തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹാഥ്രാസിൽ നടന്ന ക്രൂരമായ ബലത്സംഗം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ കേസ് കേരളത്തിൽ അടക്കം വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ നമ്മുടെ നാട്ടിൽ നടന്ന ക്രൂരമായ ബലാത്സംഗവും പീഡനവും ദുരൂഹ മരണവുമായിരുന്നു വാളയാറിലെ പെൺകുട്ടിയുടെ കേസ്. ഈ കേസിനെ നോക്കി കേരളത്തിലെ ബുദ്ധിജീവികളിൽ അധികമാരും നെടുവീർപ്പിട്ടു കണ്ടിട്ടില്ല. ഇതിന് കാരണം, ഇത് പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലായിരുന്നു എന്നതു കൊണ്ടായിരുന്നു. എങ്കിലും കേരളത്തിൽ നീതിബോധം നശിക്കാത്ത ചിലർ നടത്തിയ പോരാട്ടത്തിന് ഒടുവിൽ വാളയാർ കേസിലെ വെറുതേവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി ഒടുവിൽ പുനർവിചാരണക്ക് ഉത്തരവിടുകയായിരുന്നു.

ഇന്ന് പുറത്തുവന്ന ഈ വിധി ഇന്ത്യൻ ജുഡീഷ്യൽ വ്യവസ്ഥയിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാറുകയാണ്. സാധാരണ ഗതിയിൽ ഒരു കേസിൽ ഒരാൾ ഒരിക്കൽ മാത്രമേ വിചാരണ ചെയ്യാൻ സാധിക്കാവൂ. പ്രോസിക്യൂഷനാണ് ഇക്കാര്യത്തിൽ നിർണായക നീക്കം നടത്തേണ്ടത്. അപ്പീൽ കോടതി വിചാരണ കോടതി എന്തു പരിശോധിച്ചു എന്നാണ് പരിശോധിക്കുന്നത്. കേസ് അന്വേഷിച്ചവർ തെളിവുകൾ അടക്കം അട്ടിമറിച്ച ഈ കേസിൽ അപൂർവ്വമായ സംഭവമാണ് ഇപ്പോൾ ഉണ്ടായത്.

ഹൈക്കോടതി വിധി അനുസരിച്ച് ഇനി വിചാരണ നടക്കണമെങ്കിൽ കേസിൽ പുനരന്വേഷണവും നടത്തേണ്ടതുണ്ട്. ഇപ്പോൾ വെറുതേവിട്ട പ്രതികൾ വീണ്ടും പ്രതികളാകും. കൂടാതെ സർക്കാർ മറ്റൊരു അന്വേഷണത്തെ വെക്കേണ്ടിയും വന്നേക്കും. വിധിക്കെതിരെ പ്രതികൾക്ക് സുപ്രീംകോടതിയെ സമീപിക്കാൻ സാധിക്കുമെങ്കിലും അത് എന്നു സംഭവിക്കുമെന്നാണ് അറിയേണ്ടത്. ഇനി അന്വേഷണം നടക്കുമ്പോൾ ചില പ്രമുഖരും വന്നേക്കാമെന്ന വിലയിരുത്തലുമുണ്ട്.

കേസ് തേച്ച് മായ്ച്ച് കളയാൻ സിപിഎം ഇടപെട്ടു നടത്തിയ ശ്രമത്തിന്റെ ഭാഗമായി വന്ന പ്രതികൾ ആണ് കേസിലുള്ളത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പാർട്ടിക്ക് വേണ്ടി ഓപ്പറേഷൻസ് നടത്തുന്ന താഴെത്തട്ടിലുള്ള ചിലരെ പിടിച്ച് പ്രതികളാക്കി മാറ്റുകയായിരുന്നു എന്നാണ് വാളയാർ കേസിനെക്കുറിച്ച് നിലനിൽക്കുന്ന ശക്തമായ ആക്ഷേപം. അതുകൊണ്ട് കൂടിയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്. നിലവിൽ ഇതിനെ ഹൈക്കോടതി അനുകൂലിച്ചിട്ടില്ല. എന്നാൽ പുനർവിചാരണയുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ സർക്കാരിന് ഈ കേസ് സിബിഐ്ക്ക് വിടാവുന്നതുമാണ്.

വാളയാറിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന്നിരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടു. യഥാർത്ഥ പ്രതികൾ കാണാമറയത്ത്. പ്രതിപ്പട്ടികയിൽ ചിലർ പ്രതികളായി ചേർക്കപ്പെട്ടു. ദുർബലമായ ചാർജ് ഷീറ്റിന്റെ ബലത്തിൽ അവർ പാലക്കാട് സെഷൻസ് കോടതിയിൽ നിന്നും ഊരിപ്പോരുകയും ചെയ്തു. കേസ് അന്വേഷണത്തിനു നേതൃത്വം നൽകി പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാൻ നേതൃത്വം നൽകിയത് പൊലീസും. ഇതാണ് വാളയാറിൽ ഉയർന്ന ആരോപണം. വാളയാർ കേസിന്റെ എല്ലാ ഘട്ടത്തിലും ഒത്തുകളി ദൃശ്യമാണ്. അതിനാൽ കേസിൽ പുനരന്വേഷണം ആവശ്യമാണ്.

വാളയാർ കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലാക്കി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറമാണ് വാളയാറിൽ പ്രതിഷേധം ശക്തമാക്കിയത്.. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷനും റിപ്പോർട്ട് നൽകിയിരുന്നു. മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെയാണു ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചിരുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്കാണ് കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.

ഡിവൈഎസ്‌പി സോജനെ ക്രൈംബ്രാഞ്ച് എസ്‌പിയാക്കുന്നതാണ് പിന്നീട് കണ്ടത്. പ്രായപൂർത്തിയാകാത്ത ഈ രണ്ടു പെൺകുട്ടികൾ സ്വമനസോടെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തതാണ് എന്നാണ് ഒരു ചാനലിൽ ഡിവൈഎസ്‌പി പറഞ്ഞത്. ഇതേ ഡിവൈഎസ്‌പിയാണ് എസ്‌പിയായി നിയമിതനായി. സോജനെ എസ്‌പിയാക്കിയ പ്രമോട്ട് ചെയ്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാർ വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആണിത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. മാർച്ച് 4 -ന് ഇളയകുട്ടിയും ഇതേ രീതിയിൽ മരിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഈ പിഞ്ചു കുട്ടികൾ ഇരകളായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത്.

മലദ്വാരം വിശാലമായി കാണപ്പെട്ടത് എങ്ങനെ

ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ഫോറൻസിക്ക് വിദഗ്ധനുമായ ഡോ ജിനേഷ് പിസ് മാസങ്ങൾക്ക് മുമ്പ് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നതിന്റെ വ്യക്തമായ തെളിവ് അദ്ദേഹം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.

ഡോ. ജിനേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്.''മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെന്റീമീറ്റർ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു. മുറിവുണങ്ങി നേർരേഖയിൽ ഉള്ള പാടുകൾ മലദ്വാരത്തിന്റെ വക്കിൽ ഉടനീളം കാണപ്പെട്ടു, പ്രസരിക്കുന്ന രീതിയിൽ. പുതിയ മുറിവുകളൊന്നും മലദ്വാരത്തിലും കനാലിലും ഇല്ലായിരുന്നു.''

കോടതിവിധിയിൽ ഉള്ള പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ്. കൂടാതെ മലദ്വാരത്തിന്റെ ഫോട്ടോയും റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു.

ഇതുകൂടാതെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിലെ ഒപ്പീനിയൻ നൽകുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:

''മുൻപ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്''

ഇതിനെക്കുറിച്ച് ആ വിധിയിൽ വന്നിരിക്കുന്നത്:

''മലദ്വാരത്തിലൂടെ പെനെട്രേഷൻ നടത്തി എന്ന് ഡോക്ടർ നൽകിയ ഒപ്പീനിയൻ കൺക്ലൂസീവ് പ്രൂഫ് അല്ല.''

പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് നൽകാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പീഡനം നടക്കുന്നത് മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണെങ്കിൽ ശാസ്ത്രീയ പരിശോധനയ്ക്കായി സെമൻ അല്ലെങ്കിൽ പുരുഷ ബീജം കിട്ടാനുള്ള സാധ്യതയും ഇല്ല.

പ്രതിസ്ഥാനത്തുള്ളവരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷനും പൊലീസിനും ഹാജരാകാൻ പറ്റിയില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാം, അത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. പക്ഷേ ചിത്രങ്ങൾ സഹിതം വിശദമായ പോസ്റ്റ്‌മോർട്ടം പരിശോധന റിപ്പോർട്ട് നൽകിയിട്ടും പീഡനം നടന്നതായി തെളിയിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നതെങ്കിൽ ഒന്നും പറയാനില്ല.

പോസ്റ്റ്‌മോർട്ടം പരിശോധന റിപ്പോർട്ട് ഒരു കൊറോബറേറ്റീവ് എവിഡൻസ് മാത്രമാണ് എന്ന് മനസിലാക്കാതെ പറയുന്നതല്ല. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തിൽ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൂടുതൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നില്ല.

ഞാൻ പറയുന്നതിൽ സംശയം തോന്നുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് വായിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഈ വിവരണം സ്വന്തം മലദ്വാരവും ആയി ഒന്ന് താരതമ്യം ചെയ്താൽ മതി. 3 സെന്റിൽ മീറ്ററിൽ കൂടുതൽ അളവ് എന്നു പറയുമ്പോൾ എന്താണ് എന്ന് ആലോചിച്ചു നോക്കൂ ? അതും ഒരു ചെറിയ കുട്ടിയുടെ ശരീരത്തിൽ ? ഇല്ലെങ്കിൽ ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന പീഡനം നടന്ന മലദ്വാരത്തിന്റെ ചിത്രങ്ങൾ എടുത്ത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ... ഇതിൽ കൂടുതൽ ലളിതമായി പറഞ്ഞു തരാൻ ആവില്ല.

''മരണകാരണം തൂങ്ങി മരണം എന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. എന്നാൽ കുട്ടിയുടെ പ്രായവും ഉപ്പൂറ്റി മുതൽ വലതുകൈയുടെ നടുവിരൽ അറ്റം വരെയുള്ള പരമാവധി നീളവും (151 സെന്റീ മീറ്റർ) പരിഗണിച്ചാൽ കെട്ടി തൂക്കിക്കൊന്നത് ആവാനുള്ള സാധ്യത ഉള്ളതിനാൽ സംഭവം നടന്ന മുറിയിലെ അളവുകൾ പരിശോധിച്ച് അന്വേഷണം നടത്തി സ്ഥിരീകരിക്കണം.''


പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്ത ഡോക്ടർ മരണകാരണമായി പറഞ്ഞിരുന്നതാണ്.

കുട്ടിയുടെ ഉയരം 129 സെന്റീമീറ്റർ. ഉപ്പൂറ്റി മുതൽ വിരലറ്റം വരെയുള്ള നീളം 151 സെന്റീമീറ്റർ. തൂങ്ങിയ ഉത്തരത്തിന്റെ ഉയരം 246 സെന്റീമീറ്റർ.

ആ മുറിയിൽ ഒടിഞ്ഞ ഒരു കസേരയും ഒരു കട്ടിലും ഉണ്ടായിരുന്നു എന്ന കാരണത്താൽ ആത്മഹത്യയാവാം എന്ന് അന്വേഷ സംഘം അനുമാനിച്ചു എന്നാണ് വിധിയിൽ നിന്നും മനസ്സിലാവുന്നത്. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഒരു ചെറിയ കുട്ടിയുടെ കാര്യമാണിത്. കട്ടിലിന്റെയും കസേരയുടെയും ഉയരത്തെ കുറിച്ചൊരു ചോദ്യം പോലും പ്രോസിക്യൂട്ടർ ചോദിച്ചിട്ടില്ല.

സാധാരണഗതിയിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയ ഡോക്ടർ പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ക്രൈം സീൻ വിസിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം അപേക്ഷ കൊടുക്കുമ്പോഴാണ് ഇങ്ങനെ പോവുക. മരണം നടന്ന സ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ, ഒരു റിപ്പോർട്ടിൽ ഇത്ര കൃത്യമായി ഒരു കാര്യം എടുത്തു പറഞ്ഞ സാഹചര്യത്തിൽ...

രണ്ട് വിധിപ്പകർപ്പുകൾ വായിച്ചിട്ടും പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ശേഷം ഡോക്ടർ ക്രൈം സീൻ വിസിറ്റ് ചെയ്തതായി മനസ്സിലായിട്ടില്ല.

പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കുശേഷം ക്രൈം സീൻ വിസിറ്റ് നടത്തിയിട്ട് അത് രേഖപ്പെടുത്താത്തതാണോ എന്നറിയില്ല. പോസ്റ്റ്‌മോർട്ടം പരിശോധനക്ക് മുൻപ് ഡോക്ടർ സീൻ വിസിറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ല ഞാൻ എഴുതിയിരിക്കുന്നത്. കാരണം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷമാണ് മരണകാരണം കണ്ടുപിടിക്കുന്നതും മുറിയിലെ അളവുകൾ പരിശോധിക്കണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപെടുത്തുന്നതും.

സത്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ?

ഇതിനിടയിൽ കാര്യമായി പഠിക്കാതെയാണ് വിഷയങ്ങൾ അവതരിപ്പിച്ചത് എന്ന് പ്രോസിക്യൂട്ടർ പറഞ്ഞതായി വാർത്ത.

ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒരേ പോലെ ഉത്തരവാദികളാണ്, ആഭ്യന്തരമന്ത്രിക്കും നിയമ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്.

ഒരു പുനരന്വേഷണം അല്ലാതെ മറ്റൊരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല. അത് നീതിപൂർവ്വം നടക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരാണ്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ആണ്. സാധ്യമായതെല്ലാം ചെയ്തിരിക്കും എന്ന് നിയമസഭയിൽ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ.'- ഇങ്ങനെയാണ് ഡോ ജിനേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.