ന്യൂഡൽഹി: പാക്കിസ്ഥാനുമായി സമാധാനം ആഗ്രഹിക്കുന്നത് ഇന്ത്യൻ ജനത മുഴുവനാണ്. ഈ ജനതയുടെ അഭിലാഷം വാനോളം ഉയർന്നിരുന്നു പാക്കിസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തോടെ. എന്നാൽ, പാക്കിസ്ഥാനിലെത്തി മോദി ഉയർത്തിയ സമാധാനത്തിന്റെ വെള്ളപ്പതാകയിൽ തെറിച്ച ആദ്യത്തെ ചോരപ്പാടായി മാറി ഇന്ന് പുലർച്ചെ പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന വിമാനത്താവളത്തിന് നേരെ ഉണ്ടായ ഭീകരാക്രമണം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെങ്കിലും പാക് കരങ്ങൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയം. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സമാധാനം ആഗ്രഹിച്ചാൽ കൂടി പാക് സൈന്യവും ഐസ്എസ്‌ഐയും ചേർന്ന് അത് തല്ലിത്തകർക്കുമെന്ന സന്ദേഹം നേരത്തെ തന്നെ ഉണ്ടായരുന്നു.

ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ തന്നെയാണ് ഭീകരാക്രമണം ഉണ്ടായത് എന്നതിനാൽ തന്നെ തിരിച്ചടിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു കഴിഞ്ഞു. ഭീകരത ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാക്കിസ്ഥാനടക്കം എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ്. നമുക്ക് സമാധാനം വേണം. എന്നാൽ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയുണ്ടാകും. ഇന്ത്യൻ സൈന്യം ശക്തമായി ഇതിനോട് പ്രതികരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

തീവ്രവാദികൾക്കെതിരെ പോരാടിയ സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റി രാജ്യം അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദിക്കെതിരെ നേതാക്കളും തിരിഞ്ഞിട്ടുണ്ട്. പത്താൻകോട്ടിലുണ്ടായ തീവ്രവാദിക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം മോദിക്ക് ലഭിച്ച ആദ്യത്തെ വെല്ലുവിളിയാണിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യപാക് സമാധാന ചർച്ചകൾ മാറ്റിവെക്കണമെന്നും ഉമർ അബ്ദുല്ല ട്വിറ്ററിൽ പ്രതികരിച്ചു. പത്താൻകോട്ടിൽ ഇന്ന് പുലർച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. നാല് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തു. ആറുമണിക്കൂറിലധികമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്.