തിരുവനന്തപുരം: ജനയുഗത്തിന് എതിരെ സാമൂഹ്യ മാധ്യമത്തിലുടെ നടത്തിയ വിമർശനത്തിൽ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പാർട്ടിയുടെ പരസ്യതാക്കീത്. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ശ്രീനാരായണ ഗുരു ജയന്തിയിൽ അർഹിച്ച പ്രാധാന്യം ജനയുഗം പത്രം നൽകിയില്ലെന്നായിരുന്നു ശിവരാമന്റെ വിമർശനം.

സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ശിവരാമന് എതിരെ നടപടി വേണമെന്ന് ആദ്യം വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ സംസ്ഥാന കൗൺസിലിലും വിഷയം ചർച്ച ചെയ്യുകയായിരുന്നു.

ശ്രീനാരായണ ജയന്തി ദിനത്തിൽ ഇറങ്ങിയ ജനയുഗത്തെ വിമർശിച്ചുകൊണ്ടാണ് ശിവരാമൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഗുരുവിന്റെ ഒറ്റക്കോളം പടം മാത്രം നൽകിയതിന് എതിരെയായിരുന്നു വിമർശനം.

ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ പത്രങ്ങൾ ഗുരുദർശനങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയപ്പോൾ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമർശനം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്‌മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമൻ പോസ്റ്റിൽ വിമർശിച്ചിരുന്നു.