞ്ഞാൽ എൽഎൽബി പഠിച്ച ആരും വിശ്വസിക്കില്ല. സംഭവിച്ചത് അപ്പീലിൽ ബൽറാമിന് മാർക്ക് കൂട്ടി കിട്ടിയെന്നതാണ്. മാർക്ക് കുറഞ്ഞപ്പോൾ ബൽറാം പ്രിൻസിപ്പളിന് അപ്പീൽ കൊടുത്തു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനെയാണ് മാർക്ക് തട്ടിപ്പ് എന്ന തരത്തിൽ അവതരിപ്പിച്ചത്.

മൂട് കോർട്ടിൽ ബൽറാമിന് മാർക്ക് കുറഞ്ഞെങ്കിൽ കോൺഗ്രസുകാരൻ ആയതുകൊണ്ട് ഇടതു പക്ഷക്കാരനായ അദ്ധ്യാപകൻ മനഃപൂർവം കുറച്ചു കൊടുത്തതാകുമെന്ന ആരോപണവും അതിനിടെ കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നു. അത് പ്രിൻസിപ്പാൾ തിരുത്തി കാണും. ഇങ്ങനെ സംഭവിച്ചെങ്കിൽ പോലും അതിൽ മാർക്ക് തിരുത്തില്ല. വാർത്തകൾ ഉണ്ടാകുന്നതും വ്യക്തിഹത്യ ഉണ്ടാവുന്നതും എങ്ങനെ എന്നതിനുള്ള ടിപ്പിക്കൽ എക്‌സാമ്പിൾ ആണിതെന്ന് ബൽറാമിനെ അനുകൂലിക്കുന്നവരും പറയുന്നു. അക്കാലത്തു മുട്ട് കോർട്ടിന് മാർക്ക് കുറഞ്ഞു പോയ ഒരു സഹപാഠിയുടെ കുശുമ്പാണ് ആരോപണത്തിന് പിന്നിലെന്ന് ചർച്ചയും സജീവമാണ്.

അതിനിടെ ബൽറാം എംഎൽഎയുടെ പരാമർശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു പ്രതികരിക്കുകയും ചെയ്തു. ബൽറാം ചെയ്തതതിന് അതേരീതിയിൽ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബൽറാം ശ്രമിക്കുന്നത്. ആർക്കും ഏതു കാര്യങ്ങളിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ, ആരും ആരെയും അധിക്ഷേപിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നും സാനു പറഞ്ഞു. അങ്ങനെ ബൽറാം വിഷയത്തിൽ ഇടത് സംഘടനകൾക്ക് പോലും വ്യത്യസ്ത അഭിപ്രായം സജീവമാവുകയാണ്.

എകെജിയെക്കുറിച്ചു വിവാദപരാമർശം നടത്തിയ ബൽറാമിന് തൃത്താല മണ്ഡലത്തിലെ പൊതുചടങ്ങുകളിൽ വിലക്ക് ഏർപ്പെടുത്താൻ സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും പരിപാടികൾ, സിപിഎം നേതാക്കൾ ഭാരവാഹികളായ സ്‌കൂളുകളിലെ ചടങ്ങുകൾ എന്നിവയിലാണു പ്രധാനമായും വിലക്ക്. എംഎൽഎ മാപ്പ് പറയും വരെ ഇതു തുടരും. എന്നാൽ, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരിപാടികളിൽ ഇടപെടില്ലെന്നാണ് തീരുമാനം. സ്വകാര്യ പരിപാടികളിൽ എംഎൽഎ പങ്കെടുക്കുന്നതു തുടർന്നും തടയാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബൽറാമിനെതിരെ വ്യാജ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നതും.