രുവശത്ത് സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദും റഷ്യയും. മറുഭാഗത്ത് അമേരിക്കയും സഖ്യകക്ഷികളും. സിറിയയിലെ ആസാദ് ഭരണകൂടവും വിമതരും തമ്മിലുള്ള പോരാട്ടം ചൊവ്വാഴ്ചത്തെ രാസായുധ പ്രയോഗത്തോടെ വേറൊരു ദിശയിലേക്ക് തിരിയുകയാണ്. അമേരിക്ക സിറിയൻ വ്യോമതാവളത്തിൽ നടത്തിയ ടോമോഹാക് മിസൈൽ ആക്രമണങ്ങൾ ലോകത്തെ രണ്ടുതട്ടിലാക്കി മാറ്റിക്കഴിഞ്ഞു. യൂറോപ്പിലെ പ്രബലരടക്കം അമേരിക്കയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ, അറബ് ലോകത്തുനിന്നാണ് റഷ്യയ്ക്ക് പിന്തുണയേറെയും.

റഷ്യയ്ക്ക് അറബ് ലോകത്തുനിന്ന് പിന്തുണ ലഭിക്കുമ്പോഴും, ശക്തരായ സൗദി അറേബ്യയും ഖത്തറും സിറിയൻ വിമർക്കൊപ്പമാണ്. സിറിയൻ വിമതരുടെ പ്രധാന ആയുധ സ്രോതസ്സാണ് സൗദി അറേബ്യ. ഖത്തര് അവർക്ക് സാമ്പത്തിക സഹായവും നൽകുന്നു. ഇസ്രയേൽ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, തുർക്കി എന്നീ രാജ്യങ്ങൾ അമേരിക്കൻ പക്ഷത്താണ്. മറുഭാഗത്ത് കാര്യമായ സഹായം റഷ്യക്ക് കിട്ടാൻ സാധ്യത ഇറാനിൽനിന്നും ഇറാഖിൽനിന്നുമാണ്. ലെബനനും അൾജീരിയയും വെനസ്വേലയുമാണ് ആസാദ് ഭരത്തോട് ചായ്‌വുള്ള മറ്റുരാജ്യങ്ങൾ.

അമേരിക്കൻ വ്യോമാക്രണമത്തിനെതിരെ കടുത്തഭാഷയിൽ വിമർശനവുമായി രംഗത്തുവന്ന റഷ്യയുടെ നിലപാട് ലോകത്തെ മറ്റൊര ലോകയുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകൾക്് കുറുകെ മെഡിറ്ററേനിയൻ കടലിൽ സ്വന്തം യുദ്ധക്കപ്പൽ നിലയുറപ്പിക്കാനും പുട്ടിൻ തയ്യാറായി. ട്രംപിൽനിന്നുണ്ടായത് വഞ്ചനാത്മകമായ നിലപാടാണെന്നാണ് റഷ്യയുടെ പക്ഷം. വിമതർക്കെതിരെ വർഷങ്ങളായി ആസാദ് സർക്കാരിനെ തുണയ്്ക്കുന്നത് റഷ്യയാണ്.

ട്രംപ് നടത്തിയ വ്യോമാക്രമണത്തെ ഇസ്രയേലും ബ്രിട്ടനും സ്വാഗതം ചെയ്തു. എന്നാൽ, ഫ്രാൻസും ജർമനിയും കരുതലോടെയാണ് ഇതിനെ സമീപിച്ചത്. ട്രംപിന്റെ ആക്രമണത്തെ തള്ളിപ്പറയാതിരുന്ന ഇരുരാജ്യങ്ങളും, സിറിയയിൽ സമാധാനമെന്ന സദുദ്ദേശമാണ് റഷ്യക്കുള്ളതെങ്കിൽ ട്രംപുമായി ചർച്ച നടത്താൻ പുട്ടിൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. അമേരിക്ക നടത്തിയ ആക്രമണത്തിന്റെ ഏക ഉത്തരവാദി ആസാദാണെന്ന പ്രതികരണവും കരുതലോടെയുള്ളതാണ്.

സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണം സിറിയക്ക് മാത്രമല്ല, ഉത്തര കൊറിയക്കും ഇറാനുമുള്ള താക്കീതാണെന്ന് ഇസ്രയേലിന്റെ യു.എൻ.പ്രതിനിധി ഡാനി ഡാനൺ പറഞ്ഞു. രാസായുധമുൾപ്പെടെയുള്ളവ പ്രയോഗിക്കുന്ന സൈന്യം ഇത് ക്ഷണിച്ചുവരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സിറിയയിലെ അമേരിക്കൻ ഇടപെടലിനെക്കുറിച്ച് ഇതേവരെ ഇന്ത്യയും ചൈനയും പ്രതികരിച്ചിട്ടില്ല. ചേരിചേരാ നയത്തിൽ വിശ്വസിക്കുന്ന ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, അമേരിക്കയുമായി നിരന്തരം കൊമ്പുകോർക്കുന്ന ചൈന ഇക്കാര്യത്തിൽ മൗനം പുലർത്തുന്നത് ആശ്ചര്യജനകമാണ്.