മലപ്പുറം : സംഘ്പരിവാർ വിവാദമാക്കിയ വാഗൺട്രാജഡി ചിത്രം റെയിൽവേ ചുമരിൽ നിന്നും മായ്ച്ചു കളഞ്ഞതോടെ വാഗൺ ട്രാജഡി ചരിത്രം കൂടുതൽ ചർച്ചയാകുന്നു. കച്ചവട സ്ഥാപനങ്ങളുടെയും മറ്റും ചുമരുകളിൽ മായ്ച്ച ചിത്രം വരക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചിരുന്നു. തിരൂർ നഗരസഭ വാഗൺ ട്രാജഡി ടൗൺഹാളിൽ നിറയെ ചരിത്ര ചിത്രങ്ങൾ വരയ്ക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ ഈ ചരിത്ര സംഭവം സിനിമയുമാകുകയാണ്.

സംഘ്പരിവാർ ഇടപെട്ട് കേന്ദ്രറെയിൽവേ ബോർഡ് തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺട്രാജഡിയുടെ ചുവർ ചിത്രം മായ്ച്ചു കളഞ്ഞതിനു പിന്നാലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം 'വാഗൺ ട്രാജഡി' പ്രമേയമാക്കി ഇതേ പേരിൽ സിനിമയാകുന്നു. തിരക്കഥാകൃത്തും, സംവിധായകനും, മാധ്യമപ്രവർത്തകനുമായ റജി നായരാണ് ഈ ചരിത്ര സിനിമയൊരുക്കുന്നത്.

1921-ൽ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന സമര പോരാളികളെ, ബ്രിട്ടീഷ് ക്രൂരതയാൽ തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും വായു വെളിച്ചമില്ലാത്ത ഒരു വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂർ ജയിലിലേയ്ക്കയക്കുകയായിരുന്നു. വണ്ടി പോത്തന്നൂർ സ്റ്റേഷനിലെത്തി വാഗൺ തുറന്ന ബ്രിട്ടീഷ് പൊലീസുകാരുടെ തന്നെ കണ്ണ് തള്ളിപോകുന്നതായിരുന്നു ആ കാഴ്ച. ശ്വാസം മുട്ടി പരസ്പരം കടിച്ചു കീറി മരണപ്പെട്ട കബന്ധങ്ങളുടെ ദയനീയ ദൃശ്യം. വാഗൺ അതേപടി അടച്ച് തിരൂരിലേക്ക് തന്നെ തിരിച്ചയച്ചതാണ് ചരിത്രം. ഈ ചരിത്ര സംഭവം അതേപടി പകർത്തുന്നതിന് പകരം മരണമുഖത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് വാഗണിൽ സംഭവിച്ച ദുരന്ത ചിത്രീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ റജി നായർ ഇന്ന് തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ഒരു പറ്റം മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയിൽ പ്രണയവും, നൊമ്പരങ്ങളും ഉൾച്ചേരുന്നുണ്ട്. നിസ്സഹായാവസ്ഥയിൽ മനുഷ്യന് മുന്നിൽ ജാതിയും , മതവും, രാഷ്ട്രീയവും, വർഗ്ഗീയതയും ഒന്നുമില്ല. വർത്തമാനകാലത്ത് 'നിപ്പ വൈറസ് ' ഭീതിയിലും പ്രളയ പ്രഹരത്തിലും ഇത് നാം നേരിട്ടനുഭവിച്ചതാണ്. അവിടെ പകയില്ല, യാതൊരു ശത്രുതയുമില്ല. ഇതാണ് ലോകത്തെങ്ങും മനുഷ്യൻ. ഈ സന്ദേശം പകരുന്നതായിരിക്കും 'വാഗൺ ട്രാജഡി' സിനിമയെന്ന് റജി നായർ പറഞ്ഞു.

തിരൂർ എംഎ‍ൽഎ. സി. മമ്മൂട്ടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ 'വാഗൺ ട്രാജഡി'യുടെ ചരിത്രത്തെ ' ലൈറ്റ് ആൻഡ് സൗണ്ട് ഷോ'യുടെ സ്ഥിരം പ്രദർശന ഡോക്യുമെന്ററി ഒരുക്കുന്നതിലേക്കുള്ള തിരക്കഥ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് വാഗൺ ദുരന്തത്തെ സിനിമയാക്കാനുള്ള ആശയത്തിലെത്തുന്നത്. ചരിത്രത്തെ സ്ഥായിയായി രേഖപ്പെടുത്തലാണ് ലക്ഷ്യമെന്ന് റെജിനായർ പറഞ്ഞു.

വാഗൺ ട്രാജഡിക്കു സാക്ഷ്യം വഹിച്ച പ്രദേശമായ തിരൂർ സ്വദേശിയായ റജി നായർക്ക് ഈ ചരിത്ര പ്രദേശങ്ങൾ നേരിട്ടറിയാവുന്നതും തുണയാകുന്നു. പൃഥ്വിരാജിനെയും, ടൊവിനോ തോമസിനെയുമാണ് പ്രധാന കഥാപാത്രങ്ങളായി പരിഗണിക്കുന്നത്. കൂടെ ബ്രിട്ടീഷ് ടി.വി.താരങ്ങളും മുഖ്യവേഷങ്ങളിലെത്തും. റെയിൽവേ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്റ്റേഷനിലെ വാഗൺ ട്രാജഡി ദൃശ്യങ്ങൾ മായ്ച നടപടിയെ അപലപിച്ച റജി നായർ ചരിത്രങ്ങളെ മനസ്സുകളിൽ നിന്നും മായ്ക്കുക അസാധ്യമാണെന്നും കൂട്ടിച്ചേർത്തു.

റെയിൽവേ നടപടിയിൽ തിരൂരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ' വാഗൺ ട്രാജഡി ' സിനിമയാക്കി ചരിത്രത്തെ സ്ഥിരപ്പെടുത്തൽ. മമ്മൂട്ടി നായകനായ പട്ടാളം , പൃഥ്വിരാജ് , ഇന്ദ്രജിത് ചിത്രമായ 'ഒരുവൻ ' സിനിമകളുടെ തിരക്കഥാകൃത്തും , ശാരദ നായികയായെത്തിയ 'കലികാലം' സിനിമയുടെ സംവിധായകനുമാണ് റജി നായർ . രക്തസാക്ഷിയായ കേണൽ നിരജ്ഞന്റെ അന്ത്യനിമിഷത്തെ 'വാർ ഫ്രണ്ട് ' എന്ന പേരിലൊരുക്കിയ ഷോർട്ട് ഫിലിമും ഏറെ ശ്രദ്ധ നേടിയിരുന്നു.