പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചത്. എന്നാൽ, വിധിപ്പകർപ്പ് ലഭിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതോടെ ഇന്നലെ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇന്ന് പാല സബ് ജയിലിൽ നിന്നും ബിഷപ്പ് പുറത്തിറങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെയാണ് പാല സബ്ജയിൽ സൂപ്രണ്ടിന് ലഭിച്ചത്. ഇതോടെയാണ് ഇന്ന് പൂറത്തിറങ്ങിയ്.

വൈകീട്ട് ഏഴിനുശേഷം വിടുതൽ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാൽ കോടതി നടപടിക്രമം പൂർത്തിയാക്കി ഇന്നു ഉച്ചയ്ക്ക് ബിഷപ് പുറത്തിറങ്ങിയത്. പൂഞ്ഞാർ എംഎ‍ൽഎ പിസി ജോർജും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഫ്രാങ്കോയെ സ്വീകരിക്കാൻ ജയിലിന് പുറത്ത് എത്തിയിരുന്നു. വലിയ ജനസഞ്ചയം തന്നെയായിരുന്നു ബിഷപ്പിനെയും കാത്ത് ഇന്ന് രാവിലെ മുതൽ ജയിലിന് പുറത്തായി തടിച്ചു കൂടിയത്. വെള്ള ജുബ്ബയും ധരിച്ച് ചെറുചിരിയോടെ ബിഷപ്പ് പുറത്തിറങ്ങി.

ബിഷപ്പിനെ കാത്തിരുന്ന ആൾക്കൂട്ടം പ്രാർത്ഥനകളുമായാണ് അവിടെ നിന്നത്. ചിലർ കാൽമുട്ടിൽ നിന്ന് ഇരുകൈകളും മുകളിലേക്ക് ഉയർത്തി കർത്താവിനെ വിളിച്ചു. മറ്റുചിലർ ഹല്ലേലൂയ്യ പാടി. ഇതിനിടെ കൊന്ത കൈകളിൽ ഏന്തിയാണ് കന്യാസ്ത്രീകൾ ഒപ്പം നിന്നത്. ഇതിനിടെ മഴ പെയ്‌തെങ്കിലും ആൾക്കൂട്ടം പിരിഞ്ഞു പോയില്ല. ഈ ആൾക്കൂട്ടത്തിന് നടുവിലേക്കാണ് ബിഷപ്പ് ഇറങ്ങിയത്. ബിഷപ്പിനെ കണ്ടമാത്രം മാധ്യമങ്ങൾ ചിത്രങ്ങൾ പകർത്താൻ ചുറ്റും കൂടി. ഇതിനിടെ പൊലീസ് സുരക്ഷയിൽ അടുത്തുള്ള വാഹനത്തിൽ കയറ്റി ബിഷപ്പിനെ യാത്രയാക്കുകയായിരുന്നു. പുറത്തിറങ്ങിയാലും ബിഷപ്പിന് കേരളം വിടും വരെ പൊലീസ് സുരക്ഷ ഉണ്ടായേക്കും.

ഒരുപറ്റം കന്യാസ്ത്രീകളും എത്തിയിരുന്നു. ബിഷപ്പിനെ അഭിവാദ്യമർപ്പിച്ചാണ് ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. പുറത്ത് കാത്തിരുന്ന ആരോടും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ജയിലിന് സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ കയറി അദ്ദേഹം പോയി. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടേണ്ടതിനാൽ തൃശൂരിലേക്ക് പോയ ശേഷം ഇന്നു രാത്രിയോടെ നെടുമ്പാശേരി വഴി ബിഷപ്പ് ജലന്ധറിലേക്ക് പോയേക്കും. രാവിലെ മുതൽ ജയിൽ പരിസരത്തെ റോഡ് വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. റോഡിൽ പരസ്യമായി പ്രാർത്ഥനായജ്ഞവും നടത്തിയിരുന്നു. ജനക്കൂട്ടത്തെ നേരിടാൻ എ.ആർ ക്യാംപിൽ നിന്ന് കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ പ്രവൃത്തി സമയത്ത് കിട്ടിയിരുന്നില്ല. കോടതിയിൽനിന്ന് വിടുതൽ ഉത്തരവ് വൈകീട്ട് ഏഴിന് മുമ്പ് എത്തുമെന്ന പ്രതീക്ഷയിൽ വൈകീട്ടുവരെ മാധ്യമപ്രവർത്തകരും ബിഷപ്പിന്റെ അനുയായികളും ഇന്നലെ ജയിലിന് മുന്നിൽ കാത്തുനിന്നിരുന്നു. തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്.

അറസ്റ്റിലായി 25-ാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, ഇതിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.

അന്വേഷണം ഏറെ മുന്നോട്ടു പോയെന്നും പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനാൽ റിമാൻഡിൽ തുടരേണ്ട സാഹചര്യമില്ലെന്നും ബിഷപ്പിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു വാദിച്ചു. ബിഷപ്പിന് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം ഹൈക്കോടതി പരിഗണിച്ചില്ല. അന്വേഷണം നിർണായക ഘട്ടത്തിലായതിനാലും സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളതിനാലും ബിഷപ്പ് നൽകിയ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം മൂന്നിന് തള്ളിയിരുന്നു. 12 ദിവസത്തിനു ശേഷം പൊലീസ് നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ട് കൂടി പരിശോധിച്ചാണ് ബിഷപ്പ് നൽകിയ രണ്ടാം ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചത്.