- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് ബോർഡ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്; പി.എസ്.സിക്ക് വിട്ട നടപടി പുനഃപരിശോധിക്കും; നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരും; മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും പിണറായി
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടികൾ പുനപ്പരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കടുത്ത എതിർപ്പു ഉയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ഐ.യു.എം.എല്ലിന്റെ ഭാഗത്ത് നിന്ന് ഉയർന്നത് നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സമ്മേളന കാലയളവിൽ വഖഫ് നിയമനം പി.എസ്.സിക്കു വിട്ട സർക്കാർ തീരുമാനം പിൻവലിക്കാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു സമസ്ത അടക്കമുള്ളവർ. നിയമനം സംബന്ധിച്ച നിയമം നിയമസഭയിൽ പാസാക്കിയതായതിനാൽ സഭയിൽ തന്നെ റദ്ദാക്കേണ്ട അവസ്ഥയിലാണ് ഇനിയുള്ള കാര്യങ്ങൾ. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് സമസ്ത പോഷകഘടകമായ സുന്നി മഹല്ല് ഫെഡറേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ പ്രതിഷേധം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങളിൽനിന്ന് സമസ്ത പിന്മാറി. എന്നാൽ, സർക്കാർ തീരുമാനം റദ്ദാക്കാത്തതിനാൽ മുസ്‌ലിം ലീഗ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോയി. മാസങ്ങൾ പിന്നിട്ടശേഷം കഴിഞ്ഞ റമദാനിൽ മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിന്നീട് ഇതുസംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രി സമസ്തക്ക് നൽകിയ രണ്ട് ഉറപ്പുകൾ നിലനിൽക്കെ, വഖഫ് ബോർഡ് സിഇഒയുടെ ഡ്രൈവർ കം പേഴ്‌സനൽ അറ്റൻഡറായി ഇതര സമുദായാംഗത്തെ നിയമിച്ചതും വിവാദമായിരുന്നു. വഖഫ് ബോഡിന്റെ പുതിയ സിഇഒ വി എസ്. സക്കീർ ഹുസൈന്റെ പേഴ്‌സണൽ സ്റ്റാഫിലേക്കാണ് സമുദായ സംഘടനകളെ ചൊടിപ്പിച്ച നിയമനം നടന്നത്.
തീരുമാനം അവകാശ ലംഘനമാണെന്നാണ് സമസ്തയുടെ പ്രതികരണം. എന്നാൽ സ്വീപ്പർ, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റ് സമുദായ അംഗങ്ങളെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോർഡ് സിഇഒയുടെ വിശദീകരിച്ചതും. എപ്രിൽ 25-ന് ചേർന്ന ബോർഡ് യോഗത്തിലാണ് തൃശ്ശൂർ ആലപ്പാട്ട് സ്വദേശി എ.പി.സാൽമോനെ സിഇഒയുടെപേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിക്കാൻ നടപടിക്ക് നിർദേശമുണ്ടായത്. ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി സാൽമോൻ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.
വഖഫ് ബോർഡ് മെമ്പർമാരുടെ എതിർപ്പ് മറികടന്നായിരുന്നു ചെയർമാൻ ടി.കെ.ഹംസയുടെ തീരുമാനം. മുൻ സിഇഒയുടെ അറ്റൻഡറായിരുന്ന സമുദായാംഗത്തെ പിരിച്ചു വിട്ടുകൊണ്ടുള്ള പുതിയ നിയമനം അവകാശ നിഷേധമാണെന്ന വിമർശനവു ഉയർന്നിരുന്നു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് 2016 ജനുവരിയിലാണ് മുസ്ലിം സമുദായ അംഗത്തെ മാത്രമേ നിയമിക്കാവൂ എന്ന് വഖഫ് ബോർഡ് റെഗുലേഷനിൽ നിർദേശിച്ചത്. എന്നാൽ എൽഎഡിഎഫ് സർക്കാർ 2020 എപ്രിലിൽ നിയമനം പിഎസ്‌സിക്ക് വിട്ട് കൊണ്ടിറിക്കിയ വിജ്ഞാപനത്തിൽ ഈ വ്യവസ്ഥ നീക്കുകയായിരുന്നു. ഇടത് സർക്കാറിന്റെ ആസൂത്രിത നീക്കത്തിന്റെ തുടർച്ചയാണ് പുതിയ നിയമനം എന്നാണ് എതിർക്കുന്നവരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഉറപ്പിൽ വന്പൻ പ്രതിഷേധങ്ങളിൽ നിന്ന് മാറി നിന്ന സമസ്ത ഇനി പരസ്യമായി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. ബോർഡിന്റെ 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സമുദായത്തിന് പുറത്ത് നിന്നുള്ളവരെ നിയമിച്ചതെന്നും മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വഖഫ് പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭവുമായി മുന്നോട്ടുപോയെങ്കിലും സാദിഖലി തങ്ങളുടെ ജില്ല പര്യടന പരിപാടി കാരണം തുടർച്ചയുണ്ടായില്ല. അടുത്ത 28ന് കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ലീഗ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ധർണയിലും വഖഫ് പ്രശ്‌നം വിഷയമാക്കിയിട്ടില്ല. സ്വർണക്കടത്ത്, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ധർണ.
മറുനാടന് മലയാളി ബ്യൂറോ