ന്യൂഡൽഹി: ഉറി ഭീകാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന വ്യക്തമായ ബോധ്യം പാക്കിസ്ഥാനുണ്ട്. കാശ്മീർ പ്രശ്‌നം ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കുനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റതോടെ ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാൻ വേണ്ടി പാക്കിസ്ഥാൻ യുദ്ധസന്നാഹം തുടങ്ങി. ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയിൽ പാക് സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തിയതായാണ് റിപ്പോർട്ടുകൾ.


പാക്കിസ്ഥാന്റെ എഫ്-7, മിറാഷ് യുദ്ധ വിമാനങ്ങൾ പെഷാവർ- റാവൽപിണ്ടി ഹൈവേ(എം1)യിലും ഇസ്‌ലാമാബാദ് - ലാഹോർ ഹൈവേ(എം2)യിലും പരിശീലനപ്പറക്കൽ നടത്തിയതായി വ്യോമസേന വക്താവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങൾ അടച്ചതായി പാക്കിസ്ഥാൻ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഒട്ടേറെ വിമാനങ്ങൾ സർവീസ് റദ്ദാക്കുകയും ചെയ്തു. യുദ്ധമുണ്ടായാൽ ഇന്ധനം സൂക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നാണ് വിലയിരുത്തൽ.

എന്നാൽ സൈനികാഭ്യാസം നേരത്തെ നിശ്ചയിച്ചതായിരുന്നുവെന്ന് പാക്കിസ്ഥാൻ അറിയിച്ചു. അഞ്ചുവർഷം കൂടുമ്പോൾ നടത്താറുള്ള 'ഹൈമാർക്ക്' വ്യോമാഭ്യാസ പ്രകടനമാണിതെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ അടക്കമുള്ള മേഖലയിലാണ് വ്യോമസേന പരിശോധന നടക്കുന്നതെന്ന് ഇസ്ലാമാബാദിൽ നിന്നുള്ള മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാൻ അധിനീവേശ കശ്മീർ, ഗിൽഗിത്ത്, ബാൽട്ടിസ്താൻ, ഛിത്രാൽ എന്നിവിടങ്ങളിലെ വ്യോമപാത പാക്കിസ്ഥാൻ അടച്ചു. എംവൺ, എംടു ദേശീയപാതകളും അടച്ചിട്ടുണ്ട്. പാക് വ്യോമസേന വിമാനങ്ങൾ ഹൈവേകളിൽ അടിയന്തിരമായി ഇറക്കുകയും ഉയർന്നുപൊങ്ങുന്നതായും റിപ്പോർട്ടുണ്ട്. പെഷാവറിനെയും റാവൽപിണ്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് എംവൺ. ഇസ്ലാമാബാദിനും ലഹോറിനും ഇടയിലുള്ളതാണ് എംടു പാത.

ഇന്ത്യ ആക്രമിക്കുമെന് ഭീതി വന്നതോടെ പാക്കിസ്ഥാനിലെ ഓഹരി വിപണിയും ഇന്നലെ തകർന്നടിഞ്ഞു. പാക്കിസ്ഥാനിൽ അസാധാരണമായി എന്തോ നടക്കുന്നുവെന്ന സൂചന കറാച്ചി ഓഹരി വിപണിയിലും പ്രകടമായി. കെ.എസ്.ഇ100 ബെഞ്ച്മാർക്ക് സൂചിക 569 പോയിന്റ് താഴ്ന്ന് 39,711 പോയിന്റിൽ അവസാനിപ്പിച്ചു. ബാങ്ക്, കമ്പനികൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയുടെ മൂല്യത്തിൽ വലിയ ഇടിവ് വന്നിട്ടില്ല.

അതിനിടെ പാക്കിസ്ഥാന് നയതന്ത്ര തിരിച്ചടി നൽകുന്നതിന്റെ ഭാഗമായി സിന്ധുനദീജലക്കരാർ ഇന്ത്യ പുനഃപരിശോധിച്ചേക്കുമെന്ന് സൂചനയും പുറത്തുവരുന്നുണ്ട്. 1960ലാണ് പാക്കിസ്ഥാനുമായി കരാറൊപ്പിട്ടത്. ഇരു കക്ഷികളെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. ഏത് കരാറും പ്രാവർത്തികമാകണമെങ്കിൽ ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരവിശ്വാസം വേണമെന്നും ഇത് ഒരു കൂട്ടരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കരാർ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, രവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.

അതേസമയം യുദ്ധഭീതി പെരുകുമ്പോൾ തന്നെ ലോകരാഷ്ട്രങ്ങളുടെ കണ്ണ് കേരളത്തിലെ വടക്കൻ നഗരമായ കോഴിക്കോട്ടേക്കാണ്. കോഴിക്കോട് ആരംഭിക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പാക്കിസ്ഥാൻ വിഷയത്തിൽ നിർണ്ണായകമായ തീരുമാനമുണ്ടാകും. പാക്കിസ്ഥാനോട് വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടാകും ദേശീയ കൗൺസിൽ കൈക്കൊള്ളുക. ഇങ്ങെനെ വന്നാൽ തന്നെയും സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാട് കൈക്കൊള്ളും എന്നതാകും പ്രധാനമായും ഉയരുന്ന ചോദ്യം.

അതേസമയം ഉറി ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു പാക്കിസ്ഥാൻ പ്രതിനിധികൾക്ക് ഇന്ത്യയിൽ സന്ദർശനം നടത്താൻ അനുവാദം നൽകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആവശ്യമെങ്കിൽ വിരലടയാളവും ഭീകരരുടെ ഡിഎൻഎ സാംപിളും കൈമാറുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ ഇന്ത്യൻ വിദേശകാര്യസെക്രട്ടറി എസ്. ജയ്ശങ്കർ വിളിച്ചുവരുത്തിയതിനെക്കുറിച്ച് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

പാക്ക് ഭീകരസംഘടനകളുടെയും ഭീകരരുടെയും സാന്നിധ്യം വ്യക്തമാക്കുന്ന തെളിവുകൾ ബാസിതിനെ കാണിച്ചിരുന്നു. ഭീകരരിൽനിന്നു കണ്ടെത്തിയ ജിപിഎസിന്റെയും പാക്ക് നിർമ്മിത ഗ്രനേഡുകളുടെയും ഭീകരരിൽ ഒരാളുടെ വിരലടയാളത്തിന്റെയും ദൃശ്യങ്ങളാണ് അദ്ദേഹത്തെ കാണിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഉറിയിലും പൂഞ്ചിലും കൊല്ലപ്പെട്ട ഭീകരരുടെ ഫിംഗർപ്രിന്റടക്കമുള്ള തെളിവുകൾ കൈമാറാം. പാക്കിസ്ഥാനിൽനിന്നുള്ളവരാണോ ആക്രമണത്തിനു പിന്നിലെന്ന് ഇവ നാഷനൽ ഡേറ്റാബേസുമായി ബന്ധിപ്പിച്ചു നോക്കാമെന്നും ജയ്ശങ്കർ പറഞ്ഞതായി സ്വരൂപ് പറഞ്ഞു.