മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച കനത്ത മഴ പെയ്തു. ശർഖിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് വൻ കാറ്റും മഴയും ഉണ്ടായത്. പലയിടത്തും ഇടിയുടെ അകമ്പടിയോടെയാണ് മഴയത്തെിയത്. ചിലയിടങ്ങളിൽ ആലിപ്പഴവർഷവും ഉണ്ടായി. മസ്‌കത്ത് അടക്കം ഭൂരിപക്ഷം മേഖലകളിലും ശക്തമായ പൊടിക്കാറ്റും ഉണ്ടായി. പലയിടങ്ങളിലും ദൂരക്കാഴ്ച അപകടകരമാം വിധം കുറഞ്ഞതിനെതുടർന്ന് വാഹനങ്ങൾ സാവധാനമാണ് പോയത്. മഴയെ തുടർന്ന് റോഡുകളിലെല്ലാം വെള്ളം നിറഞ്ഞത് ജനജീവിതം ദുസഹമാക്കി

ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. നിസ്വ, അൽ അമിറാത്ത്, അൽ ഹംറ, ദംഹ, അൽ തായീൻ, അൽ അസ്‌റീൻ ഭാഗത്തെ വാദികളെല്ലാം വൈകുന്നേരത്തോടെ നിറഞ്ഞൊഴുകി. ഇബ്രയിൽ രാത്രിയോടെയും വാദിയുണ്ടായി. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമുണ്ട്. അൽഹജർ മലനിരകളിലും പരിസരത്തും ഇടിയോടെയുള്ള മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇത് തീരപ്രദേശങ്ങൾ വരെ നീളാമെന്നും റിപ്പോർട്ട് പറയുന്നു. സൗത് ശർഖിയയിലും തീരപ്രദേശത്തും ദോഫാർ അൽവുസ്ത ഗവർണറേറ്റുകളിൽ അതിരാവിലെ മൂടൽമഞ്ഞ് ഉണ്ടാകാനിടയുണ്ടെന്നും അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും.മത്സ്യബന്ധനത്തിന് പോകുന്നവരും ബീച്ചിൽ പോകുന്നവരും ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു