- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണൻ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് പ്രതിനിധി; അപ്പത്തിന്റെയും മുട്ടറോസ്റ്റിന്റെയും പണം നൽകാതെ മുങ്ങിയ ചിത്തരഞ്ജനെ പരിഹസിച്ചു വി ടി ബൽറാം; പൂട്ടടിച്ച് പൊളിച്ച് കുരുന്നുകൾക്ക് വീട് തിരിച്ചുനൽകുന്ന കോൺഗ്രസ് ജനപ്രതിനിധി മാത്യു കുഴൽനാടന് പുകഴ്ത്തൽ
തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ പുകഴ്‌ത്തിയും പിപി ചിത്തരഞ്ജൻ എംഎൽഎയെ പരിഹസിച്ചും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. പൂട്ടടിച്ച് പൊളിച്ച് കുരുന്നുകൾക്ക് വീട് തിരിച്ചുനൽകുന്ന കോൺഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴൽനാടെന്നും പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണൻ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയാണ് ചിത്തരഞ്ജനെന്നുമാണ് ബൽറാമിന്റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് ബൽറാമിന്റെ വിമർശനം.
വി ടി ബൽറാമിന് പുറമേ സമാന പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തുവന്നു. എസി ഹോട്ടലിൽ താൻ കഴിച്ച അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും പണം കൂടുതലാണെന്ന് പറഞ്ഞ് പണം കൊടുക്കാതെ പോരാട്ടം നടത്തിയ സഖാവ് ചിത്തരഞ്ജൻ എംഎൽഎ എന്നാണ് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത്. കേരള ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ മാതാപിതാക്കൾ ആശുപത്രിയിൽ കഴിയവെ വീട് ജപ്തി ചെയ്യപ്പെട്ട് തെരുവിലിറക്കി വിടപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ ഡോ. മാത്യു കുഴൽ നാടൻ എംഎൽഎ... രണ്ട് ജനപ്രതിനിധികൾ.. രണ്ട് പ്രസ്ഥാനം, രണ്ട് സംസ്‌കാരം, രണ്ട് പോരാട്ടം...- രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയിൽ കുട്ടികൾ മാത്രം താമസിക്കുന്ന വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതരെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഏറെ വൈകിയും അധികൃതർ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാൽ എംഎൽഎ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു. കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയും ഡ്രൈവറും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബിൽ തുക 184 രൂപയായിരുന്നു.
''ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല'', എന്നായിരുന്നു സംഭവത്തിൽ എംഎൽഎയുടെ പ്രതികരണം.
മറുനാടന് ഡെസ്ക്