- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയ്ക്കൊപ്പം വെള്ള നിറത്തിൽ നീരുറവ; പുതിയ പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാർ; കൂടുതൽ പഠനത്തിന് ഒരുങ്ങി ജിയോളജി വകുപ്പ്
ഇടുക്കി: പൂപ്പാറ മുള്ളംതണ്ടിൽ മഴയ്ക്കൊപ്പം വെള്ള നിറത്തിൽ നീരുറവ. അത്ഭുത കാഴ്ച്ച കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പൂപ്പാറ മള്ളം തണ്ടിൽ ഉണ്ണിയുടെ കൃഷിയിടത്തിലെ നീർച്ചാലിലെ വെള്ളത്തിന്റെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി. ഇതോടെ ആശങ്കയിലായ സമീപ വാസികളെ ഉടുമ്പൻ ചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 15 കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം.2019 ൽ ഇതിനു മുകൾ ഭാഗത്ത് സോയിൽ പൈപ്പിംഗിനെ തുടർന്ന് ഒരു ഗർത്തം രൂപപ്പെട്ടിരുന്നു. പുതിയ പ്രതിഭാസത്തിനു ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധന നടത്തും.