തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്. കേസിൽ ആദ്യം അന്വേഷണം നടത്തിയ എസ്‌ഐ പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. എസ്‌ഐക്കും അഭിഭാഷകർക്കുമെതിരെ നടപടി പ്രഖ്യാപിച്ച് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചു.

വാളയാറിൽ പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് പി.കെ. ഫനീഫ കമ്മീഷന്റെ കണ്ടെത്തൽ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്‌ഐ അവഗണിച്ചു. കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈഎസ്‌പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ പറയുന്നു.സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ കൂടിയാണ് പി.കെ.ഹനീഫ

കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തു വിട്ടിരുന്നില്ല. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് സഹിതമാണ് ആണ് ബുധനാഴ്ച സഭയിൽ വച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ പി.സി.ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി. കേസന്വേഷിച്ച മറ്റു ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു ഡിജിപി പരിശോധിക്കും. ലത ജയരാജിനെയും ജലജ മാധവനെയും ഇനി പ്രോസിക്യൂട്ടർമാർ ആക്കില്ല. പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് 2 മാസം പ്രാരംഭ പരിശീലനം നൽകണമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുമുൻപ് അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കണമെന്ന ശുപാർശകൾ അംഗീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു

സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും

അതേസമയം, വാളയാർ കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകുമെന്ന് സൂചന. ഒരു തവണ വിധി വന്ന കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി വേണം. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുന്നത്. തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചേക്കും. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സർക്കാർ സിബിഐക്ക് വിട്ടത്.

അന്വേഷണം മുതൽ വിചാരണ വരെ സർക്കാരിന് ഏറെ പഴി കേൾക്കേണ്ടിവന്ന കേസാണ് ഒടുവിൽ സിബിഐക്ക് വിടാൻ തീരുമാനിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിനെതിരേയും വിചാരണക്കോടതിക്കെതിരേയും രൂക്ഷവിമർശനം നടത്തിയാണ് പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിൽ പൊലീസിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.