ന്യൂഡൽഹി: താനൊരു പാക് ചാരനാണെന്ന അവകാശവാദവുമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ യാത്രികൻ വിമാനത്താവള അധികൃതരെ അമ്പരപ്പിച്ചു. ദുബായിൽ നിന്ന് എത്തിയ പാക് പാസ്പോർട്ടുള്ള മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നയാളാണ് താൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന് അന്വേഷണ വിഭാഗത്തിൽ അറിയിച്ചത്.

വിമാനത്താവളത്തിലെ ഹെൽപ് ഡെസ്‌ക്കിൽ എത്തിയ ഇയാൾ 'ഹലോ, ഞാനൊരു ഐഎസ്‌ഐ ഏജന്റാണ്. പക്ഷേ, ഇനി അത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്' എന്നു പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഡെസ്‌ക്കിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്, പാക്കിസ്ഥാൻ ചാരസംഘടനയെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നും മുഹമ്മദ് റഫീഖ് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

38കാരനായ റഫീഖ് ദുബായിൽ നിന്നും ഡൽഹിയിൽ എത്തിയതിനുശേഷം തുടർ യാത്രയ്ക്കായി കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, യാത്ര തുടരാതെ ഇന്ത്യയിൽ തങ്ങാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ഐഎസ്‌ഐ ഏജന്റാണെന്ന് റഫീഖ് ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.