കാസർകോട്: വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ കേന്ദ്ര വഖഫ് ബോർഡ് കൗൺസിൽ സെക്രട്ടറി ബി.എം.ജമാലിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. പാലക്കുന്ന് തിരുവക്കോളിയിലെ തറവാട്ടുവീട്ടിലാണ് വിജിലൻസ് കോഴിക്കോട് സ്‌പെഷൽ യൂണിറ്റ് ഡിവൈഎസ്‌പി കെ.ഷാനവാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.രണ്ടു ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാററം ചെയ്യപ്പെട്ടതായാണ് കേന്ദ്രവിജിലൻസിന് പരാതി നൽകിയത്. 2007 ൽ സർക്കാർ നിയോഗിച്ച നിസാർ കമ്മിറ്റി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അഴിമതികൾ തടയേണ്ട വഖഫ് ബോർഡിന്റെ പ്രവർത്തനം ഒട്ടും ആശാസ്യകരമല്ല.

2007 മുതൽ 2016 വരെ കേരള വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു ജമാൽ. 2010ൽ ജമാൽ സംസ്ഥാന വഖഫ് ബോർഡ് സിഇഒ ആയിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചതായി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അതിൽ നടപടിയൊന്നും എടുത്തില്ല. അതിന് ശേഷമാണ് പുതിയ പരാതി എത്തിയത്. ഇതിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചില രേഖകൾ സംഘം ശേഖരിച്ചിട്ടുണ്ട്. അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് ബി.എം.ജമാൽ അറിയിച്ചു.

മുസ്ലിം ലീഗിന്റെ നിർദ്ദേശപ്രകാരമാണ് ഇടത് സർക്കാരിന്റെ കാലത്തും ബോർഡ് പ്രവർത്തിക്കുന്നത്. ഈ അഴിമതികൾ ചൂണ്ടിക്കാട്ടി രംഗത്തിറങ്ങുന്നവരെ ഏത് വിധേനയും ഇല്ലാതാക്കുന്ന സമീപനമാണ് വഖഫ് ബോർഡ് സിഇഒ ബിഎം ജമാലിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളതെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.

പരാതിയിലെ പ്രധാനപ്പെട്ട ആരോപണങ്ങൾ:

* മുന്മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്റെ ഭാര്യ മുംതാസിനെ ഡിഗ്രി ഇല്ലാഞ്ഞിട്ടും അനധികൃതമായി തിരുവനന്തപുരം ഓഫീസിൽ ക്ലറിക്കൽ അസിസ്റ്റന്റായി സിഇഒ നിയമിച്ചു. ജോലി സ്ഥിരപ്പെടുത്തി കിട്ടുവാൻ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇവർക്ക് നിയമനം നൽകിയതിലൂടെ ലക്ഷക്കണക്കിന് തുക ശമ്പളം ഇനത്തിൽ നഷ്ടമാവുകയും, ഇതിന്റെ പേരിൽ വൻ സാമ്പത്തിക പിരിവ് ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻ സിഇഒ കൈപ്പറ്റുകയും ചെയ്തു.

*സെൻട്രൽ വഖഫ് കൗൺസിലിൽ നിന്നും വഖഫ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ലോൺ ശരിയാക്കിയെടുക്കുന്നതിന് 15 ശതമാനം കമ്മീഷൻ കഴിഞ്ഞ 10 വർഷത്തോളമായി മുൻ സിഇഒ ജമാൽ നിർബന്ധപൂർവം വാങ്ങുന്നു.

*മറ്റുള്ളവർ തട്ടിയെടുത്ത ഏക്കർകണക്കിന് വരുന്ന ഭൂമിയും കടമുറികളും തിരിച്ചു പിടിക്കാൻ ഉത്തരവിടാൻ വൈകിപ്പിച്ചതിലൂടെ മുൻ സിഇഒ ലക്ഷങ്ങൾ കമ്മീഷൻ കൈപ്പറ്റി. മുൻ സർക്കാർ സെക്രട്ടറിയെ സ്വാധീനിച്ച് നിരവധി ഗ്രേഡുകൾ മറികടന്ന് അഡീഷ്ണൽ സെക്രട്ടറി റാങ്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിലവിലെ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി ജമാൽ സ്വന്തമാക്കി. വഖഫ് ബോർഡിന്റെ ചെലവിൽ ചട്ടവിരുദ്ധമായാണ് ഇയാൾ സിഇഒ ആയിരുന്ന കാലയളവിൽ വീടെടുത്ത് താമസിച്ചത്.

* എംപ്ലോയ്‌മെന്റ് വഴി താൽക്കാലിക നിയമനം ലഭിച്ച, ആവശ്യത്തിന് യോഗ്യതയില്ലാത്തവർ ജമാലിന്റെ വിവിധ ഉത്തരവ് പ്രകാരം ഇപ്പോഴും തുടരുന്നു. ഇതുവഴി ഇവർ സ്ഥിരം നിയമനത്തിന് അവകാശം നേടിയെടുക്കുന്നു. വഖഫ് ബോർഡിന്റെ ഏഴ് ഓഫീസുകളിലായി 105 പേരിൽ 32 പേർ സ്ഥിരം ജീവനക്കാരും ബാക്കി 73 പേർ താൽക്കാലികക്കാരുമാണ്. പ്രായപരിധി കഴിഞ്ഞയാളെ കേന്ദ്രസർക്കാരിന്റെ സ്‌ട്രെങ്‌തെനിംങ് ഓഫ് വഖഫ് ബോർഡ് പദ്ധതിക്കായി ലീഗൽ അസിസ്റ്റന്റായി ഹഫ്‌സത്തിനെ നിയമിച്ചു.

*വഖഫ് വസ്തു വിൽപ്പന നടത്തി ലഭിച്ചതുക അതാത് മുത്തവല്ലിമാരുടേയും ബോർഡ് ചെയർമാന്റേയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ തുകയെല്ലാം പിൻവലിച്ച് (ആകെ 6,04,38,600 രൂപ) കേരള ഗ്രാമീൺ ബാങ്കിന്റെ കലൂർ ശാഖയിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കാൻ 2014 ൽ ജമാൽ ഉത്തരവിട്ടു. വസ്തു വിറ്റ് ലഭിക്കുന്ന തുക ആറു മാസത്തിനകം ചിലവഴിക്കണമെന്നാണ് നിയമം. ഇപ്രകാരം കമ്മീഷൻ ഇനത്തിൽ ജമാൽ ലക്ഷങ്ങൾ സമ്പാദിച്ചു.

* വഖഫ് റെഗുലേഷൻ ചട്ടം 5(1),3(5) പ്രകാരം നിയമനങ്ങൾ മുസ്ലീങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്ന്യമതസ്ഥരായ കാർത്ത്യായനി രവീന്ദ്രൻ, വൽസ വർഗ്ഗീസ്, ആന്റണി എന്നിവർ എറണാകുളം ഓഫീസിലും, റിന വിൻസെന്റ് കോഴിക്കോട് ഓഫീസിലും, വൽസല തിരുവനന്തപുരം ഓഫീസിലും ചട്ടങ്ങൾ പാലിക്കാതെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സിഇഒ ആയിരുന്ന കാലത്ത് ജമാൽ നിയമിച്ചു. ഇല്ലാത്ത തസ്തികയിലേക്ക് സിഇഒയുടെ 2013 ലെ പ്രൊസീഡിങിലൂടെ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് റിട്ടയർ ചെയ്ത മുഹമ്മദ് റാഫിയെ നിയമിച്ചു. ഇതുവഴി സർക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടായി.

* സർക്കാരിന്റെ ചട്ടങ്ങൾ മറികടന്ന് അനുമതിയില്ലാതെ, ആഡംബര വാഹനങ്ങളടക്കം ഏഴ് വാഹനങ്ങൾ വാങ്ങി. ഈ ഇനത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു. വഖഫ് ബോർഡിന്റെ പേരിൽ വിവിധ കോടതികളിലുള്ള കേസിന്റെ നടത്തിപ്പിലും ചട്ടവിരുദ്ധമായി ഫീസ് നൽകി. ജീവനക്കാർക്ക് മേലുള്ള നിയമന കേസുകളിൽ പോലും ബോർഡ് സർക്കാർഫണ്ട് ഉപയോഗിച്ചു. ഈ ഇനത്തിൽ കോടികളുടെ അഴിമതി നടന്നു.

* ദുർബല വിഭാഗങ്ങൾക്ക് പെൻഷനും ചികിത്സാ സഹായവും നൽകുന്ന കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതി ബോർഡ് വഴിയാണ് നടപ്പാക്കുന്നത്. സർക്കാർ സ്ഥാപനത്തിൽ മാത്രമേ പദ്ധതി വിഹിതം സൂക്ഷിക്കാവു എന്ന ചട്ടം നിലനിൽക്കെ, പദ്ധതിക്ക് ഗ്രാന്റായി ലഭിച്ച 2 കോടി രൂപ എസ്.ബി.ടിയിൽ നിന്ന് പിൻവലിച്ച പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനമായ കൊടാക്ക് മഹീന്ദ്രയിൽ ജമാൽ നിക്ഷേപിച്ചു.

* 25,000 രൂപയിൽ അധികം ചെലവ് വരുന്ന നിർമ്മാണ പ്രവൃത്തികൾക്കെല്ലാം പത്രത്തിൽ പരസ്യം നൽകി ടെൻഡർ ക്ഷണിക്കണമെന്നിരിക്കെ, ബോർഡിന്റെ ഹെഡ് ഓഫീസിന്റെ നിർമ്മാണ പ്രവൃത്തികൾ ടെൻഡർ വിളിക്കാതെ, കെ.എം ജമാലിന്റെ ജബിസിനസ് പാർട്ടണറായ അബ്ദുൾ റഹിമാന് നൽകി.