ലോകത്തിന് മുകളിലുള്ള തങ്ങളുടെ മേൽക്കൈ ഉറപ്പിക്കാനായി പ്രമുഖ രാജ്യങ്ങൾ തമ്മിൽ സമീപഭാവിയിൽ കടുത്ത യുദ്ധം ഉറപ്പായും ഉണ്ടാകുമെന്ന പ്രവചനവുമായി അമേരിക്കൻ ആർമി തലവന്മാർ രംഗത്തെത്തി. ചൈനയും റഷ്യയും ഉയർന്ന് വരുന്നത് ഒരേ കരുത്തോടെയാണെന്നും അക്കാരണത്താൽ ലോക പൊലീസ് പദവി നിലനിർത്താൻ അമേരിക്കയ്ക്ക് ഇവരോട് യുദ്ധം ചെയ്തേ മതിയാകൂ എന്നും അവർ സ്ഥിരീകരിക്കുന്നു. ഇത് മൂന്നാം ലോക മഹായുദ്ധമായിരിക്കുമെന്നും അത് സംഭവിച്ചാൽ എന്താണ് സംഭവിക്കുകയെന്നും അവർ മുൻ കൂട്ടി ചില പ്രവചനങ്ങൾ നടത്തുന്നുമുണ്ട്.

ഇന്ന് മിക്ക രാജ്യങ്ങളുടെയും പക്കൽ സ്മാർട്ട് ആയുധങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളവയും ധാരാളം ഉള്ളതിനാൽ ലോകത്തെ മാറ്റിമറിക്കുന്ന യുദ്ധമായിരിക്കും ഇതെന്നും യുഎസ് ആർമി തലവന്മാർ മുന്നറിയിപ്പേകുന്നു. മുന്നറിയിപ്പ് യുദ്ധങ്ങൾ കൈയെത്തും ദൂരത്തെത്തിയെന്നുറപ്പാണെന്നും അവർ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള യുദ്ധം കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും വളരെ വേഗത്തിലുള്ളതായിരിക്കുകയും ചെയ്യുമെന്നാണ് വാഷിങ്ണിൽ വച്ച് നടക്കുന്ന അസോസിയേഷൻ ഓഫ് യുഎസ് ആർമിയുടെ വാർഷിക മീറ്റിംഗിൽ വച്ച് സംസാരിക്കവെ മേജർജനറൽ വില്യം ഹിക്സ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വരുംകാല യുദ്ധങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണായകപപങ്ക് വഹിക്കുന്നതിനാൽ മെഷീനുകളാൽ നിയന്ത്രിതമായ ആക്രമണങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇവ ചിലപ്പോൾ നമ്മുടെ കണക്ക് കൂട്ടലുകളെ മറി കടന്ന് യുദ്ധത്തിൽ നീക്കങ്ങൾ നടത്തിയേക്കാമെന്നും അതിനാൽ ഇത്തരം മെഷീനുകളും മനുഷ്യനും തമ്മിലുള്ള ബന്ധം പുനർനിർണയിക്കേണ്ടത് അത്യാവശ്യമായിത്തീർന്നിരിക്കുന്നുവെന്നും ഹിക്സ് നിേേർദശിക്കുന്നു.ചൈനയും റഷ്യയും തങ്ങളുടെ പരമ്പരാഗത സൈന്യത്തെ അത്യന്താധുനിക സാങ്കേതികവിദ്യകളാൽ നിരന്തരം പരിഷ്‌കരിച്ച് വരുകയാണ്. അതിനാൽ ഇതിനനുസരിച്ച് സൈന്യത്തെ പരിഷ്‌കരിക്കാൻ അമേരിക്കയും നിർബന്ധിതരാകുന്നുവെന്ന് ഹിക്സ് വ്യക്തമാക്കുന്നു.

ചില രാജ്യങ്ങളിൽ നിന്നും അമേരിക്കയ്ക്ക് നേരെ ശക്തമായ ഭീഷണി ഉയർന്ന് വരുന്നുവെന്നാണ് ലെഫ്റ്റനന്റ് ജനറൽ ജോസഫ് ആൻഡേർസൻ പറയുന്നത്. ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ ഓപ്പറേഷൻസ്, പ്ലാൻസ്, ആൻഡ് ട്രെയിനിങ് എന്ന ചുമതലയാണ് ഇദ്ദേഹം വഹിക്കുന്നത്. വിവിധ രാജ്യങ്ങൾ തമ്മിൽ സമീപഭാവിയിൽ തന്നെ യുദ്ധമുണ്ടാകുമെന്നത് ഉറപ്പുള്ള കാര്യമാണെന്നാണ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറലായ മാർക്ക് എ മില്ലെ ഇതേ ചടങ്ങിൽ വച്ച് പ്രസ്താവിച്ചിരിക്കുന്നത്.കൊറിയൻയുദ്ധത്തിന് ശേഷം അമേരിക്ക ലോക എയർസ്പേസിൽ കൈവരിച്ച ആധിപത്യം അവസാനിക്കാൻ പോകുന്നുവെന്നും അതു പോലെ തന്നെ യുഎസ് നേവിക്കും ചില പരിമിതികൾ നേരിടാൻ പോകുന്നുവെന്നും മില്ലെ മുന്നറിയിപ്പേകുന്നു.ഇന്നത്തെ സാഹചര്യത്തിൽ ആർമി സൈബർ യുദ്ധമുഖത്ത് പയറ്റാനും ഒരുങ്ങണമെന്നാണ് മില്ലെ നിർദേശിക്കുന്നത്.റഷ്യൻ സൈന്യത്തിനുണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റം ലോകത്തെ മാറ്റി മറിക്കുമെന്നും ചൈനയുടെ സാമ്പത്തികവും സൈനികപരവുമായ ശക്തി ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് ഭീഷണിയായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.