- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഷ്പഹാരം അണിയിച്ച് എംവി ജയരാജൻ; നിറപുഞ്ചിരിയോടെ മുഖ്യാതിഥിയായി പി.ജയരാജൻ; കാരായിമാർക്ക് തലശേരിയിൽ ആവേശകരമായ സ്വീകരണം; കാരായി കാജന് സംസ്ഥാന കമ്മിറ്റിയിൽ ഒരു സീറ്റിന് സാധ്യത; കാരായി ചന്ദ്രശേഖരനും ഇനി പാർട്ടിയിൽ സജീവമായേക്കും; ഫസൽ വധക്കേസ് പ്രതികളെ സിപിഎം വീണ്ടും ഏറ്റെടുക്കുമ്പോൾ

കണ്ണൂർ: ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ജന്മനാടായ തലശേരിയിലെത്തിയ കാരായിമാർക്ക് സിപിഎം നേതാക്കളും പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. വെള്ളിയാഴ്‌ച്ച വൈകുന്നേരത്തോടെ തലശേരി റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരെയും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പുഷ്പഹാരമണിയിച്ചു സ്വീകരിച്ചു. തുടർന്ന് സ്വീകരണ സമ്മേളന നഗരിയായ തലശേരി റൂറൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ മുഖ്യാതിഥിയായി. സ്വീകരണ പരിപാടിക്ക് ശേഷം കാരായി രാജനെ ജന്മനാടായ കതിരൂർ പുല്യോടിലെക്കും കാരായി ചന്ദ്രശേഖരനെ തിരുവങ്ങാട്ടേക്കും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചുകൊണ്ടു പോയി.നേതാക്കളും പ്രവർത്തകരുമടങ്ങുന്ന നിരവധിപ്പേർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
ഫസൽ വധക്കേസിൽ ഗൂഢാലോചന കുറ്റത്തിന് കുറ്റാരോപിതരായി വിചാരണ നേരിടുന്ന കാരായി രാജനും ചന്ദ്രശേഖരനും വരും ദിനങ്ങളിൽ സിപിഎം രാഷ്ട്രീയത്തിൽ സജീവമായേക്കുമെന്നാണ് സൂചന. ഈ മാസം സിപിഎം തലശേരി ഏരിയാ സമ്മേളനവും ഡിസംബർ ആദ്യവാരം കണ്ണൂർ ജില്ലാ സമ്മേളനവും നടക്കാനിരിക്കെ കാരായിമാരുടെ തിരിച്ചുവരവിന് കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചു ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് ഫസൽ വധക്കേസിൽ പ്രതിയായി കാരായി രാജൻ ജയിൽവാസമനുഭവിക്കുന്നത്. അതു കൊണ്ടു തന്നെ വൻ അഴിച്ചുപണി നടക്കാൻ സാധ്യതയുള്ള എറണാകുളം സംസ്ഥാന സമ്മേളനത്തിൽ കാരായി സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കാൻ സാധ്യതയേറെയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ,പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പിൻതുണയുള്ള നേതാവ് കൂടിയാണ് കാരായി രാജൻ.പാർട്ടിക്കായി രാഷ്ട്രീയ സംഘർഷഭൂമിയായ തലശേരിയിൽ നിന്നും രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കുകയും ചെയ്യാത്ത കുറ്റത്തിന് ജയിൽവാസമനുഷ്ഠിക്കുകയും ചെയ്ത നേതാവെന്ന ഇമേജും കാരായിക്കുണ്ട്.അതുകൊണ്ടുതന്നെ ഇക്കുറി സംസ്ഥാന കമ്മിറ്റിയിലേക്ക് അനായ സേനയുള്ള കടന്നുവരവ് കാരായിക്കുണ്ടാവുമെന്ന സൂചനയാണ് സിപിഎം വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. തലശേരിയിൽ ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും കാരായി ഏരിയാ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് നടന്നതെങ്കിലും ഇതുവരെ അദ്ദേഹം പ്രതി ചേർക്കപ്പെട്ടിട്ടിരുന്നില്ല.

എന്നാൽ ഫസൽ വധക്കേസിൽ നേതൃത്വത്തിലേക്ക് അന്വേഷണത്തിന്റെ വലകൾ സിബിഐ വിരിച്ചപ്പോൾ കാരായി രാജനിലേക്കും തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരനിലെക്കും എത്തുകയായിരുന്നു. അന്നും ഇന്നും എൻ.ഡി.എഫ് പ്രവർത്തകനായ ഫസലിനെ കൊന്നത് ആർഎസ്എസ് പ്രവർത്തകരാണെന്ന വാദമാണ് സിപിഎം ഉയർത്തിയിരുന്നത്.ഏറ്റവും ഒടുവിൽ. മറ്റൊരു കൊലക്കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴിയിലും ഈ കാര്യം പറഞ്ഞിട്ടുണ്ടെന്ന് കാരായി രാജൻ ചൂണ്ടിക്കാട്ടുന്നു.
ഫസൽ വധക്കേസിൽ ഇപ്പോൾ തുടരന്വേഷണം നടത്തി സിബിഐ നൽകിയ റിപ്പോർട്ട് തെറ്റാണെന്നാണ് കേസിലെ കുറ്റാരോപിതനായ കാരായി രാജൻ തുറന്നു പറയുന്നത്.മൊഴി നൽകുന്നതിന് രണ്ട് വർഷം മുമ്പെ ലഭിച്ച സുബീഷിന്റെ ഫോൺ സംഭാഷണത്തിൽ ശബ്ദ പരിശോധനയും ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല.. അന്ന് ലഭിച്ച സംഭാഷണം സുബീഷ് ആരുടെ സമ്മർദത്തിലാണ് പറഞ്ഞതെന്നും രാജൻ ചോദിക്കുന്നു. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും കാരായി രാജൻ വ്യക്തമാക്കി.
ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആർഎസ്എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പൊലിസ് പീഡിപ്പിച്ചു നിർബന്ധിതമായി പറയിപ്പിച്ചതാണെന്നുമാണ് കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സിബിഐ വിലയിരുത്തൽ.
എന്നാൽ സിബിഐ റിപ്പോർട്ടിനെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് ഫസലിന്റെ സഹോദരി റംല പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അവർ വ്യക്തമാക്കി. എന്നാൽ, സിബിഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്ന നിലപാടിലാണ് ഫസലിന്റെ സഹോദരൻ അബ്ദു റഹ്മാൻ. സുബീഷ് കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങളുണ്ടായിട്ടും ഇത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് തുടർ നടപടികളെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഫസൽ വധക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്തിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ആവേശകരമായ സ്വീകരണം നൽകി.
എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടർന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ഫസൽ വധക്കേസിൽ പ്രതികളായ കാരായി സഹോദരങ്ങൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ. ചുമത്തിയത്. ഇരുവരും 2012 ജൂൺ 22-ന് എറണാകുളം മജിസ്ട്രേറ്റ് കോടതിമുമ്പാകെ ഹാജരായിരുന്നു. തുടർന്ന് ഒന്നരവർഷത്തെ ജയിൽവാസത്തിനുശേഷം 2013 നവംബർ എട്ടിനാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്
നീണ്ട എട്ടു വർഷത്തിനു ശേഷം കാരായി രാജനോപ്പം നാട്ടിലെത്തിയ കാരായി ചന്ദ്രശേഖരൻ വരുന്ന ഏരിയാ സമ്മേളനത്തോടെ സിപിഎം തലശേരി ഏരിയാ സെക്രട്ടറിയാകുമെന്നാണ് സൂചന. കാരായിമാർ കണ്ണുരിലെ സിപിഎമ്മിൽ വീണ്ടും ശക്തിയോടെ തിരിച്ചു വരുന്നത് അണികളെയും ആവേശത്തിലാക്കിയിട്ടുണ്ട്.


