തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ കോൺഗ്രസ്സിന്റെ അനിൽഅക്കര ജയിച്ചുകയറുന്നത് വെറും 43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. മഞ്ചേശ്വരത്ത് ബിജെപി വിജയപ്രതീക്ഷ പുലർത്തിയ കെ സുരേന്ദ്രൻ ലീഗ് സ്ഥാനാർത്ഥിയോട് തോറ്റത് 89 വോട്ടിന്. പെണ്ണൊരുമയും എഐഎഡിഎംകെയും എല്ലാം മത്സരിച്ച പീരുമേട്ടിൽ സിപിഐയുടെ ബിജിമോളുടെ ജയം 314 വോട്ടിന്. പെരിന്തൽമണ്ണയിൽ ലീഗ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിയുടെ വിജയമാകട്ടെ 579 വോട്ടിനും.

കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇക്കുറി വടക്കാഞ്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്ക് ലഭിച്ചത്. കെപിഎസി ലളിതയെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കാനിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് അവർ പിന്മാറിയതോടെ നറുക്കുവീണ മേരി തോമസായിരുന്നു ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർത്ഥി.

വോട്ടിങ് യന്ത്രം കേടായതിനെത്തുടർന്ന് വടക്കാഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായത് അഞ്ചുമണിക്കൂറോളം വൈകിയാണ്. ആദ്യം മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിൽ അക്കര ജയിച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും പിന്നീട് ഒരുയന്ത്രം കൂടി എണ്ണാൻ ബാക്കിയുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ 43 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചതായി പ്രഖ്യാപനമുണ്ടായി.

അനിൽ അക്കര 65535 വോട്ടും മേരി തോമസ് 65492 വോട്ടുമാണ് നേടിയത്. ബിജെപിയുടെ ഉല്ലാസ് ബാബുവിന് 26652 വോട്ട് ലഭിച്ചു. നോട്ടയ്ക്ക് 969 വോട്ടും.

മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥി പി ബി അബ്ദുൾ റസാക്കിനോട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോൽവി നേരിടുന്നത് വെറും 89 വോട്ടിനാണ്. കെ. സുരേന്ദ്രയെന്ന സുരേന്ദ്രന്റെ അപരൻ ഇവിടെ 467 വോട്ടു നേടിയത് ബിജെപിക്ക് തിരിച്ചടിയായെന്ന് കരുതാം. അബ്ദുൾ റസാക്ക് 56870 വോട്ടു നേടിയപ്പോൾ സുരേന്ദ്രന് 56781 വോട്ടാണ് ലഭിച്ചത്. ഇവിടെ മൂന്നാം സ്ഥാനത്തായ എൽഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പു 42565 വോട്ടുനേടി. ഇവിടെ നോട്ട 646 വോട്ട് നേടിയെന്നതും ശ്രദ്ധേയമായി. കുറഞ്ഞ ഭൂരിപക്ഷമായതിനാൽ വടക്കാഞ്ചേരിയിലും മഞ്ചേശ്വരത്തും ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.

ശക്തമായ മത്സരം നടന്ന പീരുമേടിൽ സിപിഐയുെട സിറ്റിങ് എംഎൽഎ ഇ എസ് ബിജിമോളുടെ വിജയം 314 വോട്ടിനായിരുന്നു. കോൺഗ്രസ്സിന്റെ സിറിയക് തോമസായിരുന്നു എതിർ സ്ഥാനാർത്ഥി. ഇവിടെ എഐഎഡിഎംകെ 2862 വോട്ട് നേടി. നോട്ടയ്ക്ക് 448 വോട്ടും ലഭിച്ചു. ബിഎസ്‌പിയുടെ ബെന്നി തോമസ് 489 വോട്ടും നേടി.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ലീഗ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിയുടെ വിജയം 579 വോട്ടിനായിരുന്നു. കടുത്ത മത്സരം നടന്ന മണ്ഡലത്തിൽ സിപിഐ(എം) സ്ഥാനാർത്ഥി വി ശശികുമാർ 70411 വോട്ടും അലി 70990 വോട്ടും നേടി. നോട്ടയ്ക്ക് ലഭിച്ചത് 507 വോട്ട്.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തെ കാട്ടാക്കടയിൽ 849 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ(എം) സ്ഥാനാർത്ഥി ഐബി സതീഷ് സ്പീക്കർ എൻ ശക്തനെതിരെ വിജയിച്ചത്. ഇവിടെ നോട്ടയ്ക്ക് 732 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് 38700 വോട്ടും നേടി. എസ്ഡിപിഐക്ക് 627 വോട്ടും ബിഎസ്‌പിക്ക് 709 വോട്ടും ലഭിച്ചു.

രണ്ടായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് വിജയം നിർണയിക്കപ്പെട്ട മണ്ഡലങ്ങളും നിരവധി കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ്സിന്റെ സതീശൻ പാച്ചേനിയെ തോൽപ്പിച്ചത് 1196 വോട്ടിനാണ്. വയനാട്ടിൽ മാനന്തവാടി മണ്ഡലത്തിൽ മന്ത്രി പി കെ ജയലക്ഷ്മിയുടെ തോൽവിയും 1307 വോട്ടിനായിരുന്നു. സിപിഐ(എം) സ്ഥാനാർത്ഥി ഒ ആർ കേളുവാണ് ഇവിടെ വിജയിച്ചത്. ലക്ഷ്മിയെന്ന സ്വതന്ത്ര ഇവിടെ 1300 വോട്ടും നോട്ട 1050 വോട്ടും ഈ മണ്ഡലത്തിൽ നേടി. മറ്റൊരു അപരൻ കേളു ചെയിമ്മൽ 583 വോട്ട് നേടി.കോഴിക്കോട് കുറ്റ്യാടിയിൽ യുഡിഎഫിന്റെ ലീഗ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള 1157 വോട്ടിനാണ് വിജയിച്ചുകയറിയത്. സിപിഐ(എം) സ്ഥാനാർത്ഥി കെകെ ലതികയായിരുന്നു എതിർസ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി രാമദാസ് മണലേരി ഇവിടെ 12327 വോട്ട് നേടി. നോട്ട 375. കൊച്ചിയിൽ സിപിഐ(എം) സ്ഥാനാർത്ഥി കെ ജെ മാക്സിയുടെ വിജയം 1086 വോട്ടിനായിരുന്നു. ഡൊമിനിക് പ്രസന്റേഷനാണ് ഇവിടെ തോൽവി പിണഞ്ഞത്. നോട്ട ഇവിടെ 1002 വോട്ടു നേടിയെന്നതും ശ്രദ്ധേയമായി.

ഉടുമ്പൻചോലയിൽ സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറി എംഎം മണി വിജയിച്ചത് 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോൺഗ്രസ്സിന്റെ സേനാപതി വേണുവിനെയാണ് അദ്ദേഹം തോൽപിച്ചത്. ശക്തമായ മത്സരം കാഴ്ചവച്ച ബിഡിജെഎസ് സ്ഥാനാർത്ഥി ഇവിടെ 21799 വോട്ടും എഐഎഡിഎംകെ 1651 വോട്ടും നോട്ട 602 വോട്ടും ഇവിടെ നേടി.

ചങ്ങനാശ്ശേരിയിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി സിഎഫ് തോമസിന്റെ വിജയം 1849 വോട്ടിനായിരുന്നു. ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ കെ സി ജോസഫായിരുന്നു എതിർ സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി ഏറ്റുമാനൂർ രാധാകൃഷ്ണൻ ഇവിടെ 21455 വോട്ട് നേടി. കരുനാഗപ്പള്ളിയിൽ സിപിഐ സ്ഥാനാർത്ഥി ആർ രാമചന്ദ്രൻ 1759 വോട്ടിനാണ് കോൺഗ്രസ്സിന്റെ സിആർ മഹേഷിനെ തോൽപിച്ചത്. ഇവിടെ എസ്ഡിപിഐ 1738 വോട്ടും പിഡിപി 1620 വോട്ടും ബിഎസ്‌പി 649 വോട്ടും പെട്ടിയിലാക്കി.