പാലക്കാട്: കേരളത്തിൽ എന്തുവന്നാലും വിവാദമാകും എന്നുള്ളത് സത്യമാണ്. എന്നാൽ വിവാദമാകേണ്ടത് പലതും ആരും ശ്രദ്ധിക്കുന്നുമില്ല. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും താൽപര്യമില്ലെങ്കിൽ നമ്മുടെ നാട് ചോദിക്കാനും പറയാനും ആളില്ലാത്ത നാടായി മാറുകതന്നെ ചെയ്യും. അതിന്റെ ഉദാഹരണമാണ് വാളയാർ വടക്കഞ്ചേരി ദേശീയപാതയിലെ ടോൾ പിരിവ്. 54 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത നവീകരണം നടത്തുന്നത്. ഇതിൽ പകുതിശതമാനം പണിമാത്രമാണ് പൂർത്തിയായത്. പക്ഷേ ടോൾ പിരിവ് തുടങ്ങിക്കഴിഞ്ഞു. എല്ലാം അറിയാമായിരുന്നിട്ടും സാക്ഷരരായ മലയാളികളും അധ്വാനികളായ തമിഴരും ടോൾ നൽകി 'സുന്ദരയാത്ര' തുടങ്ങിക്കഴിഞ്ഞു. പണി എന്നുതീരുമെന്നുപോലും അന്വേഷിക്കാതെ.

വ്യാഴാഴ്ച അർധരാത്രിമുതലാണ് വാളയാർ പാമ്പാംപള്ളത്തെ ടോൾ പ്‌ളാസയിൽ പിരിവ് ആരംഭിച്ചത്. സർവീസ് റോഡ്, ഡ്രെയ്‌നേജ്, ലോറികൾക്കുള്ള പാർക്കിങ് ഏരിയ എന്നിവയൊന്നും പൂർത്തിയാക്കാതെയാണ് കരാറെടുത്ത കെഎൻആർ കൺസ്ട്രക്ഷൻ കമ്പനി ടോൾപിരിവ് തുടങ്ങിയത്.

വാളയാർമുതൽ വടക്കഞ്ചേരിവരെയുള്ള 54 കിലോമീറ്റർ ദൂരമാണ് നിലവിൽ നവീകരണം നടക്കുന്നത്. ഇതിനിടയിൽ 12 പാലം, ആറ് മേൽപ്പാലം, 193 കലുങ്ക്, 11 അടിപ്പാത എന്നിവയും നിർമ്മിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ അമ്പതു ശതമാനം പണിപോലും പൂർത്തിയായിട്ടില്ല. വാളയാർ മുതൽ ചന്ദ്രനഗർ വരെയുള്ള 20 കിലോമീറ്റർ ദൂരം മാത്രമാണ് പാതയുടെ പണി 99 ശതമാനം പൂർത്തിയായത്. സർവീസ് റോഡുകളുടെ പണി 70 ശതമാനത്തിലധികം പൂർത്തിയാകാനുണ്ട്. മണലൂർ, മംഗലംപാലം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ പകുതി പോലുമായിട്ടില്ല. ചന്ദ്രനഗർ, മണപ്പുള്ളിക്കാവ്, മണലൂർ, കുഴൽമന്ദം, എരിമയൂർ, ആലത്തൂർ എന്നിവിടങ്ങളിലും സർവീസ്‌റോഡുകളുടെ പണി എവിടെയുമെത്തിയിട്ടില്ല.

കരാർപ്രകാരം നവംബർ 14 നാണ് പണി പൂർത്തിയാക്കി കൺസ്ട്രക്ഷൻ കമ്പനി ദേശീയപാത അഥോറിറ്റിക്ക് റോഡ് കൈമാറേണ്ടത്. അന്നുമുതലാണ് ടോൾപിരിവും തുടങ്ങേണ്ടത്. എന്നാൽ പണിപൂർത്തിയാക്കാതെ ആറുമാസംമുമ്പുതന്നെ ടോൾപിരിക്കാൻ ദേശീയപാത അഥോറിറ്റി അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ഒന്നരമാസംമുമ്പ് കരാർകമ്പനി പാമ്പാംപള്ളത്തെ ടോൾപ്‌ളാസയിൽ വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ എണ്ണം ദേശീയപാതാ അഥോറിറ്റിക്ക് കൈമാറി. കമ്പനി നൽകിയ കണക്കനുസരിച്ചാണ് ദേശീയപാതാ അഥോറിറ്റി വാഹനങ്ങൾക്ക് ടോൾനിരക്ക് നിശ്ചയിച്ചത്.

ലൈറ്റ്‌മോട്ടോർ വാഹനങ്ങൾക്ക് ഒരുഭാഗത്തേക്ക് 45 രൂപയും ഇരുഭാഗത്തേക്കുമായി 70 രൂപയുമാണ് നിരക്ക്. മിനിബസ്, ലഘു ചരക്കുവാഹനം , ലഘുവാണിജ്യവാഹനം എന്നിവയ്ക്ക് ഒരുഭാഗത്തേയ്ക്ക് 75 ഉം ഇരുഭാഗത്തേക്ക് 115 രൂപയുമാണ്. ബസ്, ട്രക്ക് (രണ്ട് ആക്‌സിൽ) 160, 240 എന്നിങ്ങനെയും ഭാരവാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് 250, 370 രൂപയുമാണ് നിരക്ക്.