വാളയാർ: പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്. പരാതിയിൽ ഉൾപ്പെട്ട ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നാളെ മുതൽ സത്യഗ്രഹ സമരം ആരംഭിക്കുന്നത്.

വാളയാർ നീതി സമരസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപമാണ് സമരം ആരംഭിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സമരം തുടങ്ങുന്നത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ സമരത്തിലേക്കു നീങ്ങുന്നതു തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കും. മുൻ അന്വേഷണ ഉദ്യോഗസ്ഥന് എസ്‌പിയായി സ്ഥാനക്കയറ്റം നൽകുന്നതു തടയണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

പോക്‌സോ കോടതി അനുമതി ലഭിച്ചതിനാൽ സംസ്ഥാന സർക്കാർ നിയോഗിച്ച എസ്‌പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും തുടരന്വേഷണം ആരംഭിക്കുക. ഇവരുടെ അപേക്ഷയിലാണു പോക്‌സോ കോടതി അനുമതി നൽകിയത്. സിബിഐ അന്വേഷണം ആരംഭിച്ചാൽ കേസ് ഏറ്റെടുക്കുക പുതിയ അന്വേഷണ സംഘത്തിൽ നിന്നാകുമെന്നാണ് വിവരം.

പ്രതികളായ വി. മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്തമാസം 5 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു പ്രതി എം. മധുവിന്റെ കൂടി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹനീഫ കമ്മിഷൻ കണ്ടെത്തിയിരുന്നു. കേസിൽ ആദ്യം അന്വേഷണം നടത്തിയ എസ്‌ഐ പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐയ്ക്കും അഭിഭാഷകർക്കുമെതിരെ നടപടി വേണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്‌ഐ അവഗണിച്ചു. കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈ.എസ്‌പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു.