- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജ്‌റംഗദളിന്റെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഫേസ്‌ബുക്ക് കണ്ണടയ്ക്കുന്നു; നടപടിയെടുത്താൽ കമ്പനിയുടെ വളർച്ചയെയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന പേരിൽ ഇളവുകൾ; ആക്രമണ ആഹ്വാനങ്ങളുള്ള സന്ദേശങ്ങൾ അടക്കം പ്രചരിപ്പിച്ചിട്ടും കണ്ടില്ലെന്ന ഭാവം; ഫേസ്ബുക്കിനെതിരെ വാൾസ്ട്രീറ്റ് ജേണൽ
ന്യൂഡൽഹി: തീവ്രഹിന്ദുത്വ ഗ്രൂപ്പായ ബജ്‌റംഗദളിന്റെ വർഗീയ വിദ്വേഷ പ്രചരണങ്ങൾക്ക് നേരെ ഫേസ്‌ബുക്ക് കണ്ണടയ്ക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ബജ്‌റംഗദൾ വർഗീയത പ്രചരിപ്പിക്കുമ്പോൾ തങ്ങളുടെ സുരക്ഷാ നയങ്ങളിൽ ഫേസ്‌ബുക്ക് വെള്ളം ചേർക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുവെന്നാണ് വാൾ സ്ട്രീറ്റ് റിപ്പോർട്ടിന്റെ ഉള്ളടക്കം. കമ്പനിയിലെ ചില ജീവനക്കാരെ ഉദ്ധരിച്ചും ഔദ്യോഗിക രേഖകളെ ആധാരമാക്കിയുമാണ് വാർത്ത. ഫേസ്‌ബുക്കിന്റെ സുരക്ഷാസംഘം ഭീകരസംഘടനയായി വിലയിരുത്തിയിരിക്കുന്ന ബജ്‌റംഗദളിനെതിരെ നിലപാടെടുത്താൽ കമ്പനിയുടെ വളർച്ചയെയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന് പറഞ്ഞാണ് ഇളവുകൾ നൽകിയതെന്നാണ് റിപ്പോർട്ട്. ഭരണത്തിലുള്ള ബിജെപിയുമായി ചേർന്ന് ഫേസ്‌ബുക്ക് ബജ്‌റംഗദളിന്റെ ധ്രുവീകരണ നടപടികൾക്ക് ഒത്താശ ചെയ്‌തെന്നാണ് ഞായറാഴ്ച പുറത്തുവിട്ട വാർത്തയിലുള്ളത്.
ഫേസ്‌ബുക്കിന്റെ വഴിവിട്ട വിട്ടുവീഴ്ചകൾ വ്യക്തമാക്കി ഓഗസ്റ്റിൽ വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അടിവരയിട്ടുള്ള തുടർ വാർത്തയാണ് ഇപ്പോഴത്തേത്. ബിസിനസ് വളർത്താൻ ഫേസ്‌ബുക്ക് ബജ്‌റംഗദളിനെ സർവതന്ത്ര സ്വതന്ത്രമായി വിട്ടെന്ന് വാർത്തയിൽ പരാമർശിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ആക്രമണ ആഹ്വാനങ്ങളുള്ള സന്ദേശങ്ങൾ അടക്കം പ്രചരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജൂണിൽ ന്യൂഡൽഹിക്ക് പുറത്ത് ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ബജ്രംഗദളിന്റെ വീഡിയോ സംബന്ധിച്ച ഫേസ്‌ബുക്കിന്റെ നടപടികളെ അധികരിച്ചാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. 2.5 ലക്ഷം പേർ ഈ വീഡിയോ കണ്ടിരുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചരണത്തിന് ഫേസ്‌ബുക്ക് വളമിട്ടുകൊടുക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ചട്ടങ്ങൾ പലതവണ ലംഘിച്ച ബജ്‌റംഗദൾ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നും ബിജെപിക്കെതിരെ നീങ്ങിയാൽ ഇന്ത്യയിലെ ബിസിനസിന് കോട്ടം തട്ടുമെന്നും ഫേസ്‌ബുക്ക് ഭയപ്പെടുന്നതായും റിപ്പോർട്ടിലുണ്ട്. ഫേസ്‌ബുക്ക് ഇന്ത്യയിൽ ബിജെപിയോട് ചായ്വ് കാട്ടുന്നുവെന്നായിരുന്നു ഓഗസ്റ്റിലെ റിപ്പോർട്ടിലെ ഉള്ളടക്കം. ജീവനക്കാരെയടക്കം ഉദ്ധരിച്ചായിരുന്നു അന്നത്തെയും വാർത്ത.
മറുനാടന് മലയാളി ബ്യൂറോ