ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഈ സംഭവത്തിൽ മാധ്യമ ലോകത്ത് കടുത്ത പ്രതിഷേധം തന്നെയാണ് ഉയർന്നിരിക്കുന്നത്. ജില്ലാ കലക്ടർ പദവിയിൽ ഇരിക്കുന്ന വ്യക്തിക്ക് ജുഡീഷ്യൽ അധികാരങ്ങൾ കൂടിയുണ്ടാകും. അങ്ങനെയൊരു സ്ഥാനത്തേക്കാണ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ നിയമനിക്കുന്നത്. കേരളത്തിൽ ഏറെ വിവാദമായ ഈ കേസിൽ അധികാര കേന്ദ്രങ്ങളെല്ലാം ഒരുമിച്ചു കൊണ്ടായിരുന്നു ശ്രീറാമിനെ രക്ഷപെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചു ലക്കുകെട്ടു വാഹനം ഓടിച്ചാണ് അപകടം വരുത്തിവെച്ചത്. ഏതായാലും നെഹ്‌റു ട്രോഫി വള്ളം കളി നടത്തിപ്പിലേക്കും വിവാദം കടക്കുകയാണ്.

ആലപ്പുഴ കളക്ടർ വിളിച്ച യോഗം കോൺഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കും. കളക്ടറുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിക്കുമ്പോൾ മുമ്പുണ്ടായിരുന്ന കാര്യങ്ങളെല്ലാം വീണ്ടും ചർച്ചയാകുകയാണ്. സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം ബഷീർ. രാത്രിയിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരവെ മൊബൈൽ റിങ് ചെയ്തതിനെ തുടർന്ന് ബഷീർ ബൈക്ക് റോഡിന് സൈഡിലേക്ക് ഒതുക്കി സംസാരിച്ചുകൊണ്ടിരിക്കെയാണ് മദ്യപിച്ച് സുഹൃത്തിനൊപ്പം കാറിൽ അമിത വേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കാന്തപുരം ഗ്രൂപ്പിന്റേതാണ് സിറാജ് പത്രം. ശ്രീറാം വെങ്കിട്ടരാമന്റെ കളക്ടർ നിയമനത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് ( കാന്തപുരം വിഭാഗം) പരസ്യ പ്രതിഷേധത്തിലാണ്. ഇത് സർക്കാരിന് തിരിച്ചടിയാകും. പിണറായിയുമായി അടുത്തു നിൽക്കുന്ന മുസ്ലിം വിഭാഗമാണ് കാന്തപുരത്തിന്റേത്. കാന്തപുരത്തെ ധിക്കരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതെന്ന വാദവും ശക്തമാണ്.

ഐഎഎസുകാർക്ക് സെക്രട്ടറിയായി പ്രെമോഷൻ കിട്ടുന്നതിന് മുമ്പ് കളക്ടറായി നിയമനം നൽകേണ്ടതുണ്ടെന്നും ഈ സാങ്കേതികതയിലാണ് നിയമനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. അത്തരമൊരു നിർബന്ധം ചട്ടങ്ങളിൽ ഇല്ല. ഐഎഎസുകാർക്ക് ഫീൽഡ് എക്‌സ്പീരിയൻസ് വേണമെന്നതാണ് ചട്ടം. സബ് കളക്ടർ കാലാവധിയും ഇതിന് വേണ്ടി പരിഗണിക്കാം. മുമ്പ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം കളക്ടറായ ഐഎഎസുകാരനും കേരളത്തിലുണ്ട്. ഡോ ജയതിലക് കോഴിക്കോട് കളക്ടറായത് പ്രെമോഷന് ശേഷമാണ്. അത്തരം അവസരത്തിൽ കളക്ടറുടെ പദവി ഉത്തരവിലൂടെ സെക്രട്ടറി റാങ്കാക്കിയാൽ മതിയാകും. അഞ്ചു മാസം കളക്ടറായവരും ഉണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുഖ്യമന്ത്രി ന്യായീകരണവുമായി എത്തിയത്. ഇതിന് പിന്നിൽ സർക്കാർ വിരുദ്ധ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കുള്ള പണി നൽകലാണ്.

കേരളത്തിലെ ഐഎഎസ് അസോസിയേഷന് മുമ്പിലും തനിക്ക് കളക്ടറായി നിയമനം വേണമെന്ന കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന നിർദ്ദേശം ശ്രീറാം വെങ്കിട്ടരാമൻ വച്ചിട്ടില്ല. ഇത്തരമൊരു ആവശ്യം അസോസിയേഷനും സർക്കാരിന് മുമ്പിൽ അവതരിപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് മാധ്യമ സംഘടനകകളേയും പ്രവർത്തകരേയും വെല്ലുവിളിക്കാനാണ് പിണറായിയുടെ ശ്രമമെന്ന് വാദം മാധ്യമ പ്രവർത്തകർക്കിടയിലും ശക്തമാണ്. ഇതിനിടെയാണ് ആലപ്പുഴയിൽ ശ്രീറാമിനെ ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ്-മുസ്ലിം ലീഗ് തീരുമാനം. കാന്തപുരത്തെ മുസ്ലിം ലീഗുമായി അടുപ്പിക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.

സംഭവത്തിൽ സ്വയംരക്ഷയ്ക്ക് വേണ്ടി ശ്രീറാം തന്റെ സുഹൃത്തായ വഫ ഫിറോസിനെയും ബലിയാടാക്കാനാണ് ശ്രമം നടത്തിയത്. ഇക്കാര്യങ്ങൾ വഫ തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. മദ്യലഹരയിൽ വാഹനമോടിച്ച ശ്രീറാം സസ്പെൻഷന് ശേഷം ആരോഗ്യവകുപ്പിൽ ജോലിക്ക് തിരിച്ചുകയറുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്ന് മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞ വഫയെ കുറിച്ച് ആരും അന്വേഷിച്ചില്ല. അവർക്ക് എന്തു സംഭവിച്ചു എന്നാണ് ഇപ്പോൾ ശ്രീറാം വിഷയം സജീവമാകുമ്പോൾ സൈബറിടങ്ങളിലും നിറയുന്നത്.

കെ. എം ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം ചീഫ് സെക്രട്ടറിക്ക് നൽകിയ ആദ്യ വിശദീകരണത്തിൽ പറഞ്ഞിരുന്നു. അതായത് തന്റെ സുഹൃത്തിനെ പോലും സ്വയം രക്ഷക്കായി ബലിയാടാക്കാൻ ശ്രീറാം തയ്യാറായെന്ന് ചുരുക്കം. അതേസമയം ഇക്കാര്യം പച്ചക്കള്ളമാണെന്നാണ് അന്ന് വഫ തന്നെ വ്യക്തമാക്കിയതും.

'താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവർ ഇല്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങൾ അതേപോലെ പറഞ്ഞ വ്യക്തിയാണ് ഞാൻ. എനിക്കെന്താണ് നാളെ സംഭവിക്കുക എന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു' -പഴയ ടിക് ടോക് വീഡിയോയിൽ വഫ പറയുന്നു.

ഈ വിവാദങ്ങൾക്കിടയിലും സർവീസിൽ തരികെ കയറിയ ശ്രീറാം ഇപ്പോൾ നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമിത്തിലാണ്. അതേസമയം അപകടം വിവദമായതിനെ തുടർന്ന് ഭർത്താവ് വഫയിൽനിന്നും വിവാഹമോചനം നേടി. വിവാഹമോചന നോട്ടീസിന് മറുപടിയുമായി ടിക് ടോക്കിൽ തന്നെ വഫ രംഗത്ത് എത്തിയിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടു വഫക്ക് ഭർത്താവ് അയച്ച വക്കീൽ നോട്ടീസിലെ ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും അവർ ആറു വിഡിയോകളിലൂടെ വിശദീകരിക്കുന്നു.

ആ വീഡിയോയിൽ വഫ പറഞ്ഞത് ഇങ്ങനെയാണ്:

'ഈ വിഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവർക്ക് വേണ്ടിയുള്ളതാണ്. നിങ്ങൾ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭർത്താവെന്ന നിലയിൽ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ എന്നെ കാണുന്ന വ്യക്തിയാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹത്തെ അങ്കിൾ എന്ന് വിളിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ 13 വർഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയൽക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേക്ക് നാട്ടിൽ വന്നു. എന്നാൽ പുള്ളിക്കാരൻ എന്നെയും മോളെയും വന്നു കാണാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിൻസായ സവാൻ, നാസിർ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാൽ നേരത്തെ ഫിറോസാണ് എന്റെ കസിൻസിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോർട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നിൽക്കണമെന്നൊക്കെ പറഞ്ഞത്. എന്നാൽ നാട്ടിൽ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. കുറേ സ്റ്റോറീസ് ഇറങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹവും അത് വിശ്വസിച്ചു. 19 വർഷം അദ്ദേഹം കണ്ട വഫയല്ല. ഒരാഴ്ച യു ട്യൂബിലും അതിലുമിതിലും കാണിച്ച വഫയാണ് യഥാർഥമെന്ന് അദ്ദേഹവും വിശ്വസിച്ചു.

എനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗർഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സായി. അവൾക്ക് രണ്ടു വയസ്സുള്ളപ്പോൾ അവൾ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം എനിക്കയച്ച വക്കീൽ നോട്ടീസിൽ എഴുതിയിട്ടുണ്ട്, വഫ ഒന്നും സമ്പാദിക്കുന്നില്ല, ഞാനാണ് എല്ലാം വഫക്ക് കൊടുക്കുന്നതെന്ന്. പിന്നെങ്ങനെ ഞാൻ ടിക്കറ്റെടുക്കും? അദ്ദേഹം അന്ന് നാട്ടിൽ പഠിക്കുകയായിരുന്ന എന്റെ ബ്രദറിനെ വിളിച്ച് അവനാണ് അന്ന് എന്നെ കൊണ്ടുപോകുന്നത്. ഫിറോസ് അയച്ച വക്കീൽ നോട്ടീസ് കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല. അത് കണ്ടിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഞാൻ മഹല്ലിനോട് പോലും പ്രതികരിച്ചില്ല. കാരണം അദ്ദേഹം ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഞാൻ കരുതിയില്ല.

പിന്നെ പറയുന്ന ആരോപണം, ഞാൻ ബാറിൽ പോകുമെന്നും കുടിക്കുമെന്നുമൊക്കെ. അഞ്ച് വർഷമായി അബുദാബിയിൽ. ഇന്നേവരെ ഒരു ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ ഒരു സ്ഥലത്ത് പോലും ഞാൻ പോയിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ അബുദാബിയിൽ? ക്ലബിങ്ങൊക്കെ ചെയ്യുന്ന ഒരുപാടു പേരില്ലേ, കണ്ടിട്ടുണ്ടോ? ഞാൻ പോയിട്ടില്ല. മോളെ ട്യൂഷന് വിടാനും മറ്റുമാണ് ഞാൻ വെളിയിലിറങ്ങിക്കൊണ്ടിരുന്നേ. 2012 അല്ലെങ്കിൽ 2013ലാണ് ഞാനാദ്യമായിട്ട് ഒരു ഡാൻസ് പാർട്ടി കാണുന്നത്. അന്ന് കൂട്ടുകാരോടൊപ്പം അവിടെ പോവുകയും അവിടുത്തെ ബഹളവും മറ്റും കണ്ടിട്ട് 10 മിനിറ്റിനുള്ള ഞങ്ങൾ ചാടിയിറങ്ങുകയാണ് ചെയ്തത്. അല്ലാതെ ജീവിതത്തിൽ ഇന്നേവരെ ഞാൻ ക്ലബിങ്ങിനും ഡാൻസ് പാർട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല.

അടുത്ത ആരോപണം, ബിസിനസ്. ഫിറോസിന്റെ ബിസിനസെല്ലാം ഞാൻ കാരണമാണ് തകർന്നത് എന്നു പറഞ്ഞു. ജോർജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ജോർജ് വളരെ സ്മാർട്ടായ ഒരാളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഭയങ്കര സ്മാർട്ടായ ഒരാൾ. ഫിറോസ് ബഹ്റൈനിൽ ബിസിനസ് തുടങ്ങിയപ്പോൾ ഷിയാ-സുന്നി പ്രശ്നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോർജ് കൈവിട്ടു. രണ്ടു വർഷം മാത്രമേ ഞങ്ങൾക്ക് ബഹ്റൈനിൽ നിൽക്കാൻ പറ്റിയുള്ളൂ. ആ ഒരു ബിസിനസിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. സാധാരണ ആണുങ്ങളുടെ കൈയിലാണ് ബിസിനസെല്ലാം ഇരിക്കുക. ഇങ്ങനെയൊരു പെണ്ണായ ഞാൻ അതിന്റെ തകർച്ചക്ക് എങ്ങനെ കാരണമായി എന്ന് ഫിറോസ് തന്നെയാണ് പറയേണ്ടത്, എനിക്കറിയില്ല.

അടുത്ത ആരോപണം എന്താണെന്ന് പറയാൻ എനിക്ക് നാണക്കേടുണ്ട്. അന്യപുരുഷന്മാരുമായി സമ്പർക്കം എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീറാം എന്റെ വെറുമൊരു ഫ്രണ്ടാണെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. അതിൽ ഒരു രീതിയിലുള്ള വൃത്തികേടുമില്ല. അത് ഞാൻ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാൻ. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. ഞാനങ്ങനെ ഇറങ്ങിപ്പോയതാണ്. അതിൽ എന്റെ മനസിൽ എന്തെങ്കിലും വൃത്തികേടുണ്ടെങ്കിൽ ഞാനെന്റെ മകളുടെയടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല. കുറച്ചു ആൾക്കാർക്കെങ്കിലും വിശ്വാസമുണ്ടെങ്കിൽ വിശ്വസിക്കൂ. പ്ലീസ്. ആ അപകടം പറ്റിപ്പോയി. കൈയിന്ന് വിട്ടുപോയി.

ഫിറോസിനെ താൻ നിർബന്ധിച്ച് കാർ വാങ്ങിപ്പിച്ചു എന്ന ആരോപണം അടക്കം വഫ നിഷേധിച്ചിരുന്നു. ഫിറോസ് ബഹ്റൈനിലായിരുന്നപ്പോൾ തന്റെ പേരിൽ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകൾസഹിതം ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കുന്നു. എന്തിനാണ് എന്റെ പേരിൽ വായ്പയെടുത്ത് കാർ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ വഫയുടെ പപ്പ അടക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോൾ പുള്ളിക്കാരൻ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയിൽ പറയുന്നു. കേസിന്റെ നാൾവഴികൾ പിന്നിട്ടു. വഫ ജയിലിലും കിടന്നു. ശ്രീറാമും അവരെ കൈവിട്ടു.