മുംബൈ: പ്രമുഖ ഹിന്ദി സീരിയൽ നടി പ്രത്യുഷ ബാനർജിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. കാമുകനുമായുള്ള നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് നടി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകമാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. ഇതോടെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതിനിടെ പ്രത്യുഷ ബാനർജി രണ്ട് മാസം ഗർഭിണിയായിരുന്നു എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഫോറൻസി സർജൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് പ്രത്യുഷ ഗർഭിണിയായിരുന്നു എന്ന് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി ഇവരുടെ ഗർഭാശയത്തിൽ നിന്നുള്ള സാമ്പിളുകൾ ജെ ജെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചതായി മിഡ് ഡേ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഗർഭപാത്രത്തിൽ കട്ടിയുള്ള ദ്രവം കാണപ്പെട്ടതായും ഇത് ഗർഭധാരണത്തിന്റെ ആദ്യ നാളുകളാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അതേസമയം, ആത്മഹത്യ ചെയ്തതിന്റെ തലേദിവസം പ്രത്യുഷ കാമുകൻ രാഹുലിനൊപ്പം സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അവിടെ വച്ച് ഇരുവരും മദ്യപിച്ചിരുന്നെന്നും സുഹൃത്തുക്കൾ വെളിപ്പെടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ രാജ് സിംഗിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ശ്വാസ തടസം അനുഭവപ്പെട്ട രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ തന്റെ മകൻ നിരപരാധിയാണെന്നും കാര്യമില്ലാതെയാണ് ടിവി താരങ്ങൾ രാഹുലിനെ കുറ്റപ്പെടുത്തുന്നതെന്നും അച്ഛൻ ഹർഷവർധൻ സിങ് പറഞ്ഞു. പ്രത്യുഷയും രാഹുലും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. പ്രത്യുഷക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രാഹുലിനെതിരെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനർജി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുൽ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ ആരോപണം. ഇവർ തമ്മിൽ നിരന്തരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും സുഹൃത്തുക്കളും പറയുന്നു.

രാഹുലിന് പുറമെ നടിയുടെ മുൻ കാമുകൻ മാർകണ്ഡ് മൽഹോത്ര എന്ന വ്യവസായിയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൽഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി നേരത്തെ ഉന്നയിച്ചിരുന്നു. മൽഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യുഷ രാഹുൽ രാജുമായി അടുത്തത്. കഴിഞ്ഞദിവസമാണ് 24കാരിയായ പ്രത്യുഷയെ മുംബൈ സബർബനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാഹുൽ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷയുടെ മരണം. അതിനിടെ പ്രത്യുഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചത്. പ്രത്യുഷയുടെ ഇടത് കൈയിൽ ബ്ലേഡ് വച്ച് മുറിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു.