സിറിയൻ പ്രശ്നമടക്കമുള്ള നിരവധി പ്രശ്നങ്ങളുടെ ഫലമായി റഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധം മുമ്പില്ലാത്ത വിധം വഷളായിരിക്കുന്നുവെന്നും യുദ്ധ സാധ്യത ഇരട്ടിയായതായും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും ആയുധശേഖരം ബലപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് മൂന്ന് ലക്ഷത്തോളം വരുന്ന നാറ്റോ സേനയോട് ഒരുങ്ങിയിരിക്കാൻ നാറ്റോ ചീഫായ ജെൻസ് സ്റ്റോളൻബെർഗ് ആഹ്വാനം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ യൂറോപ്പിന ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന സൂചന ശക്തമായതിനെ തുടർന്നാണ് നാറ്റോ ഇത്തരത്തിൽ തയ്യാറെടുപ്പ് നടത്തുന്നതെന്നും റിപ്പോർട്ടുണ്ട്.

റഷ്യ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെ പിന്തുണച്ച് നീക്കമാരംഭിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം മുതൽ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയിരുന്നത്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം മിക്ക നാറ്റോ രാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ റഷ്യ ഇതിന് ശേഷം തങ്ങളുടെ സൈനികശക്തി ഓരോ വർഷവും വർധിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഓരോ വർഷവും ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് കൊണ്ട് റഷ്യ സൈനിക പരേഡും നടത്താറുണ്ട്.

2008ൽ റഷ്യ സേന ജോർജിയയെ അപമാനിക്കുന്ന തരത്തിൽ മോസ്‌കോ അനുകൂല റിബലുകളെ പിന്തുണക്കുന്ന നീക്കങ്ങൾ നടത്തിയിരുന്നു. തുടർന്ന് 2014ൽ റഷ്യ ക്രിമിയയിലേക്ക് കടന്ന് കയറി കിഴക്കൻ ഉക്രയിനിലെ റഷ്യൻ റിബലുകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് റഷ്യയോടുള്ള യുഎസിന്റെ നയത്തിൽ ഒബാമ മാറ്റം വരുത്തിയിരുന്നു. തൽഫലമായി റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന നയമായിരുന്നു ഒബാമ പിന്തുടർന്നത്. തുടർന്ന് അത് മോസ്‌കോയെ പ്രീണിപ്പിക്കുന്ന തരത്തിലുള്ളതായി മാറുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി പുട്ടിൻ റഷ്യൻ ഹാക്കർമാരെ നിയോഗിച്ചുവെന്ന ആരോപണവും സമീപകാലത്തായി ഉയർന്ന് വന്നിരുന്നു.

നാറ്റോ അംഗരാജ്യങ്ങളായ എസ്റ്റോണിയ, പോളണ്ട്, റൊമാനിയ, തുടങ്ങിയവയ്ക്ക് തങ്ങളെ റഷ്യ ആക്രമിക്കുമോയെന്ന ഭയം ശക്തമായതിനെ തുടർന്ന് ഈ രാജ്യങ്ങൾ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. റഷ്യ നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണഭീഷണി ശക്തിപ്പെടുത്തിയതിനെ തുടർന്നാണ് തങ്ങളും ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നതെന്നാണ് നാറ്റോ സെക്രട്ടറി ജീൻസ് ഈ ആഴ്ച പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ശീതയുദ്ധത്തിന് ശേഷം നാറ്റോ പ്രതിരോധം മുമ്പില്ലാത്ത വിധം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മൂന്ന് ലക്ഷത്തോളം സൈനികരെ വിന്യസിക്കാൻ നാറ്റോ ആറ്മാസത്തോളമെടുത്തുവെന്നും ഇത് വളരെ സാവധാനത്തിലുള്ള പ്രക്രിയായിപ്പോയെന്നും നാറ്റോയിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധിയായ സർ ആദം തോംസൻ പ്രതികരിക്കുന്നു.

ഈ സാഹചര്യത്തിൽ റഷ്യയുടെ പുതിയ സൂപ്പർ ടാങ്കായ ആർമടയെക്കുറിച്ച് കടുത്ത മുന്നറിയിപ്പുകളുമായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ ഈ ആഴ്ച രംഗത്തെത്തുകയും ചെയ്തിരുന്നു.നാറ്റോയുടെ കൈവശമുള്ള ഏത് ടാങ്കിനെയും മറികടക്കാനുള്ള കഴിവും കരുത്തുമുള്ള ടാങ്കാണിതെന്നാണ് സൂചന. പുതിയ മുന്നറിയിപ്പനുസരിച്ച് തങ്ങളുടെ കൈവശമുള്ള ചാലഞ്ചർ രണ്ട് മെയിൻ ബാറ്റിൽ ടാങ്കിനെ മറികടക്കുന്ന കരുത്ത് റഷ്യയുടെ ടാങ്കിനുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. കരിങ്കടലിൽ റഷ്യ പുതിയ സൂപ്പർ സ്ററീൽത്ത് സബ്മറൈനുകൾ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഒരു രാജ്യത്തിലേക്കും അനാവശ്യമായി കടന്ന് കയറില്ലെന്നാണ് പുട്ടിൻ ഈ അവസരത്തിലും ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത്.