മസ്‌കറ്റ്: ഒമാനിലെ വാദികളിൽ വെള്ളം നിറഞ്ഞതിനാൽ പലഭാഗത്തും കരകവിഞ്ഞ് ഒഴുകുകയാണ്. ഇത്രയധികം വെള്ളം നിറഞ്ഞ സമയത്ത് വാദി മുറിച്ചുകടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാ ണെന്ന് മുന്നറിയിപ്പ് നലകിയിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിക്കുന്നവർ സ്വയം അപകടം ക്ഷണിച്ചുവരുത്തുകയാണ്. വാദികളിൽ മുങ്ങിപ്പോയ അനേകം പേരെ അടുത്തിടെ രക്ഷിച്ചിരുന്നു.

രാജ്യത്തെ ഉൾപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വാദികളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. അൽ ഹജാർ വാദി മുറിച്ചുകടക്കവേ വാഹനം കുരുങ്ങി വെള്ളിയാഴ്ച യാത്രക്കാരന് ജീവഹാനി സംഭവിച്ചിരുന്നു. അൽ ശരിയാഹ് ഗവർണറേറ്റിലെ റാസ് അൽ ഹദിൽ കടലിൽ മുങ്ങിപ്പോയ രണ്ട് ആൺകുട്ടികളെ രക്ഷപെടുത്തിയിരുന്നു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചാലും ചിലർ അത് അവഗണിക്കുന്നതായി പിഎസിഡിഎ ഉദ്യോഗസ്ഥർ അറിയിച്ചു. ബീച്ചുകളിലെത്തുന്ന ടൂറിസ്റ്റുകൾ നീന്തലിന് താൽപര്യം കാണിക്കുന്നവരാണ്. എന്നാൽ ഇറങ്ങരുതെന്ന് പറഞ്ഞിരിക്കുന്ന ഭാഗത്ത് കടലിൽ നീന്താൻ മുതിരാതിരിക്കുന്നതാണ് ഉത്തമം.