- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം ചെയ്യിപ്പിക്കുന്ന കുട്ടിക്കഥകൾ: ബാലസാഹിത്യം കുട്ടികളുടേതല്ല, മുതിർന്നവരുടെ ഹിംസയാണ്
'നാം ചങ്ങല പൊട്ടിച്ച ഈ കഥയിലും യുദ്ധമുണ്ട്. ഒരു വലിയ യുദ്ധം. എന്നാൽ മറ്റു കഥകളിലെ യുദ്ധത്തിൽ നിന്നു വിഭിന്നമായിരുന്നു ഈ യുദ്ധം. കുരുക്ഷേത്ര യുദ്ധവും നിങ്ങൾ കേട്ട മറ്റു യുദ്ധങ്ങളും ഹിംസയും ഹിംസയും തമ്മിലായിരുന്നു. വാളിന് വാൾ എന്ന രീതിയിൽ... എന്നാൽ നാം ചങ്ങലപൊട്ടിച്ച കഥയിലെ യുദ്ധത്തിൽ ശത്രുക്കൾ മുഖാമുഖം ഏറ്റുമുട്ടിയെങ്കിലും ഒരു ഭാഗ
'നാം ചങ്ങല പൊട്ടിച്ച ഈ കഥയിലും യുദ്ധമുണ്ട്. ഒരു വലിയ യുദ്ധം. എന്നാൽ മറ്റു കഥകളിലെ യുദ്ധത്തിൽ നിന്നു വിഭിന്നമായിരുന്നു ഈ യുദ്ധം. കുരുക്ഷേത്ര യുദ്ധവും നിങ്ങൾ കേട്ട മറ്റു യുദ്ധങ്ങളും ഹിംസയും ഹിംസയും തമ്മിലായിരുന്നു. വാളിന് വാൾ എന്ന രീതിയിൽ... എന്നാൽ നാം ചങ്ങലപൊട്ടിച്ച കഥയിലെ യുദ്ധത്തിൽ ശത്രുക്കൾ മുഖാമുഖം ഏറ്റുമുട്ടിയെങ്കിലും ഒരു ഭാഗത്തു മാത്രമേ ആയുധ പ്രയോഗമുണ്ടായുള്ളൂ...'
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം കുട്ടികൾക്കു വിശദീകരിക്കുന്ന നാം ചങ്ങല പൊട്ടിച്ച കഥ എന്ന കെ തായാട്ടിന്റെ ശ്രദ്ധേയമായ ബാലസാഹിത്യ കൃതിയിലെ ആദ്യ അധ്യായത്തിന്റെ തുടക്കമാണ് മേലെഴുതിയത്. യുദ്ധത്തിന്റെ ഉപമയിൽ സ്വാതന്ത്ര്യസമരത്തിന്റെ ആമുഖം എഴുതുന്ന കൃതി അതിലുടന്നീളം പുലർത്തുന്നത് അതിഭയങ്കരമായ യുദ്ധപ്രതീതി ജനിപ്പിക്കുന്ന പ്രയോഗങ്ങളാണ്. ഇത്തരത്തിൽ യുദ്ധോപമകളിലൂടെ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന കൃതി കുട്ടികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന ചോദ്യം വല്ലാതെ നമ്മളെ കുഴപ്പിക്കും. അതും വിവരണം മിക്കപ്പോഴും മഹാഭാരതയുദ്ധത്തിന്റെ അലങ്കാരങ്ങളിലൂടെയാകുമ്പോൾ.
കുട്ടികളെ യുദ്ധമനസ്‌കരാക്കുന്നതാണോ ബാലസാഹിത്യം? കുട്ടികളുടെ മനസിനെ ഹിംസയുടെയും ആയുധപോരാട്ടത്തിന്റെയും കഥകളിലൂടെ നയിക്കന്നതിനു പകരം ആഴത്തിലുള്ള സാമുഹ്യബോധത്തിലേക്കും പരജീവി സ്‌നേഹത്തിലേക്കും പങ്കിടലിലേക്കും വളർത്തുന്നതാവണ്ടേ അത്? പേനയും കളർപെൻസിലും കൊടുക്കുന്നതിനുപകരം തോക്കു നൽകുന്ന ഭാവനകളെ ചോദ്യം ചെയ്യേണ്ട കാലമായിരിക്കുന്നു.
കേവലമായി ഹിംസയുടെ ബിംബങ്ങളും ഭാഷയും ഒരുക്കുന്നതോടൊപ്പം 'ചിലരെ' ചരിത്രത്തിൽനിന്ന് വെട്ടിമാറ്റി ചരിത്രത്തെ 'ചിലരുടെ' മാത്രം കുത്തകയാക്കുന്ന പ്രക്രിയയാണ് ഈ യുദ്ധത്തെ ഭയാനകമാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം തായാട്ട് വിളമ്പുന്നത് വളരെ ഹിംസാത്മകമാണെന്നു കാണാം. ഏതാണ്ട് നാനൂറ്റി അമ്പതിനടുത്ത് പുറത്തിലൂടെ പറയുന്ന ഈ വിപുലമായ കഥയിൽ, പക്ഷേ ഗാന്ധിജിയും നെഹ്രുവും സർവക്കറുമൊക്കെയാണ് പ്രധാനികൾ. സ്വാതന്ത്ര്യസമര കാലത്തും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അംബേദ്കറെ ഈ കൃതി ഗാന്ധിയോട് യുദ്ധംചെയ്ത സംവരണവാദിയും ബ്രിട്ടീഷ് പക്ഷപാതിയുമാക്കി മോശക്കാരനാക്കി വെറും അരപേജിലൊതുക്കി. സർവർക്കറുടെ ജീവിതകഥ വീരോചിത ഭാഷയിൽ നിരവധി പുറങ്ങളിലവതരിപ്പിച്ച തായാട്ട്, ഭരണഘടനാ ശില്പിയായ അംബേദ്കറെ വിവരിക്കുന്നത് പതിനേഴാം അധ്യായത്തിൽ കഷ്ടിച്ച് ഒരു പുറത്തിൽ താഴെ (പു. 284). അതും അധഃകൃതരുടെ നേതാവായി സ്വയം അവകാശവാദം ഉന്നയിച്ചു ഗാന്ധിജിയെന്ന മഹാനെ കണ്ണീരു കുടിപ്പിച്ച കുഴപ്പക്കാരനെന്ന നിലയിൽ മാത്രം.
കീഴാളർക്കു വേണ്ടി അവകാശവാദമുന്നയിക്കുന്നവരെ തെമ്മാടികളാക്കി അവരെ ചരിത്രത്തിൽ നിന്നുതന്നെ തേച്ചുമായ്ചു കളയുന്ന ബാലസാഹിത്യ കൃതി കുട്ടികളോടു പറയുന്നത് ആയുധംകൊണ്ടുള്ള യുദ്ധത്തേക്കാൾ വലിയ ഹിംസയുടെ പാഠങ്ങളല്ലേ? അവരുടെ മനസിലേക്കു സൂക്ഷ്മമായി കുത്തിവയ്ക്കുന്നത് വ്യക്തമായ വംശീയ ബോധ്യങ്ങളല്ലേ? ചരിത്രത്തിൽ മുതിർന്നവരുടെ സാഹിത്യവും മറ്റും നിർവഹിക്കുന്ന ധർമങ്ങൾ തന്നെ ബാലസാഹിത്യം ഏറ്റെടുക്കുന്നതെന്തുകൊണ്ടാണ്? ബാലസാഹിത്യവും മുത്തശിക്കഥകളും ഒന്നും നിഷ്‌കളങ്കമല്ലെന്നോർപ്പിക്കുന്നു, നമ്മുടെ ഓരോ ആഖ്യാനവും.
2
കുഞ്ഞിന് കഥവായിച്ചുകൊടുക്കുക എന്ന പതിവ് ശീലത്തിൽ ഈ ദിവസങ്ങളിൽ എടുത്തത് ജാതക കഥകളായിരുന്നു. തന്റെ മുട്ടകളെല്ലാം ചവുട്ടിയരച്ച കൊമ്പനോടുള്ള ദേഷ്യം കനത്ത പ്രതികാരത്തിലൂടെ തീർക്കുന്ന തിത്തിരിപ്പക്ഷിയുടെ പ്രതികാരം എന്ന കഥ വായിച്ചുതീരവേ കുഞ്ഞിന്റെ ചോദ്യം വന്നു, നമ്മുക്കും ഇങ്ങനെയൊക്കെ ചെയ്യാമോ?
പലതവണ കുട്ടിക്കാലത്തും മറ്റും ഇക്കഥയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അവന്റെ കുഞ്ഞു ചോദ്യം എന്നെ അല്പം ചിന്തയിലാഴ്‌ത്തി. ചെയ്ത തെറ്റിനേക്കാൾ ക്രൂരമായ ശിക്ഷ പ്രതികാരമായി നൽകുന്ന ഈ കഥ നൽകുന്ന സന്ദേശം, എങ്ങനെയും പ്രതികാരം ചെയ്ത് ശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നാണോ? പ്രതികാരത്തിന് അമിതമായ പ്രാധാന്യം ഇക്കഥകളിൽ ഒളിഞ്ഞുകുടക്കുന്നില്ലേ?
അവന്റെ ചോദ്യത്തിന് ഉത്തരം നല്കാനായില്ല. അവനുറങ്ങി. പക്ഷേ എന്റെ മനസ് കലുഷമായി. ഞാൻ ബാലസാഹിത്യങ്ങളൊക്കെ വീണ്ടും വായിക്കാൻ തുടങ്ങി. മിക്ക ബാല, മൃഗ കഥകളും ശത്രുവെന്നു പറയുന്ന ഒന്നിനെ നശിപ്പിക്കുന്ന കഥകളാണ്. മിക്കതിന്റെയും യുക്തിതന്നെ 'ക്വട്ടേഷൻ' പോലെയാണുതാനും. മേല്പറഞ്ഞ കഥയിൽ ഈച്ചയും തവളയും കാക്കയുമാണ് തിത്തിരിപ്പക്ഷിയുടെ ക്വട്ടേഷൻ നിർവഹിക്കുന്നത്. അതി ക്രൂരമായി ശത്രുവിനെ ഇല്ലാതാക്കി തന്റെ ശരീരം, കുടുംബം സുരക്ഷിതമാക്കുന്ന കഥകൾ നൽകുന്ന ഗുണപാഠം കരുതലിന്റെ മനഃശാസ്ത്രമോ അനുഭവമോ അല്ല സൃഷ്ടിക്കുന്നതെന്നു വ്യക്തം.
3
ഒട്ടേറെ ആസ്വദിക്കപ്പെട്ടിട്ടുള്ളതാണ് നീലത്തിൽ വീണ, രാജാവായ കുറുക്കന്റെ കഥ. വളരെ നിഷ്‌കളങ്കതയുള്ള അതിനെ അപഗ്രഥിച്ചാൽ സങ്കീർണമായ പ്രശ്‌നങ്ങൾ കാണാൻ കഴിയും. നീലത്തിൽ വീണ് ആളുമാറിയ കുറുക്കൻ മൃഗങ്ങളെ പറ്റിച്ച് രാജാവായെങ്കിലും കള്ളി വെളിച്ചത്തായതോടെ അവനെ സിംഹം വകവരുത്തിയെന്നാണ് പറയുന്നത്. സത്യത്തിൽ കുറുക്കൻ ചെയ്ത തെറ്റെന്താണ്? ആരെയെങ്കിലും അവൻ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്നുണ്ടോ? (കാട്ടിൽ ആളുമാറരുതെന്നു നിയമമുണ്ടോ?) അവന്റെ നിറം മാറിയത് അവനറിയാതെ യാദൃശ്ചികമായാണ്. ഒരു ചതിയും വഞ്ചനയും ചെയ്യാത്ത കുറുക്കനെ സിംഹം കൊന്നതിനു പിന്നിൽ, അവന്റെ സ്ഥാനത്തിനും അവന് കല്പിച്ചുകൊടുത്ത സ്വഭാവത്തിനും വിപരീതമായി ചിലത് ചെയ്തു എന്നതാണ്. അധികാരം അവൻ കൈക്കലാക്കി എന്നതാണ് പ്രധാന പ്രശ്‌നം.
ഈ രീതിയിൽ ശ്രദ്ധിച്ചാൽ, മിക്കകഥകളിലും വൃത്തികെട്ടവനും ചതിയനുമായ കുറുക്കൻ ജാതിപരമായ ചില പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് കാണാം. ചില ജാതിക്കാർക്കേ രാജാവും മന്ത്രിയുമൊക്കെ ആകാൻ പറ്റുകയുള്ളു എന്ന നാട്ടിലെ ജാതിയുക്തി കാട്ടിലും പ്രവർത്തിച്ചിരുന്നുവെന്നും കുറുക്കനത് ചോദ്യം ചെയ്തുവെന്നതുമാണ് ഇക്കഥ പറയുന്നതെന്നു കാണാം. എന്നാൽ നിശ്ചിത ആൾക്കാർക്കുള്ള സ്ഥാനമാനങ്ങളെ കവർന്നെടുത്ത കുറുക്കന്റെ ചെയ്തിയോടുള്ള പ്രതികാരമാണ് അവസാനമുള്ള വകവരുത്തൽ. ഓരോരുത്തരും അവരവരുടെ സ്ഥാനവും വിലയും അറിഞ്ഞു ജീവിക്കണമെന്ന (നിഷ്‌കളങ്ക) ജാതി പാഠമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ജാതിയും മതവും സാമ്പത്തിക ശേഷിയുമനുസരിച്ച് സമ്പന്നരും ദരിദ്രരും അവരുടെ ഇടങ്ങളിൽ തന്നെ കഴിഞ്ഞുകൂടണമെന്ന പാഠം, അതൊന്നും ലംഘിച്ചുകൂടരുതന്നെ സാമുഹ്യവിലക്കാണ് ഓർമിപ്പിക്കുന്നത്. അതിലൂടെ സമൂഹത്തിൽ ചിലർ സ്ഥിരം വഷളൻ/വൃത്തികെട്ട സ്വഭാവക്കരാണെന്നും ചിലര് നല്ലവരാണെന്നും കൃത്യമായി വിവേചിക്കുന്നു.
കുറുക്കൻ, ചെന്നായ, മുതല, കരടി ഇവരൊക്കെ സ്ഥിരം നീചന്മാരും വൃത്തികെട്ടവരും ചതിയരുമാണ്. അതായത് പുറമേ കാണുന്ന കറുത്തനിറം, ഭംഗിയില്ലാത്ത രൂപം, ഇരുട്ടുനിറഞ്ഞ ഇടങ്ങളിലുള്ള ജീവിതം തുടങ്ങിയവയിലൂടെ ഒരു വിഭാഗം മൃഗങ്ങളെ നീചരായി മുദ്രകുത്തി മാറ്റുന്നു. എന്നാൽ ഈ മുദ്രകുത്തലും ആ മൃഗങ്ങൾ അങ്ങനെ ജീവിക്കുന്നതുകൊണ്ടല്ലതാനും. അങ്ങനെ കല്പിക്കപ്പെടുകയാണ്. കുറുക്കനോടും കൂട്ടുകൂടിയ സിംഹം, പെൺസിംഹത്തെ പ്രേമിച്ച കുറുക്കൻ, കുരങ്ങനും മുതലയും തുടങ്ങി നൂറുകണക്കിന് കഥകൾ ഉണ്ട്, ഈ പ്രത്യയശാസ്ത്രം ഉല്പാദിപ്പിക്കുന്നതായി. ജാതിയുടെയും വംശീയതയുടെയും സാമൂഹ്യരൂപീകരണത്തെയും ഇത്തരത്തിലാണ് നാം ഉല്പാദിപ്പിക്കുന്നത്. ഒരു വിഭാഗം ആളുകളെ മോശപ്പെട്ടതെന്നു പറയുന്ന ഇടത്താക്കിയശേഷം അവരെയെല്ലാം നീചരാക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്.
കുറുക്കൻ, പൂച്ച എന്നീ മൃഗനാമങ്ങളും അവയുടെ പര്യായങ്ങളും കേരളത്തിലെ ഈഴവർ, പുലയർ അടക്കമുള്ളവരെ വിശേഷിപ്പിച്ചും കളിയാക്കിയും വിളിക്കുവാൻ വളരെപ്പഴയകാലം മുമ്പേ ഉപയോഗിച്ചിരുന്നത് ഇവിടെ കൂട്ടിച്ചേർക്കണം. ബ്രിട്ടീഷുകാർ കുറ്റവാളിഗോത്രങ്ങളെ സൃഷ്ടിച്ചതും കീഴാളരെ വൃത്തികെട്ടവരാക്കിയതും ഇതേ യുക്തിയിലാണ്. അതിനാൽ മൃഗങ്ങൾ കാട്ടിൽ കഴിയുന്ന ജീവി മാത്രമല്ല, മറിച്ച് നമ്മുടെ സംസ്‌കാരിക വ്യവസ്ഥയ്ക്കകത്ത് നിർമ്മിക്കപ്പെടുന്ന ചിഹ്നങ്ങൾ കൂടിയാണ്. ഇതൊക്കെ ഒളിപ്പിച്ചുവച്ചല്ലേ നമ്മൾ കുട്ടികളുടെ മുന്നിൽ നിഷ്‌കളങ്കതയുടെ കത്തി രാകുന്നത്?
4
ഇത്തരത്തിൽ മറ്റൊരു കഥ ജാതകകഥകളിൽ കാണാം. പക്ഷികളുടെ രാജാവ് എന്ന കഥയാണത്. കാട്ടിലെ മൃഗങ്ങൾ സിംഹത്തെ രാജാവാക്കിയപ്പോൾ പക്ഷികൾ തങ്ങൾക്കൊരു രാജാവിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. കൃത്യമായ വ്യവസ്ഥയൊന്നുമില്ല. ഒരാളുടെ പേര് പറയും അതിൽ എതിർപ്പില്ലെങ്കിൽ അദ്ദേഹം രാജാവാകും. അങ്ങനെ ഉയർന്നത് മൂങ്ങയുടെ പേരാണ്. എന്നാൽ കാക്ക അതെതിർത്തു. അതോടെ പ്രശ്‌നമായി അവരിരുവരും പറന്നുപോവുകയും ചെയ്തു. അങ്ങനെ കിളികൾ അരയന്നത്തെ രാജാവാക്കിയെന്നാണ് കഥ.
യഥാർഥത്തിൽ ഒരു കഥയ്ക്കുവേണ്ടതൊന്നും ഇക്കഥയിലില്ല. പിന്നെങ്ങനെ ഇത് ഇതിൽ വന്നുകൂടി? എന്നാൽ നീലക്കുറുക്കന്റെ കഥയിലേതുപോലെ ചിലർക്കേ രാജാവാകാൻ പറ്റൂവെന്ന ജാതിയുക്തിയാണ് ഇക്കഥയും പറയുന്നതെന്നു വ്യക്തം. മൂങ്ങയുടെ പേര് രാജസ്ഥാനത്തേക്കുയർന്നപ്പോൾ കാക്കപറഞ്ഞതിൽ ഇത് കാണാം നമ്മുടെ രാജാവിന് ഗൗരവം മാത്രം പോരാ. പ്രജകളോട് സ്‌നേഹവും വാത്സല്യവും വേണം. ഈ മൂങ്ങയുടെ മുഖം കണ്ടാൽ ആർക്കും സ്വസ്ഥതകിട്ടില്ല. ചില സ്ഥാനത്തേക്കു വരണമെങ്കിൽ ചില രീതിയിലുള്ള സൗന്ദര്യവും മഹിമകളുമൊക്കെ വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതൊന്നും മൂങ്ങയ്ക്കില്ല. അവർ വിരൂപരാണ്. ഇരുണ്ടനിറക്കാരാണ്. എന്നാൽ അരയന്നമാകട്ടെ സൗന്ദര്യത്തിന്റെ കുലീനരൂപമാണ്. വെളുത്ത നിറമുള്ളവരാണ്. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഇതൊക്കെ ജാതിയടിസ്ഥാനപ്പെട്ടാണെന്നു കാണാം. ഇന്ത്യയിലെ കുടുംബവാഴ്ചയെന്ന ആശയം ഇതുമായി ചേർത്തുവായിക്കേണ്ടതാണ്.
മുതിർന്നവരുടെ സാമുഹ്യ രൂപീകരണത്തിന്റെ പാഠങ്ങളാണ് കുട്ടിക്കഥകളിലൂടെ ഓരോ കുട്ടിയും പഠുക്കുന്നത്. അഥവാ മുതിർന്നവർ അവരുടെ രാഷ്ട്രീയത്തിലൂടെയാണ് കുട്ടികളെ വളർത്തുന്നത്. ഓരോ കാലത്തെയും രാഷ്ട്രീയ അധികാര വ്യവസ്ഥയുടെ വ്യവഹാരങ്ങൾക്കകത്താണ് ഇവ രൂപപ്പെടുന്നത്. ബാലരമ അമർചിത്രകഥ പോലുള്ള ബാല പ്രസിദ്ധീകരണങ്ങൾ ശിവാജിയെപ്പോലുള്ളവരുടെ വിരോചിത ദേശാഭിമാന കഥകൾ കുട്ടികൾക്കായി പടച്ചുവിട്ടത് ബാബ്‌റിമസ്ജിദിന്റെ തകർച്ചയ്ക്കു ശേഷമുള്ള ഹിന്ദുത്വദേശീയതാ വാദം ഉയർന്ന കാലത്തായിരുന്നുവെന്നത് ഓർക്കുക. പുരാണവും ചരിത്രവും തിരിച്ചറിയാൻ വയ്യാത്ത വിധം കൂട്ടിക്കുഴച്ച് ദൈവികതയും ഭക്തിയും വിതറി തയാറാക്കുന്ന ഇത്തരം കഥകൾ നിർവഹിക്കുന്ന ധർമം കേവലം കുട്ടിക്കളിയല്ലെന്നതാണ് വസ്തുത. യുദ്ധം ചെയ്യാനുള്ള ഒരു ശത്രുവിനെ കൃത്യമായി കുട്ടികളുടെ മനസിൽ സൃഷ്ടിക്കുകയാണ് ഇക്കഥകളിൽ. ഈ യുദ്ധകഥകളെല്ലാം ആൺകുട്ടികളെ അടിച്ചുതകർക്കുന്ന ആൺകുട്ടികളായി ഭാവന ചെയ്യുകയാണ്. പെൺകുട്ടി ആൺകുട്ടിയാൽ രക്ഷിക്കപ്പെടേണ്ട വസ്തുവായാണ് രൂപപ്പെടുത്തുന്നത്.
5
കുട്ടികളും മുതിർന്നവരും ഒരുപോലെ നിഷ്‌കളങ്കമായി ആസ്വദിക്കുന്ന ടോം ആൻഡ് ജെറി പോലുള്ള ആനിമേഷനുകളും ഉല്പാദിപ്പിക്കുന്ന വിവക്ഷകൾ സമാനമാണ്. നീഗ്രാകളെ വേലക്കാരായും മറ്റും ചിത്രീകരിക്കുന്നവയാണ് ഏറെ ടോം ആൻഡ് ജെറി കഥകളും. കറുത്ത വികൃതരൂപങ്ങളായി അവരെ കൃത്യമായി കാണിക്കുന്നു. മിക്കപ്പോഴും അത് സ്ത്രീയായിരിക്കും. അവരുടെ മുഖം കാണിക്കുകയുമില്ല മിഡ് നൈറ്റ് സ്‌നാക് പോലുള്ളവ. എന്നാൽ വീടിന്റെ ഉടമകളായി കാണിക്കുക വെള്ളക്കാരെയാണ്. ചിരിച്ചുതിമിർക്കുന്ന കാഴ്ചകൾക്കിടയിൽ വംശീയവെറിയുടെ യുദ്ധമുഖത്തു കൂടെയാണ് കുട്ടികൾ സഞ്ചരിക്കുന്നത്.
അടുത്തകാലത്ത് ഇന്ത്യയിൽ ശ്രദ്ധേയമായ ചോട്ടാഭീം ഉല്പാദിപ്പിക്കുന്നതും ഇതേ യുദ്ധപാഠങ്ങളാണ്. ആദിവാസികളും മുസ്ലീങ്ങളും മറ്റും ക്രൂരന്മാരും മനുഷ്യരെ പിടിച്ചു തിന്നുന്നവരുമായ ആൾക്കാരായി മാത്രം വരികയും ചോട്ടാഭീമെന്ന ആൺകുട്ടി അവരെയെല്ലാം ഇല്ലാതാക്കി അവരുണ്ടാക്കുന്ന അപകടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്ന വീരനായി മാറുകയും ചെയ്യുന്ന കാഴ്ചകൾ വംശീയവെറിയുടെ കപടതയാണ് കടത്തിവിടുന്നത്. ആൺകുട്ടിയാണ് രാജ്യത്തെ രക്ഷിക്കേണ്ടതെന്നും പെണ്ണടക്കമുള്ളവർ അതിനു വിധേയരായി ഇരിക്കേണ്ടവരാണെന്നും പഠിപ്പിക്കുന്നത് കണ്ടാണ് നമ്മുടെ കുട്ടികൾ ആൺകുട്ടികളായി വളരുന്നത്. തങ്ങൾക്കു നശിപ്പിക്കാൻ നിരവധിപേരുണ്ടെന്നു കുട്ടികളോടു പറഞ്ഞുകൊടുക്കുന്ന ഈ യുദ്ധപ്രഖ്യാപനങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ എങ്ങനെയാണ് രക്ഷിക്കുക? സ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയ പാഠങ്ങൾ ആരാണവർക്കു പറഞ്ഞുകൊടുക്കുക?