വാഗമൺ മൊട്ടക്കുന്നുകൾക്ക് രണ്ടു വർഷം മുൻപുള്ള ഗതിയല്ല ഇപ്പോൾ ഈ വർഷകാലത്തിൽ പോലും. രണ്ടു വർഷം മുൻപ് അവിടം സന്ദർശിക്കുമ്പോൾ ഈ നാശത്തിന് ആരംഭം കുറിച്ചതായി കണ്ടിരുന്നു, എഴിതിയിരുന്നു. ഈ സ്ഥിതിയാവില്ല ഇനി രണ്ടു വർഷം കൂടി കഴിയുമ്പോൾ. ഡിറ്റിപിസിക്ക് ആകെ അറിയാവുന്നത് ഒരു വേലി വളച്ചുകെട്ടി അതിനുള്ളിൽ ഒരു ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ച് മൊട്ടക്കുന്ന് കാണാൻ വരുന്നവരുടെ തലയും ക്യാമറയുടെ തരവും എണ്ണി പൈസ വാങ്ങാനാണ്.

ആളുകൾ യഥേഷ്ടം കൂട്ടമായി മൊട്ടക്കുന്നുകളിൽ ഉത്സവപ്പറമ്പ് പോലെ കയറി മേയുന്നു. യാതൊരു പ്ലാനിംഗും ഇല്ലാതെ ഡിറ്റിപിസി തന്നെ മൊട്ടക്കുന്നുകൾ വെട്ടിപ്പൊളിച്ച് റോഡും മിന്നൽരക്ഷാ ചാലകവും ബോർഡും സ്ഥാപിക്കുന്നു, കുന്നുകളുടെ പ്രകൃതിദത്തമായ ഭംഗി നശിപ്പിച്ചു കൊണ്ടുതന്നെ. ആളുകൾ ചവിട്ടിനടന്ന് പുൽമേടുകൾ നടവഴിപോലെ ചരൽക്കുന്നാവുന്നു. ആ വഴിയിൽ മഴവെള്ളം ഒഴുകി മണ്ണൊലിച്ച് കുന്നുകളിൽ ചെളിവെള്ളച്ചാലുകൾ രൂപപ്പെട്ട് കുന്ന് തന്നെ സാവകാശം ഇല്ലാതാവുന്നു.

വേനൽ ആയാൽ പുല്ലുകൾ ഉണങ്ങി ചരൽ തെളിഞ്ഞ തരിശുനിലങ്ങളാണ് ഇപ്പോൾ അവ. പശ്ചിമഘട്ടത്തിലെ സവിശേഷമായ ഒരു ഭൂവിഭാഗമാണ് പുൽമേടുകൾ. വാഗമൺ മൊട്ടക്കുന്നുകൾ അവയുടെ പ്രകൃതിദത്തമായ രൂപപ്പെടലിൽ തന്നെ വളരെ ലോലവും പാരിസ്ഥിതിക പ്രാധാന്യം ഉള്ളവയുമാണ്. അവിടെ നിന്നാണ് മീനച്ചിൽ നദിയുടെ പ്രധാന നീരൊഴുക്കുകൾ രൂപപ്പെടുന്നത്. മൊട്ടക്കുന്നുകൾ നശിക്കുമ്പോൾ മീനച്ചിലിൽ കാലവർഷത്തിൽ ചെളിവെള്ളം കുത്തിയൊഴുകി മലവെള്ളപാച്ചിൽ രൂപപ്പെടുകയും, വേനലിൽ അത് വറ്റിവരളുകളും ചെയ്യും. പുൽമേടുകൾ നീർച്ചാലുകൾ രൂപപ്പെടുന്നതിൽ പ്രകൃതിദത്തമായി ഒരു സ്പഞ്ജിന്റെ ധർമ്മം നിർവ്വഹിക്കുന്നു.

മഴക്കാലത്ത് ഭൂമിയിൽ നേരിട്ട് പതിക്കുന്ന വെള്ളം ശക്തിയായി മണ്ണിൽ വീഴാതെ അവ സ്വീകരിച്ച് വളരെ സാവകാശം കുന്നുകൾക്ക് ഇടയിൽ രൂപപ്പെട്ടിരിക്കുന്ന ഷോല ഫോറസ്റ്റുകൾക്ക് വിട്ടുകൊടുക്കുന്നു. ഷോല കാട്ടിനുള്ളിൽ ആണ് തെളിനീരു നിറയുന്ന നീരുറവകൾ രൂപപ്പെടുന്നത്. കാടിന്റെ ഇലച്ചാർത്ത് അതിനെ വെയിൽ നിന്ന് മറച്ച് സൂക്ഷിക്കും, കുളിരാർന്ന ഒരു ഫ്രിഡ്ജ് പോലെ. ഇങ്ങനെയുള്ള പല നീർച്ചാലുകൾ ഒഴുകിച്ചേർന്നാണ് നദി രൂപപ്പെടുന്നത്.

വാഗമൺ പുൽമേടുകൾ അവയുടെ ഒരടി പുറംമണ്ണിന് താഴേക്ക് പശിമയില്ലാത്ത ചരൽക്കുന്നാണ്. പുല്ലുകളുടെ വേരുകൾ സൃഷ്ടിക്കുന്ന ജൈവീക വലയും അവയുടെ ഇലകൾ വീണ് രൂപപ്പെട്ട പശിമയുള്ള മേൽമണ്ണുമാണ് പുൽമേടുകളെ ആ രൂപത്തിൽ മൊട്ടക്കുന്നുകളായി പിടിച്ചുനിർത്തുന്നത്.

പുല്ലുകൾ നശിച്ചാൽ, മൊട്ടക്കുന്നുകൾ വെട്ടിത്തുറന്ന് നിർമ്മാണം നടത്തിയാൽ, നിരന്തരം വെള്ളമൊഴുകി ആ ചരൽക്കുന്നുകൾ നിസ്സാര കാലയളവിൽ തന്നെ ഇല്ലാതാകും. ഈ ദുരന്തത്തിനാണ് ഉഠജഇ ഇപ്പോൾ പണം പിരിച്ച് വഴിമരുന്നിടുന്നത്. മൊട്ടക്കുന്ന് സന്ദർശകർക്ക് വേണ്ടി ഒരു മാസ്റ്റർ പ്ലാൻ ഇനിയെങ്കിലും തയ്യാറാക്കിയില്ലെങ്കിൽ സർവ്വനാശമാണ് ആ കുന്നുകളുടെ ഗതി.