ഡബ്ലിൻ: ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകർ മൈതാനം കയ്യടക്കുന്നതും മത്സരം തടസപ്പെടുത്തുന്നതും പലപ്പോഴും വാർത്തയാകാറുണ്ട്. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ജഴ്‌സി അണിഞ്ഞ് സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് പല തവണ ഗ്രൗണ്ടിൽ ഇറങ്ങിയ ജാർവോ ചിരിപടർത്തിയിരുന്നു.

എന്നാൽ അയർലൻഡിലെ വനിതാ ക്രിക്കറ്റ് ലീഗിനിടെ ഗ്രൗണ്ടിൽ നായ ഇറങ്ങിയതോടെ മത്സരം തടസപ്പെട്ടതിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിരി പടർത്തുന്നതായി ഈ കാഴ്ച.

 

മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ പാഴായ ത്രോയിൽ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു. ഇതോടെ മത്സരം തടസപ്പെടുകയായിരുന്നു. 

ബ്രെഡി ക്രിക്കറ്റ് ക്ലബ്ബും അയർലൻഡ് ക്രിക്കറ്റ് ക്ലബ്ബ് സിവിൽ സർവീസ് നോർത്തും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് നായ മൈതാനം കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു സംഭവം.

ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പറുടെ കൈയിൽ നിന്നും നഷ്ടപ്പെട്ട പന്ത് മൈതാനത്തേക്കെത്തിയ നായ കടിച്ചെടുത്തു. തുടർന്ന് വായിലാക്കിയ പന്തുമായി ഓടിയ നായ മൈതാനത്തെ മറ്റ് ഫീൽഡർമാർക്കൊന്നും പിടികൊടുത്തില്ല. ഒടുവിൽ പിച്ചിലുണ്ടായിരുന്ന ബാറ്റിങ് ടീം അംഗം വിളിച്ചപ്പോൾ നായ അടുത്തെത്തി. ഒടുവിൽ പന്ത് വിട്ടുകൊടുക്കുകയായിരുന്നു.

നായയുടെ ഉടമ ഗ്രൗണ്ടിലെത്തി പന്ത് തിരികെ ഫീൽഡിങ് ടീമിന് നൽകിയതോടെയാണ് മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞത്

നായയുടെ കുസൃതി വലിയ പൊട്ടിച്ചിരിക്കാണ് വഴിയൊരുക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. നായ മൈതാനത്തിറങ്ങി ക്രിക്കറ്റ് മത്സരം തടസപ്പെടുത്തിയ സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്.