കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഭാസുരേന്ദ്ര ബാബു ചാനലുകളിൽ നിന്നും അപ്രത്യക്ഷമായി. മാദ്ധ്യമ പ്രവർത്തകനും ഇടത് സഹയാത്രികനുമായ ഭാസുരേന്ദ്ര ബാബുവിനെതിൽ കോഴിക്കോട് വിജിലൻസ് കോടതിയാണ് തിങ്കളാഴ്ച അറസ്റ്റ് വാറണ്ടിറക്കിയത്.

കൃത്രിമ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയതിനായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ ചാനലുകളിൽ സ്ഥിരമായി ചർച്ചകൾക്കെത്താറുള്ള ഭാസുരേന്ദ്ര ബാബു അറസ്റ്റ വാറണ്ട് വന്നതോടെ എവിടെയും പ്രത്യക്ഷപ്പെടാതെ നിൽക്കുകയാണ്. ചാനലുകളിലെത്തി അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുന്നയാളാണ് ഇപ്പോൾ കോടതി അറസ്റ്റിന് ഉത്തരവിട്ടതിനെ തുടർന്ന് പൊലീസ് അന്വേഷിക്കുന്ന ഭാസുരേന്ദ്ര ഭാബു. ഭൂമി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ഭാസുരേന്ദ്ര ബാബുവിനെതിരിൽ കോഴിക്കോട് വിജിലൻസ് കോടതി പലതവണ സമൻസ് അയച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇപ്പോൾ വിജിലൻസ് കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയത്.

എട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂർ ശിവപുരം വില്ലേജിലെ ചിത്രവട്ടത്തുള്ള ഭാസുരേന്ദ്ര ബാബുവിന്റെ ഭാര്യയുടെ കുടുംബമായ കാവുങ്കര ഇല്ലത്തിന്റെ ഭൂമിയാണെന്ന് കാണിച്ച് റി.സർവേ നമ്പർ 12 ലെ 98 ഏക്കർ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് 2007ൽ വിജിലൻസ് ഈ സംഭവവുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെ ഫയലുകൾ പരിശോധിച്ചപ്പോൾ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് വിജിലൻസ് കേസ് 10/2007 പ്രകാരം ഭാസുരേന്ദ്ര ബാബുവിനെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഉദ്യോഗസ്ഥനായിരുന്നു ആലപ്പുഴ സ്വദേശിയായ ഭാസുരേന്ദ്ര ബാബു.

നേരത്തെ പാട്ടത്തിന് നൽകിയിരുന്ന സാർക്കാർ ഭൂമി ബാസുരേന്ദ്ര ബാബുവിന്റെ ഭാര്യ കുടുംബത്തിനു വേണ്ടി കൃത്രിമ രേഖ ഉണ്ടാക്കുകയായിരുന്നുവെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി ഉന്നത ഉദ്യേഗസ്ഥ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നു. ബാസുരേന്ദ്ര ബാബുവിനെ കൂടാതെ തട്ടിപ്പിന് നേരിട്ട് കൂട്ടു നിന്ന വേറെയും ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ലാൻഡ് ഡ്രിബ്യൂണൽ ഡെപ്യൂട്ടി കളക്ടർ സുലോചന, ശിവപുരം മുൻ വില്ലേജ് ഓഫീസർ എൻ ശ്രീധരൻ, ലാൻഡ് ഡ്രൈബ്യൂണൽ റവന്യു ഇൻസ്‌പെക്ടർ എ.ഇ മാധവ നമ്പൂതിരി, അഭിഭാഷകനായ കാഞ്ഞാട് ബളാർ സ്വദേശി അഡ്വ.ബെന്നി എബ്രഹാം , മട്ടന്നൂരിലെ ആധാരം എഴുത്തുകാരൻ ശ്രീധരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. റിസർവെ പ്രകാരം മിച്ച ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നതിനിടയിലായിരുന്നു അഭിഭാഷകന്റെ സഹായത്തോടെ ഭൂമി തട്ടിയത്.

2007ൽ ആരംഭിച്ച കേസന്വേഷണത്തിന്റെ കുറ്റപത്രം കണ്ണൂർ വിജിലൻസ് യൂണിറ്റ് വിജിലൻസ് കോടതിയിൽ ഒരു വർഷം മുമ്പ് സമർപ്പിച്ചിരുന്നു. തുടർന്ന് കേസിന്റെ വിചാരണ നടത്തുന്നതിനായി ബാസുരേന്ദ്ര ബാബുവിന് സെമൻസ് അയച്ചിരുന്നെങ്കെലും ഹാജാരായില്ല. തുടർന്ന് കേസ് വാറണ്ടാവുകയും കോഴിക്കോട് വിജിലൻസ് കോടതി തിങ്കളാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നുവെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേസിലെ മറ്റു പ്രതികൾ വിചാരണക്കായി ഹാജരായെങ്കിലും ഭാസുരേന്ദ്രബാബു ഇതുവരെയും കോടതിയിൽ എത്തിയിരുന്നില്ല. അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ച സാഹചര്യത്തിൽ അറസ്റ്റുണ്ടാകുമെന്നും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു.