ന്യൂയോർക്ക്: ഹാലോവീൻ ആഘോഷത്തോടനുബന്ധിച്ച് വാൾമാർട്ട് വില്പനയ്ക്കു വച്ചിരുന്ന കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ വിവാദമായി. ഇസ്രയേലി പട്ടാളക്കാരന്റെ കോസ്റ്റിയൂമും വലിയ മൂക്കുള്ള അറബിയുടെ മുഖംമൂടിയുമാണ് ഇത്തവണ കുട്ടികളുടെ ഹാലോവീൻ ആഘോഷത്തിന് കൊഴുപ്പുകൂട്ടാൻ യുഎസ് സൂപ്പർ മാർക്കറ്റ് വാൾമാർട്ട് കച്ചവടത്തിന് വച്ചിരുന്നത്.

എന്നാൽ ഹാലോവീൻ ആഘോഷങ്ങൾക്കു മുമ്പു തന്നെ ഈ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിലെങ്ങും വിവാദമാകുകയായിരുന്നു. ഇസ്രയേലി പട്ടാളക്കാരന്റെ വസ്ത്രത്തെക്കുറിച്ചും അറബിയുടെ വലിയ മൂക്കോടു കൂടിയ മുഖംമൂടിയെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ പലരും സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി തുടങ്ങി. പിന്നീട് ഇത് അമേരിക്കൻ-അറബ് ആന്റി ഡിസ്‌ക്രിമിനേഷൻ കമ്മിറ്റി (എഡിസി) ഏറ്റെടുക്കുകയായിരുന്നു.

അറബികളെയോ മറ്റേതെങ്കിലും മതവിഭാഗത്തിൽ പെട്ടവരെയോ ജനവിഭാഗത്തെയോ കളിയാക്കുന്ന തരത്തിലുള്ള കോസ്റ്റിയൂമുകൾ വിൽക്കുന്നത് അനുവദിക്കുകയില്ലെന്നും എഡിസി പ്രസിഡന്റ് സമീർ ഖലാഫ് വ്യക്തമാക്കി. മറ്റൊരു ഹാലോവീൻ കോസ്റ്റിയൂമായി ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിന്റെ യൂണിഫോം പ്രദർശിപ്പിച്ചതും വിമർശനങ്ങൾ നേരിടേണ്ടി വന്നു.
മോശം സന്ദേശങ്ങൾ പരത്തുന്നുവെന്നതിന്റെ പേരിൽ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വാനിറ്റി ഫെയർ കവർ ചിത്രവും ഏറെ അപലപിക്കപ്പെട്ടിരുന്നു.