പാലക്കാട്: വാളയാറിലെ സഹോദരങ്ങളുടെ മരണത്തിൽ ഡമ്മി പരിശോധന നടത്തി സിബിഐ. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കിയാണ് പരിശോധന. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ടു കുട്ടികളാണ് മാസങ്ങളുടെ വ്യത്യാസത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നും രണ്ടാമത്തെ പെൺകുട്ടിയെ മാർച്ചു നാലിനുമാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രണ്ട് സഹോദരിമാരും ലൈംഗിക പീഡനത്തിനിരയായാണു മരിച്ചതെന്ന് കണ്ടെത്തിയെങ്കിലും പൊലീസിന്റെ അന്വഷണം കാര്യക്ഷമമല്ലാതിരുന്നതിനാലാണ് അന്വേഷണം സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ആഴ്ച കേസിലെ പ്രതികളെ സിബിഐ, ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവു പ്രകാരം, അഭിഭാഷകയുടെ സാന്നിധ്യത്തിലാണു ചോദ്യം ചെയ്തത്. കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികളെല്ലാം മറികടന്ന് സിബിഐ പ്രത്യേക അന്വേഷണസംഘം വിപുലമായി തന്നെ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് മലമ്പുഴ ജയിലിലുള്ള ഒന്നാംപ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ ഒരുമണിക്കൂറിലേറെ ചോദ്യം ചെയ്തത്.