- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണ്ണിലെ അനധികൃത റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പൂട്ടു വീണേക്കും; ഏലപ്പാറയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന; ഉപ്പുതറയിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തനം തുടങ്ങി; അന്വേഷണം നീളുന്നത് ആയിരത്തോളം സ്ഥാപനങ്ങളിലേയ്ക്കെന്ന് സൂചന
ഇടുക്കി: വാഗമണ്ണിലെ അനധികൃത റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പൂട്ടിടാൻ പഞ്ചായത്തുവകുപ്പും രംഗത്ത്.ഏലപ്പാറയിൽ നാളെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന. ഉപ്പുതറയിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തനം തുടങ്ങി.അന്വേഷണം നീളുന്നത് ആയിരത്തോളം സ്ഥാപനങ്ങളിലേയ്ക്കെന്ന് സൂചന.
മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോംസ്റ്റേകളും കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.ഈ രണ്ട് പഞ്ചായത്തുകളിലായി വാഗമണ്ണിൽ പ്രവർത്തിച്ചുവരുന്ന ഇത്തരത്തിൽപ്പെട്ട ആയിരത്തോളം സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിനും പഞ്ചായത്ത് ലൈസൻസോ മറ്റ് വകുപ്പുകളുടെ അനുമതിയോ ഇല്ലന്നാണ് അധികൃതർ നടത്തിയ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം അടച്ചിരുന്നു.ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രാവാഹം ആരംഭിച്ചതോടെ ഇവയെല്ലാം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇത്തരത്തിൽപ്പെട്ട ഭൂരിപക്ഷം സ്ഥാപനങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് വാഗമൺ പൊലീസ് പഞ്ചായത്ത് അധികൃതരെ രേഖമൂലം അറിയിച്ചിരുന്നു.
ക്ലഫ് ഇൻ റിസോർട്ടിൽ ഡി ജെ പാർട്ടി സംഘടിപ്പിച്ചതും ഇതിൽ പങ്കെടുക്കാനെത്തിയ മോഡലും സിനിമതാരവുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരെ വിലപിടിപ്പുള്ള മയക്കുമരുന്നുമായി .അറസ്റ്റുചെയ്യുകയും ചെയ്തതോടെയാണ് റിസോർട്ടുകളെയും ഹോംസ്റ്റേകളെയും സംബന്ധിച്ച് പൊലീസ് നിലപാട് കടുപ്പിച്ചത്. ഇതെത്തുടർന്ന് മേഖലയിൽ നടത്തിയ പ്രാഥമീക പരിശോധനയിൽത്തന്നെ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വാഗമൺ പൊലീസിന് ബോദ്ധ്യപ്പെട്ടിരുന്നു.ഇതെത്തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വാഗമൺ സി ഐ ജയസനിൽ രേഖമൂലം വിവരം കൈമാറുകയും ചെയ്തിരുന്നു.
കോലിഡ് കാലമായതിനാൽ ലൈസൻസ് പൂതുക്കി നൽകിയിരുന്നില്ലന്നും ഇപ്പോൾ ഇതിനുള്ള നടപടികൾ നടന്നുവരികയാണെന്നും ഏതാനും സ്ഥാപനങ്ങൾ ഇതിനകം തന്നെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്നുമാണ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ മറുനാടനുമായി പങ്കുവച്ച വിവരം. കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് പരിധിയിൽ ലൈസൻസുള്ള 80-ൽപ്പരം സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നെന്നും ഇതിൽ ഏതാനും സ്ഥാപനനടത്തിപ്പുകാർ ഇതിനകം തന്നെ ലൈസസൻസ് പുതുക്കിയതായിട്ടുമാണ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.എന്നാൽ പഞ്ചായത്ത് പരിധിയിൽ കൂണുമുളച്ചതുപോലെയാണ് റിസോർട്ടുകൾ പ്രവർത്തിക്കുന്നതെന്നും ഇത് ബന്ധപ്പെട്ട അധികൃതരുടെ മൗനസമ്മതത്തോടെയായിരുന്നെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഏലപ്പാറ പഞ്ചായത്തിലെയും സ്ഥിതിവ്യത്യസ്ഥമല്ലന്നാണ്് ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.ഇവിടെ കുത്തകപാട്ടവ്യവസ്ഥയിൽ പാട്ടത്തിനെടുത്ത 55 ഏക്കറിൽ 200 ലേറെ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഈ ഭൂമി ഒഴിപ്പിച്ചെടുക്കാൻ റവന്യൂവകുപ്പ് നടപടികൾ ആരംഭിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ -സാമ്പത്തീക ഇടപെടലുകളെത്തുടർന്നാണ് മേഖലയിൽ അനധികൃത റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിച്ചുവന്നിരുന്നതെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരിൽ ചിലരൊക്കെ മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സാധാരണക്കാർക്കുപോലും മനസ്സിലാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ,മാനദണ്ഡങ്ങളെല്ലാം കാറ്റിപ്പറത്തി കോവിഡ് വ്യാപനത്തിനിടയിലും റിസോർട്ടുകളും ഹോംസ്റ്റേകളും അനധികൃതമായി പ്രവർത്തിക്കുന്നു എന്നത് നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്ന കാര്യത്തിൽ തർക്കമില്ല.ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വിലങ്ങുതടിയാവുന്നത് രാഷ്ട്രീയ ഇടപെടലുകളാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
നിയമം ലംഘിച്ചതായി ആരോപിച്ച് നടുറോഡിൽ മർദ്ദനവും തെറിവിളിയും പുരോഗമിക്കുമ്പോൾ ഇവിടെ പരിസ്ഥിതിയെ അപ്പാടെ തകർത്ത് സർവ്വനിയമങ്ങളും ലംഘിച്ച് ഇത്രയേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.