തിരുവനന്തപുരം: കടന്നലുകളുടെ ഭീമാകാരമായ കൂട് കണ്ടിട്ടുണ്ടോ? അവയുടെ കുത്ത് ഒരിക്കലെങ്കിലും ശരീരത്തിൽ ഏറ്റിട്ടുണ്ടോ? വീടിനരികിൽ ഒരു കടന്നൽക്കൂട് ഉണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും? ഇവയെ എങ്ങനെ തുരത്തുമെന്നോർത്ത് വിഷമിച്ചിട്ടുണ്ടോ... എങ്കിലിതാ കടന്നലുകളെ കൂടടക്കം തുരത്താനായി രംഗത്തിറങ്ങിയ രണ്ടു പേരെ പരിചയപ്പെടാം..

ഫയർഫോഴ്‌സിൽ നിന്ന് വിരമിച്ച ഗംഗാധരനും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ നായരും സാമൂഹ്യ സേവനത്തിന്റെ വ്യത്യസ്തത കൊണ്ടാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ജീവൻ കൈയിലെടുത്ത് കടന്നലുകൾക്കെതിരെ പോരാടുമ്പോഴും തങ്ങൾക്കു ചെയ്യാനാകുന്ന സേവനം സമൂഹത്തിന് ചെയ്യുക മാത്രമാണെന്നാണ് ഇവർ പറയുന്നത്.

കടന്നലുകൾ ഭീകരജീവികളല്ലെന്ന് ഗംഗാധരൻ പറയുന്നു. കടന്നൽ സാധു ജീവിയാണ്. അവരെ ഉപദ്രവിക്കാതെ ആരെയും അവർ ഉപദ്രവിക്കാറില്ല. ഏതെങ്കിലും സാഹചര്യത്തിൽ കൂടിന് ഇളക്കം തട്ടിയാലാണ് അവ മനുഷ്യനേയും മൃഗങ്ങളേയും ഉപദ്രവിക്കുന്നത്- ഗംഗാധരൻ പറഞ്ഞു.

സർവ്വീസിലുള്ള സമയത്ത് തുടങ്ങിയതാണ് ഗംഗാധരന്റെ ഈ സേവനം. വിരമിച്ചശേഷവും ഒരുപാട് ആളുകൾ ഗംഗാധരന്റെ സേവനം ആവശ്യപ്പെട്ട് വിളിക്കാറുണ്ട്. ഇതിനകം ഏകദേശം 1400ഓളം കടന്നൽ കൂടൂകൾ ഗംഗാധരൻ നശിപ്പിച്ചിട്ടുണ്ട്. ആദ്യം ഒറ്റയ്ക്കാണ് ഗംഗാധരൻ ഈ ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് രാധാകൃഷ്ണൻനായരെ കൂടെക്കൂടിയത്. തന്റെ പിൻഗാമിയാണ് രാധാകൃഷ്ണൻ എന്നാണ് ഗംഗാധരൻ പറയുന്നത്.

പ്രത്യേക രീതിയിലാണ് കടന്നൽ കൂട് നശിപ്പിക്കുന്നത്. ഏഴ് കമ്പുകളിൽ തുണി ചുറ്റി എടുത്ത് അത് നീളമുള്ള ഒരു കമ്പിയിൽ കുട്ടയുടെ ആകൃതിയിൽ കെട്ടിവയ്ക്കും. കടന്നൽ കൂടിന്റെ വലിപ്പം അനുസരിച്ചാണ് ഇത് കെട്ടുന്നത്. അതിനു ശേഷം ഈ തുണികൾ മണ്ണെണ്ണ ഒഴിച്ച് നനക്കും. മരത്തിന് മുകളിൽ കയറി കൂടിനോട് ഏകദേശം അടുത്ത് നിന്ന് ഈ പന്തം കത്തിക്കും. ഈ തുണി കടന്നൽ കൂടിലേക്ക് കാണിക്കും. കടന്നൽ കൂടിനെ പൊതിഞ്ഞു നിൽക്കുന്ന രീതിയിൽ തീ വരുന്നതിനാൽ ഒരു കടന്നലിനു പോലും രക്ഷപ്പെടാൻ കഴിയില്ല.

ചാകാതെ താഴെ വീണാലും ഇവയെ നശിപ്പിക്കാൻ വഴിയുണ്ട്. കൂടിന് താഴെ തുണി വിരിച്ച് അതിൽ മണ്ണെണ്ണ തളിക്കും. ചാകാതെ കടന്നലുകൾ ഈ തുണിയിലേക്ക് വീഴുമ്പോൾ തുണി കത്തിക്കും. തീ കത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലും പ്രശ്‌നം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും.

കടന്നലുകളെ നശിപ്പിക്കുന്നതിനിടെ അവയുടെ കുത്തേറ്റാൽ സ്വയം ചികിത്സയ്ക്കും ഇവർക്ക് മാർഗങ്ങളുണ്ട്. ഊളൻതകര എന്ന ചെടിയുടെ ഇല അരച്ച് കുത്തുകൊണ്ട സ്ഥലങ്ങളിൽ പുരട്ടും. ഇങ്ങനെ ചെയ്താൽ നീര് വയ്ക്കില്ല.

കടന്നൽ കുത്തേറ്റു ജീവനും കൊണ്ട് ഓടിയ അനുഭവവും രാധാകൃഷ്ണന് ഉണ്ടായിട്ടുണ്ട്. 'ഒരിക്കൽ തെങ്ങിനു മുകളിൽ കയറി കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ ഇളകി. അവ എന്നെ ഓടിച്ചിട്ട് കുത്തി. അവസാനം കുത്തുകൊണ്ട് താഴെ വീണു. എങ്കിലും ആ കൂട് നശിപ്പിച്ചതിന്‌ശേഷമാണ് തിരിച്ചുപോയത്. ഈ സംഭവം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല'- രാധാകൃഷ്ണൻ നായർ പറഞ്ഞു.

വീടിനുള്ളിലും കത്തിക്കാൻ പറ്റാത്ത സ്ഥലങ്ങളിലും ഉള്ള കടന്നൽ കൂടുകൾ മരുന്ന് തളിച്ചാണ് നശിപ്പിക്കുന്നത്. ഇതേ രീതിയിൽ തന്നെയാണ് തേനീച്ചക്കൂടുകൾ നശിപ്പിക്കുക. മരുന്ന് വെള്ളം ചേർത്ത് വീര്യം കുറച്ച് തേനീച്ചക്കൂടിൽ തളിക്കും അപ്പോൾ അവ പറന്നുപോകും. അതിനുശേഷം ആ കൂട് എടുത്ത് കളഞ്ഞ് അവിടം വൃത്തിയാക്കുന്നു എന്നും ഗംഗാധരൻ പറയുന്നു.

ഗംഗാധരന്റെ അഭിപ്രായത്തിൽ കടന്നലുകൾ വിഭിന്ന സ്വാഭാവക്കാരാണ്. ചിലത് ചെളി ഉപയോഗിച്ച് കൂട് ഉണ്ടാക്കുമ്പോൾ മറ്റു ചിലത് തടിയുടെ ഭാഗങ്ങൾ ചവച്ച് പൾപ്പ് ആക്കി കൂട് ഉണ്ടാക്കുന്നു. ഇവ വലിയ വൃക്ഷങ്ങളിലും കെട്ടിടങ്ങളിലും എല്ലാം കൂട് ഉണ്ടാക്കും. കൂട്ടമായാണ് കടന്നലുകൾ ജീവിക്കുന്നത്. പകൽ സമയം പുറത്ത് പോകുന്ന ഇവ എല്ലാം രാത്രി കൂടുകളിൽ ഒന്നിക്കുന്നു. അതിനാൽ രാത്രിയാണ് കൂട് നശിപ്പിക്കുന്നത്.

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ അടക്കം അനേകം അവാർഡുകൾ ഗംഗാധരന് ലഭിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം കടന്നലുകൾ ഗംഗാധരന്റെ പന്തത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. സേവനം ആവശ്യമുള്ളവർ 9747149175 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി എന്ന് ഗംഗാധരൻ പറയുന്നു.