- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റിലയിൽ ഓരോ വാഹനവും കുടുങ്ങുന്നത് പത്ത് മുതൽ 45 മിനിറ്റു വരെ; കൊച്ചി-ധനുഷ്കോടി, പൻവേൽ-കന്യാകുമാരി, കുണ്ടന്നൂർ-വെല്ലിങ്ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസമെത്തും; വി ഫോർ കൊച്ചിക്കാർ ജനകീയ ഉദ്ഘാടനം നടത്തിയ പാലം നാളെ പിണറായി ഔദ്യോഗികമായി തുറക്കുമ്പോൾ
കൊച്ചി: കൊച്ചിക്ക് ഇനി ശാപ മോഷം. മുന്നിലെ വാഹനം നീങ്ങുന്നതും നോക്കി കാത്തു കിടന്ന കാലത്തിൽ നിന്നുള്ള മോചനമായി പുതിയ 2 മേൽപാലങ്ങൾ. വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ നാളെ തുറക്കുന്നു. എറണാകുളം വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. വൈറ്റില പാലം രാവിലെ ഒന്പതരയ്ക്കും കുണ്ടന്നൂർ മേൽപ്പാലം 11 മണിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലത്തിലെ അവസാനവട്ട മിനുക്കുപണികൾ ഇന്നത്തോടെ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ജോലിക്കാർ.
ദേശീയപാതയിൽ കൊല്ലം ബൈപാസിനു പിന്നാലെ ആലപ്പുഴ ബൈപാസും കൊച്ചി നഗരത്തിലെ പുതിയ മേൽപാലങ്ങളും വരുന്നതോടെ സംസ്ഥാനത്ത് തെക്ക് വടക്ക് യാത്ര വേഗത്തിലാകും. വൈറ്റിലയിൽ 10 മുതൽ 45 മിനിറ്റ് വരെയാണു വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടിരുന്നത്. ഇന്ധന നഷ്ടവും വാഹനങ്ങളുടെ തേയ്മാനവും പരിസ്ഥിതി മലിനീകരണവും കൂട്ടുന്ന കുരക്ക്. ഇതാണ് മാറുന്നത്. ഇതിൽ വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത് വിവാദമായിരുന്നു.
പുതിയ പാലങ്ങളോടൊപ്പം തൃപ്പുണ്ണിത്തുറ ഭാഗത്തെ റോഡുകൾക്കു വീതി കൂടിയതും ആശ്വാസം പകരും. കൊച്ചി ധനുഷ്കോടി, പൻവേൽ കന്യാകുമാരി, കുണ്ടന്നൂർ വെല്ലിങ്ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ഇനി കുരുക്ക് കുറയും. പാലാരിവട്ടം പാലം മെയിൽ പൂർത്തിയാകുമ്പോൾ അതും ആശ്വാസമാകും. നിർമ്മാണത്തിലെ പിഴവുകൾ മൂലം അടച്ചിട്ട പാലം ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ നേതൃത്വത്തിലാണു പുനർനിർമ്മിക്കുന്നത്. പണികൾ 50 % പിന്നിട്ടു. സർക്കാർ ജൂൺ വരെ സമയം നൽകിയിട്ടുണ്ടെങ്കിലും മേയിൽ പൂർത്തിയാക്കും.
വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് നൽകി എന്ന് ആരോപിച്ച് വി ഫോർ കേരള സംഘടന പ്രവർത്തകരെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വി ഫോർ കേരള കൊച്ചി കോർഡിനേറേറർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി ഫോർ പ്രവർത്തകർ കഴിഞ്ഞ ദിവസം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് കണക്കാക്കിയിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വി ഫോർ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നു. വി ഫോർ കേരള പ്രവർത്തകർ അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തിൽ കടത്തിവിട്ട വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് മുക്കാൽ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോർ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിച്ചപ്പോൾ പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോർ കൊച്ചിയുടെ നേതാക്കൾ പറയുന്നത്.
പൊലീസ്, പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങൾ തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോർ കൊച്ചി നേതാക്കൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ