തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസത്തെ പുകഴ്‌ത്തി വാഷിങ്ടൺ പോസ്റ്റിൽ ലേഖനം. കേരളത്തിലെ ജനങ്ങൾക്ക് കമ്മ്യൂണിസത്തോളുള്ള അഭിനിവേശവും സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെയും പുകഴ്‌ത്തി കൊണ്ടാണ് ലേഖനത്തിൽ പറയുന്നത്. ലോകത്തെമ്പാടും കമ്മ്യൂണിസം തകരുമ്പോൾ അവശേശിക്കുന്ന ശരിയായ കമ്മ്യൂണിസവു വിപ്ലവം സ്വപ്‌നം കാണുന്ന ജനതയും കേരളത്തിലാണെന്നുമാണ് അമേരിക്കൻ മാധ്യമത്തിന്റെ പുകഴ്‌ത്തൽ.

ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് സ്വപ്നം കാണാൻ സാധിക്കുന്ന ചില സ്ഥലങ്ങളിൽ ഒന്ന് എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് തയ്യാറാക്കിയത് പ്രമുഖ മാധ്യമപ്രവർത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേർന്നാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും കേരളത്തിന്റെ പ്രവാസി സമൂഹം ആഗോള സാമ്പത്തിക രംഗത്ത്് നൽകുന്ന സംഭാവനകളും റിപ്പോർട്ടിൽ എണ്ണിയെണ്ണി സൂചിപ്പിച്ചിട്ടുണ്ട്.

റഷ്യയിലെ പെട്രോഗ്രേഡിലെ വിന്റർപാലസിൽ ബോൾഷെവിക്കുകൾ അധികാരമേറ്റ് നൂറ് വർഷത്തിന് ശേഷവും കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും വിപ്ലവ സ്വപ്നങ്ങളുള്ള ഭൂമികളിൽ ഒന്നായി മൂന്നര കോടി ജനങ്ങളുള്ള കേരളമുണ്ടെന്നാണ് ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്നത്. ലോകത്ത് അഞ്ച് രാജ്യങ്ങളിൽ മാത്രമാണ് ഇന്ന് കമ്മ്യൂണിസം നാമമാത്രമായെങ്കിലും അവശേഷിക്കുന്നത്. ക്യൂബയിൽ വിപ്ലവമെന്നത് ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്നു.

ഉത്തരകൊറിയയിൽ കമ്മ്യൂണിസം ആണവ ആയുധങ്ങൾക്കൊപ്പമാണ് നടപ്പാക്കുന്നത്. എന്നാൽ കേരളത്തിലെ കമ്മ്യൂണിസം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും 1957ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നും ജനകീയത തുടരുന്നുവെന്നും വാഷിങ്ടൺ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ അടക്കം ലേഖനത്തിൽ പരാമർശിക്കുന്നു. ആഗോള സാമ്പത്തിക രംഗത്തും തങ്ങളുടെതായ സംഭാവനകൾ നൽകുന്നവരാണ് മലയാളികളെന്നുമാണ് റിപ്പോർട്ട്.

കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണം നടന്നപ്പോഴാണ് വാഷിങ്ടൺ പോസ്റ്റ് സംഘം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് അന്വേഷിക്കാൻ ആരംഭിച്ചത്. 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശം തൊഴിലാളി വർഗ്ഗത്തിന് നൽകി കർഷക തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ അനുസ്മരണത്തിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിയുമായി ആയിരങ്ങളാണ് പങ്കെടുത്തത്. 'ലാൽ സലാം', 'ഇൻക്വലാബ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളുമായാണ് സഖാവിന് ആയിരങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചത്.

ഈ ഫാസിസ്റ്റ് ഇന്ത്യയിൽ ഞങ്ങളുടെ സ്വപ്ന സംസ്ഥാനം പണിതുയർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നു. കാറൾ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തൊഴിലാളി വർഗ്ഗ അധിഷ്ഠിതമായ പുതിയ ഒരു സമൂഹത്തിന്റെ രൂപീകരണത്തിന് ബോൾഷെവിക്കുകൾ തുടക്കം കുറിച്ചത്. എല്ലാവർക്കും പൊതുവായ സ്വത്തും ഇതിലൂടെ ഇവർ മുന്നോട്ട് വച്ചു ആശയമാണ്. 1917ൽ ആരംഭിച്ച ബോൾഷെവിക് വിപ്ലവത്തോടെ സോവ്യറ്റ് യൂണിയൻ രൂപീകൃതമാകുകയും ലോകത്തിൽ പുതിയൊരു ഭരണസംവിധാനം നിലവിൽ വരികയും ചെയ്തു. ലോകത്തിൽ മൂന്നിൽ ഒന്ന് പ്രദേശത്തും കമ്മ്യൂണിസത്തിന്റെ സ്വാധീനമുണ്ടാകുകയും ചെയ്തു.

എന്നാൽ വിപ്ലവത്തിലൂടെയല്ല കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ പ്രതിരോധം തീർക്കുന്നതിനും ഇന്ത്യയിലെ ജാതി സംവിധാനത്തിനുമെതിരായി 1939ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നത്. കേരളത്തിലെ ഫ്യൂഡൽ സംവിധാനത്തിനെതിരായ പ്രചരണങ്ങൾ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി' പോലുള്ള നാടകങ്ങളിലൂടെ അവതരിപ്പിച്ച് സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയായിരുന്നു അവരുടെ തുടക്കം. 1952ൽ അവതരിപ്പിക്കപ്പെട്ട ഈ നാടകത്തിലൂടെ പാർട്ടിക്ക് ഇവിടെ ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിക്കുകയും അഞ്ച് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് സർക്കാർ ഉണ്ടാക്കാൻ സാധിക്കുകയും ചെയ്തു. മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നീ കൃതികളുടെ നിരവധി കോപ്പികൾ മലയാളത്തിൽ പുറത്തിറങ്ങുകയും ചെയ്തു.

സോവ്യറ്റ് യൂണിയന്റെ ചിഹ്നങ്ങൾ സ്വീകരിക്കുകയും സോവ്യറ്റ്ലാൻഡ് മാസിക വായിക്കുകയും നിക്കരാഗ്വൻ സാൻഡിനിസ്റ്റാസ് മാർച്ചിനെ പിന്തുടരുകയും ക്യൂബയിലേക്ക് അരി അയക്കുകയുമെല്ലാം ചെയ്തെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്നും ഇവിടുത്തെ പ്രദേശിക ഹീറോകളും വേറിട്ട വഴികളും തന്നെയാണുള്ളതെന്നും വാഷിങ്ടൺ പോസ്റ്റിലെ ലേഖനം പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഫാക്ടറികൾ പിടിച്ചെടുക്കുകയോ മാർക്സിന്റെ വാക്കുകൾ അനുസരിച്ച സ്വകാര്യ സ്വത്ത് നിരോധിക്കുകയോ ചെയ്തില്ല. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ചിലപ്പോൾ ജയിക്കുകയും മറ്റ് ചിലപ്പോൾ തോൽക്കുകയും ചെയ്തുപോരുന്നു.

നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തിലെ അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ സാമൂഹികാന്തരീക്ഷത്തെ മാറ്റിമറിക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഫാസിസ്റ്റ് ഇന്ത്യയിൽ തങ്ങളുടെ സ്വപ്ന സംസ്ഥാനം പണിതുയർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. അമൽ നീരദിന്റെ അടുത്തായി ഇറങ്ങിയ സിഐഎ എന്ന സിനിമയെക്കുറിച്ചും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.