മസ്‌കറ്റ്: സ്വദേശികളെയും വിദേശികളെയും ഒരുപോലെ ദുരിതത്തിലാക്കി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് വെള്ളത്തിന് ദൗർലഭ്യം. മസ്‌കറ്റ് ഗവർണറേറ്റിൽ കൂടുതൽ ഗുണനിലവാരമുള്ള പൈപ്പുകൾ സ്ഥാപിക്കുന്നപ്രവൃത്തികൾ നടക്കുന്നതിനാലാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങുക.

വെള്ളി, ശനി ദിവസങ്ങളിലാണ് പൈപ്പുമാറ്റൽ പ്രവൃത്തി നടക്കുന്നതെങ്കിലും വ്യാഴാഴ്ച വൈകുന്നേരംമുതൽ ജല വിതരണം തടസ്സപ്പെടും. ജലവിതരണം തടസ്സപ്പെടുന്നതുമൂലം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അധികൃതർ തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പുതന്നെ അറ്റകുറ്റ പ്പണികൾ നടക്കുന്നതിനെപ്പറ്റി അധികൃതർ മുന്നറിയിപ്പ് കൊടുക്കുകയും ജലം ശേഖരിച്ചുവെക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഗൂബ്ര ജലശുദ്ധീകരണ പ്ലൂന്റിൽനിന്ന് ബോഷർ വിലായത്തിലെ ഖുറം റിസർവോയർ വരെയാണ് പൈപ്പുകൾമാറ്റുന്നത്.

ജനങ്ങളുടെപ്രയാസം കുറയ്ക്കുന്നതിനും അവശ്യസൗകര്യം ലഭ്യമാക്കുന്നതിനും 19 കേന്ദ്രങ്ങളിൽ പ്രത്യേക ജലവിതരണം നടത്താനും പബ്ലൂക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ (പി.എ.ഇ.ഡബ്ലൂയു) തീരുമാനിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിലെ ബോഷർ വിലായത്തിൽ നാല് കേന്ദ്രങ്ങളിലും മത്ര വിലായത്തിൽ ഏഴ് കേന്ദ്രങ്ങളിലും മസ്‌കറ്റ്, അമിറാത്ത് വിലായത്തുകളിൽ നാല് കേന്ദ്രങ്ങളിൽ വീതവുമാണ് അധികൃതരുടെ നേതൃത്വത്തിൽ ജലവിതരണം നടക്കുക. വിവിധ ഭാഗങ്ങളിലൂടെ ജലടാങ്കറുകളും സഞ്ചരിക്കാൻ സാധ്യതയുണ്ട്.

വെള്ളം മുടങ്ങുമെന്ന അറിയിപ്പിനെ തുടർന്ന് മുന്നൊരുക്കങ്ങളിലാണ് പ്രവാസികളും സ്വദേശികളും അടങ്ങുന്ന സമൂഹം. വെള്ളം ശേഖരിച്ചു വെക്കാനും അവധി ദിവസങ്ങളിൽ ഒമാനിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നതിനും യാത്രപോകാനുമുള്ള ഒരുക്കങ്ങളിലാണ് ജനം.
ടാങ്കുകളിൽ വെള്ളം നിറച്ചിടുന്നതിനൊപ്പം വലിയ ബക്കറ്റുകൾ വാങ്ങി സംഭരിച്ചുവെക്കുന്നുമുണ്ട്. ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ വെള്ളം മുടങ്ങുമെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലുകളും മുൻകരുതലുകളെടുത്തു കഴിഞ്ഞു. ബാച്ചിലർ താമസകേന്ദ്രങ്ങളിൽ അലക്കൽ, മുറി കഴുകൽ അടക്കം കാര്യങ്ങൾ ഈ ദിവസങ്ങളിൽ ചെയ്യരുതെന്ന് കാണിച്ച് നാട്ടിസും നൽകി.