ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണശബളവും ആകർഷകവുമായി. കമ്മൂണിറ്റിയുടെ കേരളതനിമ നിറഞ്ഞ ഓണാഘോഷം മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു.

പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി നിവാസികൾ ഓഡിറ്റോറിയത്തിൽ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകൾ സൃഷ്ടിച്ചു. വാട്ടർഫോർഡ് മലയാളി മങ്കമാർ തീർത്ത ഓണക്കാല പൂക്കളത്തിനു ചുറ്റും ഓണത്തുമ്പികളേയും പൂമ്പാറ്റകളേയും പോലെ മലയാളി പിഞ്ചുകുഞ്ഞുങ്ങൾ ആമോദത്തോടെ ഓടിക്കളിച്ചു. ശ്രവണമധുരമായ ഓണപ്പാട്ടുകൾക്കും ചെണ്ടമേളത്തിനും ഒപ്പം തന്നെ വിഭവസമൃദ്ധമായ നാടൻ കേരളീയ ഓണസദ്യ വിളമ്പി.

തുടർന്ന് മുത്തുകുട, താലപ്പൊലി, ചെണ്ടമേളം, മറ്റു വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റ് വേദിയിലേക്കാനയിച്ചു. പ്രജാവൽസലനായ മാവേലി തമ്പുരാൻ അമേരിക്കയിലെ വാട്ടർഫോർഡിലുള്ള മലയാളി പ്രജകളെ അഭിസംബോധന ചെയ്ത് ഓണ സന്ദേശം നൽകി. വാട്ടർഫോർഡ് മലയാളി ഷിബു ജോൺ മാവേലിത്തമ്പുരാനായി വേഷം ചെയ്തു.



കമ്മ്യൂണിറ്റി പ്രസിഡന്റ് ആൻഡ്രൂസ് ജേക്കബും മുൻ പ്രസിഡന്റ് എ. സി ജോർജും സംയുക്തമായി ഭദ്രദീപം തെളിയിച്ചതോടെ സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി. ആൻഡ്രൂസ് ജേക്കബ് എല്ലാവരെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടും എ. സി ജോർജ് കമ്മ്യൂണിറ്റി നിവാസികൾക്ക് ഓണക്കാല ആശംസകൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു. തുടർന്നങ്ങോട്ട് വൈവിധ്യമേറിയ കലാപരിപാടികൾ ഓരോന്നായി ആസ്വാദകരുടെ ഹർഷാരവങ്ങളോടെ അരങ്ങേറി.

റിനി ഡൈജു, മഞ്ചു ജോയി, സുജാ തോമസ്, ടീനാ ജോർജ്, ഷീബാ ആൻഡ്രൂസ്, സിന്ധു മനോജ് തുടങ്ങിയവർ തിരുവാതിര നൃത്തം അവതരിപ്പിച്ചു.  വിവിധ പ്രായത്തിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും  സിംഗിൾ ഡാൻസ്, ഗ്രൂപ് ഡാൻസ്, സിംഗിൾ ഗീതങ്ങൾ, സമൂഹ ഗാനങ്ങൾ എല്ലാം അത്യന്തം മികവോടെ അരങ്ങേറി. ഓണത്തെ അനുസ്മരിക്കുന്ന  വഞ്ചിപ്പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ, ചുവടുവയ്പൂകൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. സ്റ്റേജിൽ അവതരിപ്പിച്ച ഓണക്കാല വള്ളംകളിയിൽ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ  ചുണ്ടൻ വള്ളവും അമരക്കാരും ഗായകരും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

കുട്ടനാടൻ... പുഞ്ചയിലേ.... എന്നു തുടങ്ങുന്ന വള്ളംകളി ആലാപനത്തോടൊപ്പം ചുറ്റും വെള്ളം നിറഞ്ഞ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീര ആംഗ്യ ഭാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സു കൊഴുപ്പിച്ചു. വൈവിധ്യമേറിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർ ജോസ് മാത്യൂ, എൽമാ ആൻഡ്രൂസ്, ഷാരൻ സക്കറിയാ, അഞ്ചൽ ഡൈജു, ഐറീൻ സക്കറിയാ, മിച്ചൽ മനോജ്, എലീന ജെയ്‌സൻ, നവ്യാ മുക്കാട്ട്, ചൻചൽ ഡൈജു, കെന്നി തോമസ്, ക്രിസ് തോമസ്, ആഷ്‌ലി തോമസ്, എമിൽ മാത്യൂസ്, മീരബെൽ മനോജ്, ജോവിറ്റ് ജോബിൻസ്, ആരൻ ഷിബു, ഹെലൻ ജോഷി, സ്‌നേഹാ മനോജ്, ക്രിസ്റ്റീനാ ജോർജ്, മരിയാ സക്കറിയാ, റബേക്കാ ജോജി, ജോൺ ജോബിൻസ്, ഹാൻസൽ ജോഷി, മാത്യു ജോജി, റോഷൻ ഷിബു, ജോസ് ജോബിൻസ്, ഷിബു ജോൺ, എൽവിൻ മാത്യൂസ്, ലതാ മാത്യൂസ്, ടിനാ എബ്രഹാം, ജോസ് മാത്യു, റോൺസി ജോർജ്, നവീൻ മുക്കാട്ട്, സണ്ണി ജോസഫ്, ജോഷി ആന്റണി, പ്രിയാ ജോഷി, ബിനു സക്കറിയ, സുജാ തോമസ്, മഞ്ജു മനോജ്, മനോജ് മാത്യു, ഡൈജു മുട്ടത്ത്, സോനി സൈമൺ, ആൻഡ്രൂസ് ജേക്കബ്, ഷീബാ ആൻഡ്രൂസ്, ജെറി ആൻഡ്രൂസ്, മനോജ് നായർ തുടങ്ങിയവരാണ്.