ശാസ്ത്രസത്യങ്ങൾ മാത്രമല്ല, ഭാവിയിലേക്കു വിരൽചൂണ്ടുന്ന പ്രവചനങ്ങളും നടത്തുന്നതിൽ അഗ്രഗണ്യനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. അദ്ദേഹത്തിന്റെ അവസാന മുന്നറിയിപ്പുകളിലൊന്ന് മനുഷ്യരാശി അപ്പാടെ നേരിടുന്ന ഭീഷണിയെക്കുറിച്ചാണ്. മനുഷ്യരാശിക്ക് പ്രപഞ്ചത്തിൽ ജീവിക്കണമെങ്കിൽ 200 വർഷത്തിനകം ഭൂമിക്കുപുറത്ത് മറ്റൊരു ആവാസസ്ഥലം കണ്ടെത്തണമെന്നാണ് അദ്ദേഹതത്തിന്റെ മുന്നറിയിപ്പ്. ഉൽക്കയോ ക്ഷുദ്രഗ്രഹമോ പതിച്ചോ അന്യഗ്രഹ ജീവികളുടെ ആക്രമണത്തിലോ ഭൂമിയിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ ഇല്ലാതാകുമെന്ന് ഏതാനും മാസം മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നു.

മനുഷ്യകുലം നേരിടുന്ന ഭീഷണികൾ ഇതുമാത്രമല്ല. ജനസംഖ്യാവർധനവ്, മനുഷ്യർ തമ്മിലുള്ള സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവയും മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണെന്നും ഹോക്കിങ് പറഞ്ഞു. നമ്മുടെ വരുംതലമുറകൾക്ക് അതിജീവിക്കണമെന്നുണ്ടെങ്കിൽ, ഭൂമിക്കുപുറത്ത് മറ്റൊരു വാസസ്ഥലം ഇപ്പോൾത്തന്നെ തിരഞ്ഞുതുടങ്ങണമെന്നാണ് ഹോക്കിങ് നൽകിയ മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനമാണ് ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വിലയിരുത്തി. ഭൂമിയിൽ ലഭ്യമായ വിഭവസ്രോതസ്സുകൾ അതിവേഗമാണ് വറ്റിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ഭൂമിക്ക് നൽകിയ ഏറ്റവും വിനാശകാരിയായ സമ്മാനമാണ് കാലാവസ്ഥാ വ്യതിയാനമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷ താപനിലയിലെ വർധനവ്, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ, വനനശീകരണം, ജീവിവർഗങ്ങളുടെ നാശം തുടങ്ങിയവയൊക്കെ കാണാതിരിക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ നിയന്ത്രിച്ചില്ലെങ്കിൽ ഭൂമി ഒരിക്കൽ ശുക്രനെപ്പോലെ 460 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം യുക്തിക്ക് നിരക്കാത്തതാണെന്ന് പറയുന്നവരോട് ശുക്രനിലേക്കൊരു യാത്രപോകാൻ തയ്യാറാവാൻ അദ്ദേഹം വെല്ലുവിളിച്ചു. അതിനുള്ള ചെലവുകൾ താൻ വഹിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഭൂമിയുടെ നാശത്തിനുള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മനോഹരമായ ഭൂമിക്ക് നാശം വിതയ്ക്കാൻ പോകുന്ന തീരുമാനം എന്നായിരുന്നു ഹോക്കിങ്ങിന്റെ പ്രതികരണം.

ക്ഷുദ്രഗ്രഹമോ ഉൽക്കയോ ഭൂമിയിൽ പതിക്കുമെന്ന പ്രവചനം വെറും കെട്ടുകഥയല്ലെന്നും അദ്ദേഹം പറഞ്ഞു. ശാത്രത്തിന്റെ കണക്കുകൂട്ടലാണത്. പ്രപഞ്ചത്തിൽ ഭൂമിക്ക് പുറത്തേക്ക് വ്യാപിക്കുകയെന്നതാണ് മനുഷ്യന്റെ ഭാവിക്കുവേണ്ടി ചെയ്യേണ്ടത്. അത്തരമൊരു ഭാവി മനുഷ്യനുവേണോ എന്ന് തീരുമാനിക്കേണ്ടതും അവൻ തന്നെയാണെന്ന് ഹോക്കിങ് പറഞ്ഞു, പ്രപഞ്ചത്തിൽ പുതിയൊരു കാലത്തിന്റെ വക്കിലാണ് മനുഷ്യനെന്നും മറ്റു ഗ്രഹങ്ങളിൽ മനുഷ്യൻ വാസമുറപ്പിക്കുകയെന്നത് കെട്ടുകഥയല്ലാതാകേണ്ട കാലം കഴിഞ്ഞുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.