- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ വെള്ളംകുടി മുട്ടിക്കല്ലേ'; 30 വർഷമായി ഉപയോഗിക്കുന്ന വാട്ടർ കണക്ഷൻ അയൽവാസി വിച്ഛേദിച്ചെന്ന് പരാതി; സ്വന്തം പറമ്പിലൂടെ കണക്ഷൻ നൽകാൻ കഴിയില്ലെന്ന് വാദിച്ച് ഉടമസ്ഥൻ; മുൻസിപ്പൽ റോഡിലൂടെ പൈപ്പ് വലിക്കാൻ ആർഡിഒയുടെ ഉത്തരവും; പുതിയ പൈപ്പിടാനോ അപ്പീൽ പോകാനോ പണമില്ലാതെ നിസഹായരായ വയോധികർ
കോട്ടയം: അയൽവാസിയുടെ പറമ്പിലൂടെ എടുത്തിരിക്കുന്ന വാട്ടർ കണക്ഷൻ സ്ഥലം ഉടമ വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ളം മുട്ടി വൃദ്ധദമ്പതികൾ. കോട്ടയം പാലാ ചെമ്പകശ്ശേരിയിൽ രാമകൃഷ്ണനും ഭാര്യ ഓമനയുമാണ് എന്തുചെയ്യണമെന്നറിയാതെ നിസഹായരായി കുടിവെള്ളത്തിന് വേണ്ടി അധികൃതരുടെ വാതിലിൽ മുട്ടുന്നത്. മഴ പെയ്യുമ്പോൾ ശേഖരിച്ചുവയ്ക്കുന്ന വെള്ളവും 1300 രൂപയ്ക്ക് ആഴ്‌ച്ചയിലൊരിക്കൽ ലോറിയിൽ കൊണ്ടുവരുന്ന വെള്ളവും മാത്രമാണ് ഇവർക്ക് ആശ്രയം. വീട് കുന്നിന്മുകളിലായിനാൽ മറ്റ് പൊതു ജലവിതരണ സംവിധാനങ്ങളില്ല. വെള്ളവുമായി വരുന്ന വണ്ടി കയറാനും ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ 30 വർഷമായി തങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ജലവിതരണ പൈപ്പ് അയൽവാസി വിച്ഛേദിച്ചതോടെയാണ് കുടിവെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടിലായതെന്നും ഇവർ പരാതിപ്പെടുന്നു.
എഴുപത്തഞ്ച് വയസുള്ള രാമകൃഷ്ണനും ഭാര്യയുമടക്കം അഞ്ച് അംഗങ്ങളാണ് ആ വീട്ടിലെ താമസക്കാർ. ചെറിയൊരു ചായക്കട മാത്രമാണ് ഇവരുടെ വരുമാനമാർഗം. അയൽവാസിയായിരുന്ന അന്തരിച്ച ശിവദാസനും രാമകൃഷ്ണനും ചേർന്ന് എഗ്രിമെന്റ് എഴുതിയാണ് 1987 ൽ ഇവർ വാട്ടർ കണക്ഷൻ എടുത്തത്. ഇതുവഴി ലഭിക്കുന്ന ജലം ശിവരാജന്റെയും രാമകൃഷ്ണന്റെയും കുടുംബം സംയുക്തമായി ഉപയോഗിച്ച് പോരുകയായിരുന്നു. ശിവരാജന്റെ മരണശേഷം മകൾ ദീപയുടെ പേരിലേയ്ക്ക് ആ പറമ്പിന്റെ ഉടമസ്ഥതാവകാശം മാറി.
ഒന്നരക്കൊല്ലം മുമ്പ് ദീപ തങ്ങളുടെ വാട്ടർകണക്ഷൻ ഈ പൈപ്പിൽ നിന്നും മാറ്റി മറ്റൊരു വഴിയിലുടെ എടുത്തു. അതിന് ശേഷമാണ് ഈ പ്രശ്നങ്ങളുണ്ടായതെന്ന് രാമകൃഷ്ണൻ പറയുന്നു. ദീപയും കുടുംബവും തങ്ങളുടെ പൈപ്പ് പൊട്ടിച്ച് അതിൽ നിന്നും ജലം അനധികൃതമായി മോഷ്ടിക്കുന്നതായി ആരോപിച്ച് രാമകൃഷ്ണൻ വാട്ടർ അഥോറിറ്റിക്കും പരാതി നൽകിയിരുന്നു. അവരുടെ പറമ്പിൽ നിന്നും പൈപ്പ് ലൈൻ സമീപത്തുള്ള പുറമ്പോക്ക് ഭൂമിയായ ഇടവഴിയിലേയ്ക്ക് മാറ്റിതരണമെന്ന് വാട്ടർ അഥോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് തങ്ങളുടെ ഭൂമിയാണെന്ന് സ്ഥാപിച്ച് ദീപയും ഭർത്താവും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ തിരിച്ചയച്ചെന്നും രാമകൃഷ്ണൻ കളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
പരിപ്പിൽക്കടവ് ജലവിതരണപദ്ധതിയുടെ കണക്ഷൻ എടുക്കുന്നതിന് ആറ് വർഷം മുമ്പ് 6000 രൂപ അടച്ചെങ്കിലും ഇതുവരെയും അതിന്റെ ഗുണം ലഭിച്ചിട്ടില്ല. ഇതിനിടെ നീതി തേടി രാമകൃഷ്ണനും കുടുംബവും ആർഡിഒയെ സമീപിച്ചപ്പോൾ മുൻസിപ്പാലിറ്റി റോഡിലൂടെ പൈപ്പ് വലിച്ച് അവർക്ക് ജലവിതരണം ഉറപ്പാക്കാൻ വാട്ടർ അഥോറിറ്റി ശ്രദ്ധിക്കണമെന്ന ഉത്തരവാണ് ആർഡിഒ പുറപ്പെടുവിച്ചത്. എന്നാൽ അതോടെ രാമകൃഷ്ണൻ വീണ്ടും കുരുക്കിലായി. കാരണം വ്യക്തികൾക്ക് വേണ്ടി കണക്ഷൻ ലൈൻ വലിക്കാനുള്ള അധികാരം വാട്ടർ അഥോറിറ്റിക്ക് ഇല്ലെന്ന് അധികൃതർ പറയുന്നു. പൈപ്പ് ലൈൻ ഇടാൻ രാമകൃഷ്ണൻ തയ്യാറായാൽ വാട്ടർ കണക്ഷൻ നൽകാൻ തയ്യാറാണെന്ന് അവർ അറിയിച്ചു.
മുൻസിപാലിറ്റി റോഡിലൂടെ പൈപ്പ് ലൈൻ വലിച്ച് പ്രശ്നങ്ങൾ ഒഴിവാക്കാൻ പലരും അവരെ ഉപദേശിച്ചു. എന്നാൽ ന്യായം തങ്ങളുടെ ഭാഗത്താണെന്നും പിന്മാറേണ്ട ആവശ്യമില്ലെന്നുമാണ് അവരുടെ നിലപാട്. അങ്ങനെയെങ്കിൽ നീതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ മറ്റ് ചിലർ പറഞ്ഞു. എന്നാൽ അതിനുള്ള പണം എവിടെനിന്നും കണ്ടെത്തുമെന്ന് അവർക്കറിയില്ല.
അതേസമയം തങ്ങളുടെ പറമ്പിലൂടെ നിയമവിരുദ്ധമായാണ് രാമകൃഷ്ണനും കുടുംബവും പൈപ്പ് ലൈൻ വലിച്ചതെന്നാണ് ദീപ പറയുന്നത്. തങ്ങളുടെ സമ്മതപത്രമില്ലാതെയാണ് രാമകൃഷ്ണന്റെ കുടുംബം പറമ്പിലൂടെ പൈപ്പിട്ടത്. വീട്ടുകാരില്ലാത്ത സമയത്താണ് അവർ പൈപ്പിട്ടത്. അതുകൊണ്ട് തന്നെ ആ പൈപ്പ് ലൈനിന് നിയമസാധുതയില്ല. മുൻസിപാലിറ്റി റോഡിലൂടെ പൈപ്പ് വലിക്കാമെന്നിരിക്കെ ഞങ്ങളുടെ പറമ്പിൽ നിന്നും പൈപ്പ് മാറ്റില്ലെന്ന വാശി അനീതിയാണ്. അത് മനസിലാക്കിയാണ് ആർഡിഒ തങ്ങൾക്കനുകൂലമായി ഉത്തരവിട്ടതെന്നും ദീപ അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ