ന്യൂഡൽഹി: 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ നൽകുമെന്ന പ്രഖ്യാപനവുമായെത്തിയ റിംഗിങ് ബെൽ എന്ന കമ്പനിക്ക് രണ്ടുദിവസം കൊണ്ട് ലഭിച്ചത് 25 ലക്ഷത്തോളം ബുക്കിങ്. ഇനിയും ഉദ്പാദനം ആരംഭിച്ചിട്ടില്ലാത്ത മൊബൈൽ ഫോൺ ബുക്ക് ചെയ്തവർക്കെല്ലാം നാലുമാസത്തിനുള്ളിൽ നൽകുമെന്നാണ് വാഗ്ദാനം. ഡെലിവറി ചാർജ് അടക്കം 291 രൂപയാണ് ഓരോരുത്തരും സ്മാർട്ടഫോണിനായി ചെലവിട്ടത്.

റിംഗിങ് ബെൽ ഒരു തട്ടിപ്പ് കമ്പനിയാണെന്നും ഇന്ത്യക്കാരെ മുഴുവൻ പറ്റിച്ച സ്ഥാപന ഉടമകൾ നൂറുകോടി രൂപയെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. സ്ഥാപനത്തിന്റെ യാഥാർഥ്യം തേടി ആദായ നികുതി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. നോയ്ഡയിലെ 63-ാം സെക്ടറിലുള്ള ഓഫീസിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിരന്തരം പരിശോധനകൾ നടത്തുന്നുണ്ട്. ഫോണിന്റെ ഉദ്പാദനം ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ഏപ്രിൽ അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നാണ് റിംഗിങ് ബെൽ ഉടമ മോഹിത് ഗോയൽ പറയുന്നത്. ബുക്കിങ്ങിലൂടെ ലഭിച്ച പണം ഇതേവരെ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നും ഫോൺ വിതരണം ചെയ്യാതെ അത് തനിക്ക് ആവശ്യമില്ലെന്നും ഗോയൽ പറയുന്നു.

ഫ്രീഡം 251 എന്ന പേരിട്ടിട്ടുള്ള സ്മാർട്ട്‌ഫോണിന്റെ അത്ഭുതകരമായ വിലക്കുറവ് തന്നെയാണ് അതിന്റെ ആകർഷണവും. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സവിശേഷതകളുള്ള ഫോൺ വിൽക്കാനാവില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന ആരോപിക്കുന്നു. മോഹിത് ഗോയലും ഫ്രീഡം ഫോണിന്റെ രഹസ്യങ്ങൾ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടുദിവസത്തിനുള്ളിൽ തന്റെ ബിസിനസ് പദ്ധതികൾ വെളിപ്പെടുത്തുമെന്ന് മോഹിത് പറഞ്ഞു. രണ്ട് ഫാക്ടറികൾ ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശിലും ഛത്തീസ്‌ഗഢിലുമാണ് ഫാക്ടറികൾ. നോയ്ഡയിൽ ഇപ്പോൾത്തന്നെ ഒരു അസംബ്ലിങ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് മോഹിത് അവകാശപ്പെട്ടു.

25 ലക്ഷത്തോളം ബുക്കിങ് നടന്നുവെന്നാണ് മോഹിത് അവകാശപ്പെടുന്നത്. എന്നാൽ, അതിലേറെപ്പേർ ബുക്ക് ചെയ്തിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 18-ന് ബുക്കിങ് ആരംഭിച്ചപ്പോൾ സെക്കൻഡിൽ ആറുലക്ഷത്തോളം ഹിറ്റുകളാണ് വെബ്‌സൈറ്റിൽ ഉണ്ടായത്. ഇതേത്തുടർന്ന് വെബ്‌സൈറ്റ് തകരുകയും ചെയ്തു. ഫോൺ ബുക് ചെയ്തവരും ഓൺലൈൻ വഴിയല്ലാതെ ഫോൺ ലഭ്യമാകാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കാനത്തെിയവരുമായി നിരവധിപേർ റിങ്ങിങ് ബെൽസിന്റെ നോയിഡയിലെ വാടക ഓഫിസിനു മുന്നിൽ ദിവസവും എത്തുന്നുണ്ട്. അതിനിടെ അധികൃതരും നിരീക്ഷണം നടത്തുന്നുണ്ട്.

ഗൗതം നഗർ ഡി.എസ്‌പി അനൂപ് സിങ് കഴിഞ്ഞ ദിവസം ഗോയലുമായി പദ്ധതി സംബന്ധിച്ച ചർച്ച നടത്തി. പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ടെന്നും തട്ടിപ്പുകൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ഗോയലിന്റെ പാസ്‌പോർട്ട് ഉൾപ്പെടെ രേഖകൾ കസ്റ്റഡിയിൽ എടുക്കുമെന്നും എന്നാൽ, നിലവിൽ ഇതിനുള്ള സാഹചര്യമില്ലെന്നും മോഹിത് പറഞ്ഞു.

25 ലക്ഷമെന്ന ഗോയലിന്റെ വാക്കുകൾ വിശ്വസിക്കുകയാണെങ്കിൽ ത്തന്നെ 72.5 കോടി രൂപയെങ്കിലും ഇതിനകം ഗോയലിന് ലഭിച്ചിരിക്കണം. ഒട്ടേറെപ്പേർ നേരിട്ട് ഫോൺ വാങ്ങുന്നതിനായി നോയ്ഡയിലെ സ്ഥാപനത്തിന് മുന്നിലെത്തിയിരുന്നു. എന്നാൽ, ഓൺലൈനിലൂടെ മാത്രമേ ഫോൺ വാങ്ങാനാവൂ എന്ന ഹിന്ദിയിലെഴുതിയ ബോർഡാണ് അവിടെയുണ്ടായിരുന്നത്.

റിംഗിങ് ബെൽ കമ്പനിയുടെ പ്രവർത്തനം പഠിക്കുന്നതിനും അതിന്റെ രേഖകൾ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ എക്‌സൈസ്, ഇൻകം ടാക്‌സ് വകുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഉത്പന്നമെന്ന നിലയ്ക്ക് റിംഗിങ് ബെൽ പുറത്തുവിട്ട ചിത്രം ഫ്രീഡം 251 ഫോണുകളുടേതല്ലെന്നും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ആഡ്‌കോം എന്ന കമ്പനിയുടെ ഹാൻഡ്‌സെറ്റുകളാണ് ഇവർ പ്രദർശിപ്പിച്ചത്.

നാലിഞ്ച് ടച്ച്‌സ്‌ക്രീനോടു കൂടിയ ഡ്യുവൽ സിം ഫോണാണ് ഫ്രീഡം 251 എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് 1.3 ക്വാഡ് കോർ പ്രൊസ്സസ്സറാണ്. ഒരു ജിബി റാമും എട്ട് ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് ഇരുപുറത്തും ക്യാമറകളുമുണ്ട്. ലോകമെങ്ങുമുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഫ്രീഡം 251 രംഗപ്രവേശം ചെയ്തത്.

ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ടഫോൺ ട്രയോ ട്രയോ സ്മാർട്ട് ടച്ച് ഫോൺ ജൂനിയർ 3 ആണ്. ഓൺലൈനിലെ ഇതിന്റെ വില 1449 രൂപയും. ഇതൊരു 2ജി ഫോണാണ്. എന്നാൽ, ഫ്രീഡം 251 ആകട്ടെ 3ജി ഫോണും. ഫ്രീഡം 251ന്റെ സവിശേഷതകളോടു കൂടിയ ഏറ്റവും വിലകുറഞ്ഞ ഫോണായ ഡാറ്റാവിൻഡ് പോക്കറ്റ്‌സർഫറിന് 2999 രൂപയാണ് വില.

251 രൂപയ്്ക്ക് ഇത്രയേറെ സൗകര്യങ്ങളുള്ള ഫോൺ വിൽക്കാനാവില്ലെന്ന് സെല്ലുലാർ അസോസിയേഷൻ പ്രസിഡന്റ് പങ്കഡ് മൊഹിൻഡ്രൂ പറയുന്നു. ഇതിൽ എത്ര ഘടകങ്ങൾ ഇന്ത്യയിൽ ലഭിച്ചാൽ പോലും ഈ വിലയ്ക്ക് ഫോൺ നിർമ്മിക്കാനാവില്ല. ഇതേ സവിശേഷതകളുള്ള ഫോണിന് എട്ടിരട്ടിയെങ്കിലും വിലവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം പിന്നെ എങ്ങനെയാണ് ഇങ്ങനെ ഫോൺ നിർമ്മിച്ചതെന്നാണ് ചോദ്യം.

251 രൂപയുടെ സ്മാർട്ട്‌ഫോണിനെക്കുറിച്ച് സംസാരിക്കുന്ന മോഹിത് ഗോയൽ ഉത്തർപ്രദേശിലെ ശാംലി ജില്ലയിലെ ഗാർഹിപുഖ്ത പട്ടണത്തിലെ കൊച്ചു പലചരക്കുകടയിൽ ജീവനക്കാരൻ കൂടിയായിരുന്നു. മോഹിതിന്റെ പിതാവ് രാജേഷ് ഗോയലിനൊപ്പം സഹായിക്കുകായിരുന്നു മുമ്പ് ഗോയൽ ചെയ്തത്. റിങ്ങിങ് ബെൽസിന്റെ മാനേജിങ് ഡയറക്ടറായ മോഹിത് പലചരക്കുകടയിൽ പിതാവിനെ സഹായിച്ചാണ് കഴിഞ്ഞിരുന്നത്.

സ്‌കൂൾ പഠനത്തിനുശേഷം അമിറ്റി യൂനിവേഴ്‌സിറ്റിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷമാണ് മോഹിത് കമ്പനി തുടങ്ങിയത്. ഭാര്യ ധാർനയാണ് റിങ്ങിങ് ബെൽസിന്റെ സിഇഒ. തന്റെ മകൻ വലുതെന്തെങ്കിലും ചെയ്യുമെന്നാണ് രാജേഷ് ഗോയൽ വിശ്വിസിക്കുന്നതും. 'കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോൾ ഒരു കമ്പനി തുടങ്ങാനുള്ള ആഗ്രഹം മോഹിത് പറഞ്ഞിരുന്നു. അവനാഗ്രഹിക്കുന്നത് ചെയ്യാൻ കുറച്ച് പണവും കൊടുത്തു. ഒരു മൊബൈൽ ഫോൺ കമ്പനിയാണ് തുടങ്ങിയതെന്ന് അവൻ പിന്നീട് പറഞ്ഞിരുന്നു. അവൻ ചെയ്യുന്നതെന്താണെന്ന് ഞങ്ങൾക്കറിയില്ല' രാജേഷ് പറഞ്ഞു. ഫ്രീഡം 251 മൊബൈൽ ഡൽഹിയിൽ പുറത്തിറക്കുന്ന ചടങ്ങിൽ രാജേഷും പങ്കെടുത്തിരുന്നു. ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുൾപ്പെടെ പ്രമുഖരത്തെിയ ചടങ്ങിൽ ശാംലിയിലെ നാട്ടുകാരിൽ ചിലർക്കും ക്ഷണമുണ്ടായിരുന്നു.