വാഷിങ്ടൺ ഡിസി: സുരക്ഷാ പരിശോധനയ്ക്കായി വാഷിങ്ടൺ സബ് വേ മെട്രോ അടച്ചിടുന്നു. ചൊവ്വാഴ്ച രാത്രി മുതൽ 29 മണിക്കൂർ നേരത്തേക്കാണ് മെട്രോ സബ് വേ അടച്ചിടുന്നത്. യുഎസിലെ രണ്ടാമത്തെ ഏറ്റവും വലിയ സബ് വേ നെറ്റ് വർക്ക് അടച്ചിടുന്നത് മൂലം ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടു നേരിടും. 

ഈയാഴ്ച ആദ്യം പ്രധാനപ്പെട്ട ചിലയിടങ്ങളിൽ പവർ കേബിൾ മൂലം തീപിടുത്തം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ പരിശോധന നടത്താനാണ് സബ് വേ അടച്ചിടുക. കഴിഞ്ഞ വർഷം ഇത്തരത്തിൽ കേബിളിൽ നിന്ന് പുക പടലങ്ങൾ ഉണ്ടാകുകയും അത് ഒരു യാത്രക്കാരന്റെ മരണത്തിന് കാരണമാകുകയും ചെയ്തിരുന്നു.

230 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ അടച്ചിടുന്നതു മൂലം എല്ലാ ആറു ലൈനുകളേയും 91 സ്‌റ്റേഷനുകളേയും ഇതു ബാധിക്കും. ഏഴു ലക്ഷത്തോളം യാത്രക്കാർ ദിവസേന മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 1970കളിൽ പ്രവർത്തനം ആരംഭിച്ച മെട്രോ ഇതാദ്യമായാണ് കാലാവസ്ഥയല്ലാതെ മറ്റൊരുകാരണത്താൽ അടയ്ക്കുന്നത്.