യുഎഇയിൽ തൊഴിലാളികളുടെ ശമ്പളം ഉറപ്പുവരുത്തുന്ന വേതനസുരക്ഷാ നിയമം നാളെ മുതൽ നിലവിൽ വരും.തൊഴിലാളികളുടെ മുഴുവൻ ശമ്പളവും നിശ്ചിത സമയത്തിനകം ലഭിക്കുന്നതിനായാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്.16 ദിവസം ശമ്പളം വൈകിയാൽ കമ്പനികൾക്കെതിരെ നടപടി ആരംഭിക്കുന്നതാണ് ഈ നിയമം. തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഏറെ പരിഗണന നൽകുന്ന നിയമം രാജ്യത്തെ തൊഴിൽമേഖലയെ ശക്തമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ജൂലൈ 26 നാണ് തൊഴിൽമന്ത്രി സഖർ ഗോബാഷാണ് ശമ്പള സംരക്ഷണ നിയമം പ്രഖ്യാപിച്ചത്. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഒക്ടോബർ മൂന്ന് മുതൽ നിയമം ബാധകമാകുന്നത്. ഈ നിയമപ്രകാരം കമ്പനി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ശമ്പളവിതരണ ദിവസം പിന്നിട്ട് പത്തുദിവസത്തിനകം നിർബന്ധമായും വേതനം വിതരണം
ചെയ്തിരിക്കണം. അല്ലാത്തപക്ഷം, ശമ്പളം വൈകി പതിനാറാം ദിവസം മുതൽ കമ്പനിക്ക് നിയമനവിലക്ക് ഏർപ്പെടുത്തും. ശമ്പളം ഒരുമാസത്തിനകം കൊടുത്തുതീർത്താൽ വിലക്ക് നീക്കും.

ശമ്പളം ഒരുമാസത്തിൽ കൂടുതൽ വൈകിയാൽ മന്ത്രാലയം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നീതിന്യായ വകുപ്പിന് ശിപാർശ ചെയ്യും. കമ്പനി ഉടമയുടെ മറ്റു സ്ഥാപനങ്ങ ളുടെ പ്രവർത്തനം തടയും. പുതിയ സ്ഥാപനങ്ങൾ ഉടമക്ക് രജിസ്റ്റർ ചെയ്യാനാവില്ല.എന്നിട്ടും ശമ്പള നിഷേധം തുടർന്നാൽ ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് ശമ്പള വിതരണത്തിന് നടപടി സ്വീകരിക്കും. കമ്പനിയെ മൂന്നാം തരമായി തരംതാഴ്‌ത്തും. തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാൻ അവസരം നൽകും. പത്ത് ദിവസത്തിൽ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന തോതിൽ പിഴയടക്കേണ്ടി വരും. 60 ദിവസത്തിലേറെ വൈകിയാൽ 50,000 ദിർഹമാണ് പിഴ. നൂറിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നേരത്തേ നിലവിലുള്ള നിയമമാണ് ബാധകം. ഇത്തരം സ്ഥാപനങ്ങൾ 60 ദിവസം ശമ്പളം വൈകിയാൽ നടപടി നേരിടേണ്ടി വരും.